|    Nov 17 Sat, 2018 6:02 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സെക്കുലറിസത്തിന്റെ വംശാവലി

Published : 16th July 2018 | Posted By: kasim kzm

കെ   അഷ്‌റഫ്
രാഷ്ട്രീയ സെക്കുലറിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രണ്ടു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. പക്ഷേ, 13ാം നൂറ്റാണ്ടില്‍ സെന്റ് അഗസ്റ്റിന്റെ പഠനത്തിലാണ് ആദ്യമായി സെക്കുലര്‍ എന്ന സംവര്‍ഗം കടന്നുവരുന്നത്. തികച്ചും ഒരു ദൈവശാസ്ത്ര പശ്ചാത്തലത്തിലായിരുന്നു ആ സംവര്‍ഗം മെഡിറ്ററേനിയന്‍ സമൂഹങ്ങളില്‍ ഉപയോഗിക്കപ്പെട്ടത്. 17ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ മതയുദ്ധങ്ങളുടെ കാലഘട്ടത്തിലും തുടര്‍ന്ന് കൊളോണിയല്‍ കാലഘട്ടത്തിലും സെക്കുലറിസം എന്ന സംവര്‍ഗം ഒരു സാര്‍വലൗകിക ഭാഷയായി വികസിച്ചു.
എന്നാല്‍, പ്രസ്തുത വാക്കിനു മതേതരം എന്നോ മതരഹിതം എന്നോ മതസഹിത മതേതരത്വമെന്നോ എന്ന രീതിയില്‍ ഉറച്ച അര്‍ഥങ്ങള്‍ ലഭിക്കുന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടോടു കൂടിയാണ്. ഇത് ഉണ്ടാക്കിയ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ മതം, രാഷ്ട്രീയം, സാമ്പത്തികം, ലൈംഗികത, ലിംഗഭേദം, ജാതി, വംശം, ദേശരാഷ്ട്രങ്ങള്‍, സംസ്‌കാരം തുടങ്ങി നിരവധി പ്രശ്നങ്ങളുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ മതത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും പ്രധാനപ്പെട്ട പഠനങ്ങള്‍ എഴുതിയ മാക്സ് വെബര്‍, സമൂഹം പതുക്കെ മതത്തില്‍ നിന്ന് മതേതരത്വത്തിലേക്ക് മാറുന്നതായി നിരീക്ഷിച്ചിരുന്നു. ഇതോടെ ഏറ്റവും പ്രബലമായ സാമൂഹിക സിദ്ധാന്തമായി വെബറുടെ ഈ സമീപനം മാറി. പൊതുവേ മതസമൂഹങ്ങളെന്നും അയുക്തി നിറഞ്ഞ അന്ധവിശ്വാസത്തിന്റെ ലോകമെന്നും വ്യവഹരിക്കപ്പെട്ടിരുന്ന അധിനിവിഷ്ട സമൂഹങ്ങളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ചെറുത്തുനില്‍പു പ്രസ്ഥാനങ്ങള്‍ 1970കളോടുകൂടി രാഷ്ട്രീയ വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെ, സാമൂഹിക-രാഷ്ട്രീയ വിപ്ലവങ്ങള്‍ ഉണ്ടാക്കാനുള്ള മതത്തിന്റെ ശേഷി വ്യാപകമായി തിരിച്ചറിയപ്പെട്ടു. ഈ ചരിത്രഘട്ടം ‘മതത്തിന്റെ മടങ്ങിവരവുകാലം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. മാത്രമല്ല, മതവും മതേതരത്വവും തമ്മില്‍ മാറിയ ഒരു ബന്ധത്തെക്കുറിച്ച് ആലോചിക്കാന്‍ ഇത് പ്രേരണ നല്‍കി.
നിക്കരാഗ്വയിലും ഇറാനിലും പോളണ്ടിലും ദക്ഷിണാഫ്രിക്കയിലും നടന്ന ദേശീയ വിപ്ലവപ്രസ്ഥാനങ്ങള്‍ ക്രൈസ്തവതയിലും ഇസ്ലാമിലും ഊന്നിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കൂടിയായിരുന്നു. ഇതാകട്ടെ മാര്‍ക്സിസം, ഫെമിനിസം തുടങ്ങിയ മേഖലകളില്‍ പുതിയ സൈദ്ധാന്തിക സമരങ്ങള്‍ തന്നെ സാധ്യമാക്കി. പിന്നീട് 9/11നു ശേഷമാണ് ഇസ്ലാമിന്റെ സാഹചര്യത്തിലേക്ക് സെക്കുലറിസത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വഴിമാറുന്നത്.
ഇന്ത്യന്‍ സാഹചര്യത്തിലാകട്ടെ, രാഷ്ട്രീയ സെക്കുലറിസം കൊളോണിയല്‍ ജ്ഞാനരാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രചരിക്കുന്നത്. പിന്നീട് മുസ്‌ലിംലീഗിന് 1920കളില്‍ സാമുദായിക-കമ്മ്യൂണല്‍ അവകാശങ്ങള്‍ നല്‍കുന്നതിനെതിരേ കോണ്‍ഗ്രസ് എടുത്ത നിലപാട് സവര്‍ണ ജാതി ഉള്ളടക്കം ഉള്ളപ്പോള്‍ തന്നെ സെക്കുലര്‍ ആയി വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. ഈ സംവാദത്തെ ജാതിയുമായി ബന്ധിപ്പിച്ച ഡോ. ബി ആര്‍ അംബേദ്കര്‍ വ്യത്യസ്തമായ പാഠം എന്ന നിലയ്ക്ക് സെക്കുലര്‍ അധികാരത്തെ കാണുകയുണ്ടായി.
എങ്കിലും അതിശക്തമായ ഒരു വ്യാവഹാരിക സ്വഭാവം സെക്കുലറിസത്തിനു കൈവരുന്നത് എഴുപതുകളില്‍, അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍, ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ദിരാഗാന്ധി പ്രസ്തുത സംവര്‍ഗം ഉള്‍പ്പെടുത്തുന്നതോടു കൂടിയാണ്. രാഷ്ട്രീയ സെക്കുലറിസത്തെ കുറിച്ച പുതിയ സംവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇതോടെ തുടക്കമായി. ഹിന്ദു ദേശീയവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങള്‍, മുസ്ലിം-ക്രൈസ്തവ സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങി കീഴാള പഠനസംഘം വരെയുള്ള വിവിധ ധാരകളും രീതിശാസ്ത്രങ്ങളും രാഷ്ട്രീയ സെക്കുലറിസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പ്രായോഗിക ഇടപെടലുകള്‍ നടത്താനും ശ്രമിച്ചിരുന്നു.
കേരളീയ സാഹചര്യത്തില്‍ 1980 മുതലാണ് ന്യൂനപക്ഷ വര്‍ഗീയത പോലുള്ള വാക്കുകളും അതിന്റെ പ്രധാന സൂചകമായ സെക്കുലറിസവും പൊതുഭാവനയുടെ ഭാഗമായി മാറിയത്. ഷാബാനു കേസ്, മുസ്ലിം ലീഗിന്റെ മുന്നണി പ്രവേശനങ്ങളിലെ ചാഞ്ചാട്ടങ്ങള്‍, പുതിയ ദലിത്-കീഴാള-ജാതി-മത പ്രസ്ഥാനങ്ങളുടെ കടന്നുവരവ്, സിപിഎം അനുഭവിച്ച രാഷ്ട്രീയ പ്രതിസന്ധികള്‍, മണ്ഡല്‍-മസ്ജിദ് സമരങ്ങള്‍ ഇവയൊക്കെ കേരളീയ സാഹചര്യത്തില്‍ രാഷ്ട്രീയ സെക്കുലറിസത്തെ പുതുക്കിപ്പണിതു. ഈ സംവാദങ്ങളുടെ പ്രധാനപ്പെട്ട ഒരു ഉള്ളടക്കം മുസ്ലിംകള്‍ക്ക് രാഷ്ട്രീയ സംഘാടനത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ടതായിരുന്നു.
സെക്കുലറിസത്തെ മുന്‍കൂര്‍ നല്‍കപ്പെട്ട സങ്കല്‍പമെന്ന നിലയില്‍ നിന്ന് വ്യത്യസ്തമായി കാണാനും ചരിത്രപരവും വിമര്‍ശനപരവുമായ രാഷ്ട്രീയ സംവര്‍ഗം എന്ന നിലയില്‍ വായിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന സംവാദങ്ങള്‍ സാമാന്യബോധത്തിനകത്ത് വിമര്‍ശനാത്മകമായി അന്വേഷിക്കപ്പെടാതിരിക്കാന്‍ തക്കരീതിയില്‍ സെക്കുലറിസത്തെ പ്രതിഷ്ഠിക്കുകയാണ് ഒരു പരിധി വരെ ചെയ്തത്. മതം, രാഷ്ട്രീയം, ജാതി, സമുദായം, വര്‍ഗം, ദേശരാഷ്ട്രം, ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങളെ നിര്‍ണയിക്കുന്ന മേല്‍ക്കോയ്മാ അധികാരമായി സെക്കുലറിസം കേരളീയ സാഹചര്യത്തില്‍ മാറിയിരിക്കുന്നു എന്നാണ് വിലയിരുത്താന്‍ കഴിയുന്നത്.
സെക്കുലറിസം നിര്‍മിക്കുന്ന ബഹിഷ്‌കരണങ്ങളും അപരിചിതത്വങ്ങളും പഠിക്കാനും അന്വേഷിക്കാനും പുതിയ സാമൂഹിക പ്രസ്ഥാനങ്ങളില്‍ ചിലതെങ്കിലും തയ്യാറാവുന്ന രാഷ്ട്രീയ സാഹചര്യമാണിത്. ലോകവ്യാപകമായി നടക്കുന്ന പോസ്റ്റ്-സെക്കുലര്‍ പഠനങ്ങള്‍ സാമൂഹിക പഠനങ്ങളില്‍ നടത്തിയ പൊളിച്ചെഴുത്തുകള്‍ കേരളീയ സാഹചര്യത്തില്‍ പരിമിതമായെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഉത്തരഘടനാവാദം, അധിനിവേശാനന്തര പഠനം തുടങ്ങിയ സൈദ്ധാന്തിക പ്രവണതകളുടെ ചുവടുപിടിച്ചും ഒരുവേള അതിനെ മുറിച്ചുകടന്നും ഈ ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇന്ത്യയിലാകട്ടെ, ലിബറല്‍ അക്കാദമിക പക്ഷത്തു നിന്നും കീഴാള പഠനസംഘത്തിന്റെ പക്ഷത്തു നിന്നും കഴിഞ്ഞ ദശകത്തില്‍ ഈ വിഷയത്തിലൂന്നി നിരവധി വൈജ്ഞാനിക സംവാദങ്ങള്‍ വികസിച്ചിട്ടുണ്ട്. ഇതും ചെറിയ രീതിയില്‍ കേരളത്തില്‍ പരിചിതമാണ്.
എങ്കിലും കേരളത്തിലെ പൊതു സാമൂഹിക പ്രസ്ഥാനങ്ങളും പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളും സെക്കുലറിസത്തിന്റെ വിമര്‍ശനത്തെ വിപുലമായി അന്വേഷിക്കുന്നത് വളരെ കുറവാണ്. മാത്രമല്ല, അത്തരം അന്വേഷണങ്ങളെ സംശയിക്കുകയും ചെയ്യുന്നു. ഇത് ഒരേ സമയം സെക്കുലറിസത്തിന്റെ വിമര്‍ശനത്തിനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്നു. അതിന്റെ കേരളീയ പശ്ചാത്തലം അന്വേഷിക്കാനും പ്രായോഗിക പ്രവര്‍ത്തനം വികസിപ്പിക്കാനും ആവശ്യമായ പരിപാടികളെയും പ്രായോഗിക വൈജ്ഞാനിക ഇടപെടലുകളെയും അനിവാര്യമാക്കുന്നുണ്ട്. ഇതാകട്ടെ ആഗോള സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിലും അതോടൊപ്പം അതിന്റെ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ടും സാധ്യമാകേണ്ടതാണെന്ന് കരുതുന്നു.
സെക്കുലറിസം എന്നത് വിമര്‍ശനത്തിന് അര്‍ഹമെങ്കില്‍ അത് ഏറ്റെടുക്കാന്‍ കേരളത്തിലെ പുതിയ സാമൂഹിക പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. ഒരു ബഹുവിധ വിമര്‍ശന പരിപാടിയാണ് സാധ്യമാകേണ്ടത്. അത്തരം ശ്രമങ്ങള്‍ സെക്കുലറിസത്തെ ഒരു മുന്‍കൂര്‍ നല്‍കപ്പെട്ട, ഉറപ്പിച്ചുവച്ച സങ്കല്‍പമെന്ന കാഴ്ചപ്പാടില്‍ നിന്നു വിമോചിപ്പിക്കുകയും അതിനെപ്പറ്റി കൂടുതല്‍ വിമര്‍ശനാത്മകമായി സംസാരിക്കാനുള്ള ഇടം നല്‍കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.         ി

(ഉത്തരകാലം.കോമും കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്ററും ചേര്‍ന്നു സംഘടിപ്പിച്ച ‘മതേതരത്വം: സംവാദങ്ങളും വൈവിധ്യങ്ങളും’ ചര്‍ച്ചയില്‍ അവതരിപ്പിച്ച കുറിപ്പ്.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss