|    Apr 23 Mon, 2018 7:20 pm
FLASH NEWS

സൂര്യതാപം നേരിടാന്‍ അടിയന്തര ജാഗ്രതാ നിര്‍ദേശം

Published : 5th March 2016 | Posted By: SMR

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സുര്യതാപം നേരിടാന്‍ ജില്ലയില്‍ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കി. 104 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോവുക, ശ്വസന പ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, മസില്‍പിടിത്തം എന്നിവയുണ്ടാവുക, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവ സൂര്യതാപ ലക്ഷണങ്ങളാവാം.
ചൂടിന്റെ ആധിക്യത്താല്‍ ക്ഷീണം, തളര്‍ച്ച, മസില്‍പിടുത്തം, ഓക്കാനം, ഛര്‍ദ്ദി, കുറഞ്ഞതോ കൂടിയതോ ആയ നാഡിമിടിപ്പ്, അസാധാരണമായ വിയര്‍പ്പ്, മന്ദത, ബോധക്ഷയം, മൂത്രം കടുത്ത മഞ്ഞനിറമാവുക, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകും. താപാഘാതത്താല്‍ കൂടിയ നാഡിമിടിപ്പ്, ശ്വസിക്കാന്‍ പ്രയാസം, വിയര്‍പ്പിന്റെ അഭാവം, ചര്‍മം ചുവന്നുതടിക്കുക, പൊള്ളലേല്‍ക്കുക, മാനസിക പിരിമുറുക്കം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടാവുന്നതാണ്.
കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് സൂര്യതാപമേല്‍ക്കാനുള്ള സാധ്യത കൂടും. കുട്ടികള്‍, പ്രായമായവര്‍, വിവിധ അസുഖങ്ങളുള്ളവര്‍, ജന്‍മനാ വിയര്‍പ്പ് ഗ്രന്ഥികളുടെ അഭാവമുള്ളവര്‍, കര്‍ഷകത്തൊഴിലാളികള്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, മറ്റ് പുറംവാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, സൈക്ലിങ് തുടങ്ങിയ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണം.
കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുക, ദാഹം തോന്നാതെ തന്നെ ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക, നനഞ്ഞ തുണി പിഴിഞ്ഞ് ശരീരം തുടക്കുക, ശരീരം പൂര്‍ണമായി കാര്യക്ഷമമല്ലെങ്കില്‍ ശാരീരികാധ്വാനമുളള പ്രവൃത്തികള്‍ ഒഴിവാക്കുക, പുറംവാതില്‍ ജോലികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും ചെയ്യുക, പ്രവൃത്തികള്‍ കഴിവതും ചൂട് കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക, ശാരീരികാധ്വാനമുളള പ്രവൃത്തികള്‍ ഉച്ചസമയത്ത് ചെയ്യാതിരിക്കുക, കഫീന്‍, മദ്യം മുതലായവ ഒഴിവാക്കുക, കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങളും കഴിവതും കോട്ടണ്‍ വസ്ത്രങ്ങളും ധരിക്കുക, കുട, കൂളിങ് ഗ്ലാസ് തുടങ്ങിയവ ഉപയോഗിക്കുക, വീട്ടില്‍ വായു സഞ്ചാരം കൂടുാന്‍ ജനാലകള്‍ തുറന്നിടുക, ഫാന്‍ ഉപയോഗിക്കുക, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക എന്നിവ പ്രതിരോധ മാര്‍ഗങ്ങളാണ്.
സൂര്യതാപം അനുഭവപ്പെട്ടാല്‍ രോഗിയെ തറയിലോ കട്ടിലിലോ കിടത്തി ചൂടുകുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, നനഞ്ഞ തുണി ദേഹത്തിടുക, വെള്ളവും ദ്രവരൂപത്തിലുള്ള ആഹാരങ്ങളും നല്‍കുക എന്നിവ ഉടനടി ചെയ്യണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss