|    Jun 25 Mon, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സൂപ്പര്‍ ക്ലാസികോ : ബാഴ്‌സ X റയല്‍ സൂപ്പര്‍ കപ്പ് ഫൈനല്‍

Published : 13th August 2017 | Posted By: fsq

 

ബാഴ്‌സലോണ: കാല്‍പന്ത് പ്രേമികള്‍ക്ക് ഇന്ന് ഉറങ്ങാതെ കാത്തിരിക്കാം. സ്പാനിഷ് ഫുട്‌ബോള്‍ വസന്തത്തിന് വിളംബരമറിയിച്ചു കൊണ്ട് നാളെ പുലര്‍ച്ചെ ഒരു ക്ലാസിക് പോരാട്ടം അരങ്ങേറുകയാണ്. ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും കരുത്ത് പരീക്ഷിക്കുന്ന സൂപ്പര്‍ കപ്പ് ഫൈനലിന്റെ ആദ്യപാദം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് ബാഴ്‌സയുടെ തട്ടകമായ കാംപ്‌നൗവില്‍ നടക്കും. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളുടെ കിരീടമെല്ലാം സ്വന്തമാക്കി റയല്‍ ബാഴ്‌സയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുമ്പോള്‍, പ്രീ സീസണ്‍ എല്‍ക്ലാസികോയിലെ ജയം ആവര്‍ത്തിച്ച്  കിരീടം സ്വന്തമാക്കാനാണ് ബാഴ്‌സ ജേഴ്‌സിയണിയുന്നത്. സാന്റിയാഗോ ബെര്‍ണബുവില്‍ 16ാം തിയ്യതിയാണ് രണ്ടാം പാദം.ലാ ലിഗ ജേതാക്കളും കോപാ ഡെല്‍ റേ ജേതാക്കളും മുഖാമുഖം ഏറ്റുമുട്ടുന്ന വാര്‍ഷിക ചാംപ്യന്‍ഷിപ്പാണ് സൂപ്പര്‍ കപ്പ്. ലാ ലിഗ കപ്പ് റയലും കോപാ ഡെല്‍ റേ ബാഴ്‌സലോണയും നേടിയതോടെയാണ് സൂപ്പര്‍ എല്‍ക്ലാസികോയ്ക്ക് കളമൊരുങ്ങിയത്. 2012ലാണ് അവസാനമായി സൂപ്പര്‍ കപ്പ് ഫൈനലില്‍ റയലും ബാഴ്‌സയും ഏറ്റുമുട്ടിയത്. അന്ന് ആദ്യപാദത്തില്‍ 3-2ന് ബാഴ്‌സയും രണ്ടാംപാദത്തില്‍ 2-1 ന് റയലും ജയിച്ചപ്പോള്‍ ആകെ ഗോള്‍ നില തുല്യമായി. എവേ ഗോളിന്റെ ബലത്തില്‍ റയല്‍ കിരീടവും നേടി. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ജേതാക്കളായി ബാഴ്‌സ ഒരു വശത്ത് നില്‍ക്കുമ്പോള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-2ന് തോല്‍പിച്ച് യുവേഫ സൂപ്പര്‍ കപ്പുമായി റയല്‍ മറുവശത്തുണ്ട്. കിരീട നേട്ടം കൂടുതല്‍ അവകാശപ്പെടാനുള്ളത് റയലിനാണെങ്കിലും തൊട്ടുപിന്നില്‍ തന്നെ ബാഴ്‌സയുമുണ്ട്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുഖാമുഖം വരുന്ന എല്‍ക്ലാസികോ കണക്കു വെച്ച് പ്രവചിക്കുക അസാധ്യം തന്നെ. അവസാന അഞ്ച് എല്‍ക്ലാസികോകളില്‍ മൂന്നെണ്ണം ജയിച്ചത് ബാഴ്‌സയാണ്. ഒന്നില്‍ റയല്‍ ജയിച്ചപ്പോള്‍ മറ്റൊന്ന് സമനിലയിലായി.ലോക റെക്കോഡ് തുകയ്ക്ക് നെയ്മര്‍ പിഎസ്ജിയിലേക്ക് മാറിയതിനു ശേഷം ബാഴ്‌സ കളിക്കുന്ന വമ്പന്‍ മല്‍സരം എന്ന പ്രത്യേകത കൂടി ഇത്തവണ ഉണ്ട്. റയലിനെ പോലൊരു അതികായരെ നേരിടുന്ന മല്‍സരത്തില്‍, നെയ്മറുടെ അഭാവം പ്രകടമാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞ എല്‍ക്ലാസികോ മല്‍സരങ്ങളില്‍ സമ്മര്‍ദത്തിലായ ബാഴ്‌സയെ തിരിച്ചുകൊണ്ടുവരുന്നതില്‍ നെയ്മറുടെ പങ്ക് നിര്‍ണായകമായിരുന്നു. ബാഴ്‌സയുടെ സ്റ്റാര്‍ടിങ് ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് റിപോര്‍ട്ടുകള്‍. നെയ്മര്‍ക്ക് പകരം ഡ്യൂലോഫു മുന്നേറ്റനിരയില്‍ കളിക്കും.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തി, ബി-ബി-സി കൂട്ടുകെട്ടിലാവും റയല്‍ അണിനിരക്കുക. മൂന്ന് വര്‍ഷം മുമ്പ് ചുവപ്പുകാര്‍ഡ് കണ്ട് വിലക്കു ലഭിച്ച മോദ്രിച്ച് ഇന്ന് കളിക്കില്ല. പകരം, കൊവാസിചിനെയാവും സിദാന്‍ കളത്തിലിറക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss