|    Jan 18 Wed, 2017 7:35 pm
FLASH NEWS

സൂപ്രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വക ഫോണ്‍ ഭീഷണി

Published : 17th July 2016 | Posted By: SMR

മാള: കെ കരുണാകരന്‍ സ്മാരക മാള ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവര്‍ത്തന സമയത്ത് ഡോക്ടര്‍മാരില്ലെന്ന പരാതിയില്‍ ആശുപത്രി സൂപ്രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വക ഫോണ്‍ ഭീഷണി. ഇതേതുടര്‍ന്ന് സൂപ്രണ്ട് മാള പോലിസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലെന്ന പരാതി ഫോണിലൂടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളിക്ക് ലഭിച്ചിരുന്നു.
ഇതേതുടര്‍ന്ന് തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ആശ സേവ്യര്‍ മാള സിഐ വി റോയിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രിയുടെ ഓഫിസ് കാര്യത്തിനായി കോടതിയില്‍ ഹാജരാകേണ്ടതുണ്ടായിരുന്നു എന്നതാണ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതിരുന്നതിന് കാരണമെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. എന്നാലിതിന് പോകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമായിരുന്നെന്നും അതല്ലെങ്കില്‍ പകരം ഡോക്ടറെ ഏര്‍പ്പാടാക്കണമായിരുന്നു എന്നും പറഞ്ഞ് പ്രസിഡന്റ് ബഹളം വച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കോടതി ആവശ്യത്തിനായി ഇനിയും പോകേണ്ടതുണ്ടെന്നും അതിനായി പോകാതിരിക്കാനാവില്ലെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ താന്‍ സൂപ്രണ്ടിനെ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അഞ്ച് ഡോക്ടര്‍മാര്‍ സേവനം ലഭിക്കേണ്ട ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതി ലഭിച്ചതിനാല്‍ വിവരം സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിനിടെ ഒപിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തിയ രോഗികള്‍ ഏറെ വലഞ്ഞു.
ആകെയുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിന് പോയതോടെ രോഗികളെ ചികില്‍സിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമായി. അഞ്ഞൂറോളം റോഗികളാണ് മണിക്കൂറുകളോളം കാത്ത് നിന്ന് ദുരിതത്തിലായത്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് വലിയ തോതിലുള്ള ദുരിതമാണ് സൃഷ്ടിക്കുന്നത്.——
പത്ത് വര്‍ഷത്തിലേറെയായി സര്‍വ്വീസില്‍ തുടര്‍ച്ചയായി തുടരുന്ന ഡോ ആശ സേവ്യറിന്റെ തെറ്റായ നിലപാടുകള്‍ ആശുപത്രി പ്രവര്‍ത്തനത്തെയും പുരോഗതിയേയും ദോഷകരമായി ബാധിക്കുന്നെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം.——

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക