|    Nov 20 Tue, 2018 9:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സൂര്യന്റെ ഉള്ളറകള്‍ തേടി പാര്‍ക്കര്‍ സോളാര്‍ പ്രോബ് കുതിച്ചു

Published : 13th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: സൂര്യന്റെ സ്വഭാവസവിശേഷതകളിലെ ദുരൂഹതകളുടെ ചുരുളഴിക്കുന്നതിനുള്ള നാസയുടെ ദൗത്യത്തിന് തുടക്കമായി. ഫ്‌ളോറിഡയിലെ കേപ് കാനവറലില്‍ നിന്ന് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം ഇന്നലെ പ്രാദേശികസമയം പുലര്‍ച്ചെ 3.31ന് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചു. സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ആദ്യ ഉപഗ്രഹമായിരിക്കും പാര്‍ക്കര്‍ സോളാര്‍ പ്രോബ്.
ഏറ്റവും വേഗം കൂടിയ മനുഷ്യനിര്‍മിത വസ്തു എന്ന റെക്കോഡ് കൂടി സോളാര്‍ പ്രോബ് സ്വന്തമാക്കി. ജീവിച്ചിരിക്കുന്ന ഒരാളുടെ പേരില്‍ അറിയപ്പെടുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യം കൂടിയാണിത്. നക്ഷത്ര ശാസ്ത്രജ്ഞനായ യൂജീന്‍ പാര്‍ക്കറിന്റെ പേരാണ് ദൗത്യത്തിനു നല്‍കിയിരിക്കുന്നത്. 1958ല്‍ ആദ്യമായി സൗരവാതത്തെ വിശദീകരിച്ചത് അദ്ദേഹമാണ്.
ഡെല്‍റ്റ-4-ഹെവി റോക്കറ്റിലാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് കുതിച്ചത്. കഴിഞ്ഞദിവസം ചില സാങ്കേതികത്തകരാറുകളെ തുടര്‍ന്ന് വിക്ഷേപണം ഇന്നലത്തേക്കു മാറ്റുകയായിരുന്നു.
സൂര്യന്റെ പുറംപാളിയായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ദൗത്യം ലക്ഷ്യമിടുന്നത്. ഡെല്‍റ്റ-4-ഹെവി റോക്കറ്റ് ആറാഴ്ച കൊണ്ട് വീനസിനെ പിന്നിടും. അടുത്ത ആറാഴ്ചയ്ക്കകം സൂര്യന്റെ ഏറ്റവും അടുത്തുള്ള ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും.
തുടര്‍ന്നുള്ള ഏഴു വര്‍ഷം 24 തവണ സൂര്യനെ വലംവച്ച് കൊറോണയുടെ ഭൗതികഘടന പഠിക്കും. ഭൂമിയെ ബാധിക്കുന്ന പല സുപ്രധാന പ്രവര്‍ത്തനങ്ങളുടെയും തുടക്കം കൊറോണയിലാണെന്നാണു കരുതുന്നത്.
തിളച്ചുമറിയുന്ന സൂര്യന്റെ കേന്ദ്രത്തില്‍ നിന്ന് ഏതാണ്ട് 61.6 ലക്ഷം കിലോമീറ്റര്‍ അടുത്തുനിന്നായിരിക്കും പാര്‍ക്കര്‍ സോളാര്‍ പ്രോബ് അതിന്റെ പഠനം പൂര്‍ത്തിയാക്കുക. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഒരു മീറ്ററാണെന്നു സങ്കല്‍പ്പിച്ചാല്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബും സൂര്യനും തമ്മിലുള്ള അകലം കേവലം നാലു സെന്റിമീറ്റര്‍ മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss