|    Feb 27 Mon, 2017 3:39 am
FLASH NEWS

സെക്രട്ടറിയെ മര്‍ദിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍

Published : 25th October 2016 | Posted By: SMR

കല്‍പ്പറ്റ: കേണിച്ചിറ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വി എസ് പങ്കജാക്ഷനെ മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കാതെ വാദിയെ പ്രതിയാക്കി മീനങ്ങാടി പോലിസ് നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ പോലിസ് നിരുത്തരവാദിത്തപരവും നിന്ദ്യവുമായ സമീപനമാണ് സ്വീകരിക്കുന്നത്. അക്രമികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് പങ്കജാക്ഷനെ പ്രതിയാക്കി ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. എന്നാല്‍, അക്രമികള്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളോ സാമ്പത്തിക നേട്ടമോ ആണ് പോലിസിന്റെ ഈ പ്രവര്‍ത്തിക്ക് കാരണമെന്നു സംശയമുണ്ട്. പോലിസ് സത്യസന്ധമായി കേസന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്കും മറ്റ് ഉന്നത പോലിസ് ഉദ്യോസ്ഥര്‍ക്കും പരാതി നല്‍കും. 28നുള്ളില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ 29ന് റോഡുപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം 16ന് രാത്രി ഒമ്പതോടെയാണ് ചൂതുപാറ മാനികാവ് ക്ഷേത്രത്തിനു സമീപത്തുവച്ച് പങ്കജാക്ഷനെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തടഞ്ഞതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അക്രമികളില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട പങ്കജാക്ഷന്‍ മറ്റു ചിലരുടെ സഹായത്തോടെ കേണിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി. കണ്ണിനു സാരമായ പരിക്കേറ്റതിനാല്‍ ഡോക്ടര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അദ്ദേഹം ഇപ്പോഴും ചികില്‍സയിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി- മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസ് ലോബിക്കെതിരേ അസോസിയേഷന്‍ പ്രതികരിച്ചതിനാലാണ് സെക്രട്ടറിക്ക് മര്‍ദനമേറ്റത്. സ്വകാര്യ ബസ്സുകള്‍ നിയമവിരുദ്ധമായി തോന്നുംപോലെയാണ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നത്. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനും ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചപ്പോഴാണ് അസോസിയേഷന്‍ സ്വകാര്യ ബസ് ലോബിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്ഥിരമായി ഓടിക്കണമെന്നും അതിനു തടസ്സം നില്‍ക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതില്‍ വൈരാഗ്യം പൂണ്ട് അവര്‍ തങ്ങളെ കൈയേറ്റം ചെയ്യുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലിസ് സംരക്ഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day