|    Dec 13 Wed, 2017 1:36 am
FLASH NEWS

സൂര്യാഘാതം പതിവാകുന്നു: ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍

Published : 7th May 2016 | Posted By: SMR

കാഞ്ഞങ്ങാട്: സൂര്യാഘാതമേറ്റ് ജില്ലയില്‍ ആറു പശുക്കള്‍ ചത്തു. ഇതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത ആശങ്കയിലായി. മൃഗസംരക്ഷണവകുപ്പിന്റെ കണക്കില്‍ ബളാല്‍ പഞ്ചായത്തില്‍ രണ്ടു പശുക്കള്‍ സൂര്യാഘാതമേറ്റ് ചത്തുവെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ ഇതിനകം ആറു പശുക്കള്‍ സൂര്യാഘാതമേറ്റു ചത്തു.
ആസ്ബറ്റോസ് ഷീറ്റും ഓടു മേഞ്ഞ തൊഴുത്തുകളിലാണ് പശുക്കളെ വളര്‍ത്തുന്നത്. ശക്തമായ ചൂടില്‍ തൊഴുത്തില്‍ തന്നെ പശുക്കള്‍ തളര്‍ന്നു വീഴുന്നതും പതിവായിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായതോടെ പശുക്കളെ ദിവസവും കുളിപ്പിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.
പച്ചപ്പുല്ലിനും ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലസേചനസൗകര്യം ഇല്ലാത്തതിനാല്‍ തീറ്റപ്പുല്‍ കൃഷ്ിയും ഉണങ്ങിനശിച്ചുകൊണ്ടിരിക്കുകയാണ്.
വേനല്‍ചൂടില്‍ പാലിന്റെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞുവരികയാണ്. മുന്‍വര്‍ഷങ്ങളില്‍ മില്‍മ മലബാര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചു നല്‍കാറുണ്ട്. എന്നാല്‍ ഇക്കുറി അതുമുണ്ടായിട്ടില്ല. നാണ്യവിളകളുടെ വിലത്തകര്‍ച്ച മൂലം നട്ടംതിരിയുന്ന കര്‍ഷകന് അല്‍പം ആശ്വാസം നല്‍കിയത് പശുവളര്‍ത്തലായിരുന്നു. ഉല്‍പാദനചെലവിലുണ്ടായ വര്‍ധനവും ജലദൗദര്‍ലഭ്യവും ക്ഷീരകര്‍ഷകര്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ നേട്ടമാണ് ജില്ല കൈവരിച്ചിരുന്നത്. കടുത്ത ചൂടില്‍ കര്‍ഷകര്‍ പശുക്കളെ വിറ്റൊഴിവാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
കന്നുകാലികള്‍ ചത്തൊടുങ്ങുന്നതു ഗൗരവമായി കാണണമെന്ന് മൃഗ സംരക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. വേനല്‍ ചൂടില്‍് പുറം ഭാഗങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലത്ത് കെട്ടിയിടരുതെന്ന കര്‍ശന നിര്‍ദേശം മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കന്നുകാലികള്‍ക്ക് മൂന്നോ നാലോ നേരങ്ങളില്‍ വെള്ളം നല്‍കുവാനും നിര്‍ദേശമുണ്ട്. കന്നുകാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കണം. കഴിവതും തൊഴുത്തില്‍ തന്നെ കാലികളെ കെട്ടുക. വെയിലേറ്റു തളര്‍ന്നു വീണുകഴിഞ്ഞാല്‍ കാലികളുടെ ജീവന്‍ രക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്.
കുടിക്കാന്‍ ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കാനും ശ്രദ്ധവേണം. കാലിത്തീറ്റകള്‍ കുറച്ചുകൊണ്ട് തീറ്റപ്പുല്ല് കൂടുതലായി നല്‍കണം.
കര്‍ഷകര്‍ക്കു അടിയന്തര സഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൂടു കൂടിയതോടെ ലഭിക്കുന്ന പാലിന്റെ അളവിലും കാര്യമായ കുറവ് അനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു. മിക്ക ക്ഷീര കര്‍ഷകരും സങ്കരയിനം പശുക്കളെയാണ് കൂടുതല്‍ പാല്‍ ലഭിക്കാനായി വളര്‍ത്തുന്നത്.
നാടന്‍ പശുക്കളെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശേഷി ഇവയ്ക്ക്‌നന്നേ കുറവാണ്. അതിനാലാണ് ഇവ പെട്ടന്ന് കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയാതെ ചാകുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക