|    Jan 20 Fri, 2017 3:01 am
FLASH NEWS

സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി

Published : 2nd August 2016 | Posted By: SMR

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി. ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് ഇന്നലെ രാവിലെ 10.30ഓടെ സെക്രട്ടേറിയറ്റിനു മുന്നിലുള്ള മരത്തിലും എതിര്‍വശത്തുള്ള കാര്‍ഷിക ഗ്രാമവികസന ബാങ്ക് കെട്ടിടത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
ഡിജിപി ക്ഷണിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് പോയെങ്കിലും നിലത്തിറങ്ങാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് അനുരഞ്ജന ചര്‍ച്ചയ്ക്കായി എഡിഎം എത്തിയെങ്കിലും പ്രശ്‌നപരിഹാരമായില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷം ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതില്‍ ഇവര്‍ക്കുവേണ്ടി ശുപാര്‍ശ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര സെക്രട്ടറി ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മരത്തിന് മുകളിലുണ്ടായിരുന്ന രണ്ട് പേര്‍ താഴെയിറങ്ങി. എന്നാല്‍, നിയമനം ലഭിക്കാതെ താഴെയിറങ്ങില്ലെന്ന നിലപാടിലായിരുന്നു കെട്ടിടത്തിനു മുകളിലുള്ള അഞ്ച് പേര്‍. നിയമനം ലഭിച്ചില്ലെങ്കില്‍ മരണം എന്നെഴുതിയ ബാനറുമായാണ് ഇവര്‍ ഭീഷണി മുഴക്കിയത്. കഴിഞ്ഞ മാസം 27 മുതല്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു ഇവര്‍. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഒരാളെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
രണ്ടു ലക്ഷം ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക്‌ലിസ്റ്റില്‍നിന്നാണ് 999 പേരടങ്ങിയ അന്തിമപട്ടിക തയ്യാറാക്കിയിരുന്നത്. ഇതില്‍ 550 പേര്‍ക്കാണ് ഇനിയും നിയമനം ലഭിക്കാനുള്ളത്. ഒന്നര വര്‍ഷംമുമ്പും മൂന്നു പേരടങ്ങിയ സംഘം ഇതുപോലെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുമെന്ന എഡിഎമ്മിന്റെ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വൈകീട്ട് ഏഴോടെ കെട്ടിടത്തിന് മുകളിലുള്ളവര്‍ താഴെ ഇറങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക