|    Jan 24 Tue, 2017 12:30 am

സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി

Published : 6th October 2016 | Posted By: Abbasali tf

കാക്കനാട്: ഗ്രൂപ്പ് ഫോര്‍ സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരന്‍ ജില്ലാ ലേബര്‍ ഓഫിസിനു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി. മിനിമം വേജസ് വേണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തത് സംബന്ധിച്ച് പരാതി നല്‍കിയിട്ട് യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഭീഷണി മുഴക്കിയത്. കൊല്ലം കടക്കല്‍ നെടുവേലില്‍ എന്‍ ശശികുമാര്‍ (53) ആണ് ഇന്നലെ ഉച്ചയോടെ സിവില്‍ സ്‌റ്റേഷനിലെ നാലാം നിലയിലുള്ള ജില്ലാ ലേബര്‍ ഓഫിസിനു മുമ്പില്‍ ശരീരമാകെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മിനിമം വേജസ് ലഭിക്കുന്നില്ലെന്ന പരാതി മൂന്നു മാസം മുമ്പാണ് ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് നല്‍കിയത്. പലവട്ടം യൂനിയന്‍ നേതാക്കളുമൊന്നിച്ചും ഓഫിസില്‍ കയറി ഇറങ്ങിയിട്ട് യാതൊരു പരിഹാരവും ഉണ്ടാവാത്ത സഹചര്യത്തില്‍ ജീവിതം തന്നെ വഴിമുട്ടിയപ്പോഴാണ് ഇങ്ങനെ ആത്മഹത്യ ചെയ്യാന്‍ കരുതിയതെന്ന് പിന്നീട് ശശികുമാര്‍ പറഞ്ഞു. ബാഗില്‍ പല കുപ്പികളിലായി മണ്ണെണ്ണയും ഒന്നിലധികം സിഗരറ്റ് ലൈറ്റുകളും ശശികുമാര്‍ കരുതിയിരുന്നു. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് ഒരു കൈയില്‍ മണ്ണെണ്ണ നിറച്ച കുപ്പിയും, മറു കൈയില്‍ സിഗരറ്റ് ലൈറ്ററുമായി നിന്ന ശശികുമാര്‍ ആരും അടുത്തേക്ക് വരരുതെന്നും താഴേക്ക് ചാടുമെന്നും ഉച്ചത്തില്‍ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു. അബദ്ധങ്ങള്‍ ഒന്നും കാണിക്കരുതെന്നും ചര്‍ച്ചയിലൂടെ എല്ലാം പരിഹരിക്കാമെന്നും തൃക്കാക്കര എസ്‌ഐ സുജിത്ത് ആവര്‍ത്തിച്ച് ശശികുമാറിനോട് പറഞ്ഞുകൊണ്ടിരുന്നു. താഴെ നിലയുറപ്പിച്ചിരുന്ന ഫയര്‍ഫോഴ്‌സ് ജംബിങ് കുഷ്യന്‍, ഡ്രൈ കെമിക്കല്‍ പൗഡര്‍ നിറച്ച എക്സ്റ്റിങ്ഷര്‍, എന്നിവയും കരുതിയിരുന്നു. മൂന്നു മണിക്കൂറുകള്‍ക്കുശേഷം ശശികുമാര്‍ നില്‍ക്കുന്ന വരാന്തയോട് ചേര്‍ന്ന മുറിയില്‍ എഡിഎം വന്ന് ജനല്‍ വഴി ശശികുമാറുമായി സംസാരിച്ച് അനുനയിപ്പിച്ച് പിന്‍തിരിപ്പിക്കുകയായിരുന്നു. കലക്ടറുമായി ചര്‍ച്ച നടത്തി പരിഹരിക്കാമെന്ന് എഡിഎം നല്‍കിയ ഉറപ്പിലാണ് ശശികുമാര്‍ സമ്മതിച്ചത്. അതിനു ശേഷം പോലിസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ശശികുമാറിന്റെ പേരില്‍ ആത്മഹത്യ ശ്രമത്തിന് കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. എഐറ്റിയുസി നേതാക്കളായ വിജയം പിള്ള, സന്തോഷ് ബാബു, എം ജെ ഡിക്‌സന്‍, എ പി ഷാജി എന്നിവരും എത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക