|    May 23 Tue, 2017 8:55 am
FLASH NEWS

സൂര്യന്‍ കഅബക്ക് നേര്‍മുകളില്‍; പ്രാപഞ്ചിക പ്രതിഭാസം ഇനി അടുത്ത വര്‍ഷം

Published : 16th July 2016 | Posted By: SMR

000-7732397101468586464550

നിഷാദ് അമീന്‍

ജിദ്ദ: ഇന്നലെ വെള്ളിയാഴ്ച ജുമുഅ സമയത്ത് സൂര്യന്‍ പരിശുദ്ധ കഅബാലയത്തിന്റെ നേര്‍മുകളില്‍ ദൃശ്യമായി. മക്കയില്‍ ഉച്ചയ്ക്ക് 12.27ന് ളുഹര്‍ ബാങ്ക് സമയത്താണ് സൂര്യന്‍ കഅബയുടെ നേര്‍രേഖയില്‍ 90 ഡിഗ്രി ഉച്ചിയില്‍ കാണപ്പെട്ടത്. ഈ സമയത്ത് കഅബക്ക് നിഴല്‍ ഉണ്ടാവില്ലെന്നതും ലോകത്തിന്റെ ഏത് കോണില്‍ നിന്നും കഅ്ബാലയത്തിന്റെ സ്ഥാനം മനസ്സിലാക്കി ഖിബ്‌ല നിര്‍ണയിക്കാന്‍ കഴിയുമെന്നതുമാണ് ഈ പ്രാപഞ്ചിക പ്രതിഭാസത്തിന്റെ പ്രത്യേകത.
ഉഷ്ണ, ശീത സീസണുകള്‍ക്കിടയിലായി വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഗോളശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മെയ് 27ന് വെള്ളിയാഴ്ച സൂര്യന്‍ കഅ്ബയുടെ നേര്‍മുകളിലെത്തിയിരുന്നു. ജൂലൈ 15നും ഇത് ആവര്‍ത്തിക്കുമെന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ഇതിനായി കാത്തിരിക്കുകയുണ്ടായി. ഇനി അടുത്ത വര്‍ഷമാണ് കഅബക്ക് നിഴല്‍ ഇല്ലാത്തവിധം സൂര്യന്‍ 90 ഡിഗ്രി ഉച്ചിയിലെത്തുകയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റിയും ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് വിഭാഗവും വ്യക്തമാക്കി.
സൂര്യന്‍ ദക്ഷിണായന രേഖയുടെയും ഉത്തരായന രേഖയുടെയും ഇടയിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് മക്കയുടെ നേര്‍മുകളിലെത്തുന്നത്. ഈ രേഖകള്‍ ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി തെക്കുഭാഗത്തും വടക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. അന്നേരമാണ് സൂര്യന്‍ കഅ്ബക്കു നേര്‍ മുകളിലെത്തുക. ഹിജ്‌റ ആറാം നൂറ്റാണ്ടു മുതല്‍ ഈ രീതിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖിബ്‌ല നിര്‍ണയിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്.
നേരെയുള്ള ഒരു മരക്കമ്പോ വടിയോ ഭൂമിയില്‍ കുത്തനെ ഉറപ്പിച്ചുനിര്‍ത്തിയ ശേഷം ആ വസ്തുവിന്റെ നിഴല്‍ പതിക്കുന്നതിന്റെ നേരെ വിപരീത ദിശയിലായിരിക്കും ഖിബ്‌ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day