|    Jun 25 Mon, 2018 6:00 am
FLASH NEWS
Home   >  Sports  >  Football  >  

സൂപ്പര്‍ കപ്പില്‍ സൂപ്പര്‍ റയല്‍

Published : 9th August 2017 | Posted By: ev sports

മാഡ്രിഡ്: യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡ് നിലനിര്‍ത്തി. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1 ന് തളച്ചാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍ കപ്പ് കിരീടത്തില്‍ വീണ്ടും മുത്തമിട്ടത്. കാസ്മിറോയും ഇസ്‌കോയും റയലിനായി വല കുലുക്കിയപ്പോള്‍ ലുക്കാക്കുവിന്റെ വകയാണ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍.

മാസിഡോനിയ: യൂറോപ്യന്‍ കാല്‍പന്തില്‍ തങ്ങളെ കീഴ്‌പ്പെടുത്താന്‍ ആര്‍ക്കുമാവില്ലെന്ന് തെളിയിച്ചു കൊണ്ട് റയല്‍ മാഡ്രിഡിന് യുവേഫ സൂപ്പര്‍ കപ്പ്. യുറോപ കപ്പ്് ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് റയല്‍ പുതിയ സീസനിലെ കിരീടവേട്ടയ്ക്ക് തുടക്കം കുറിച്ചത്. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ ഇത് നാലാം തവണയാണ് സ്വന്തമാക്കുന്നത്. സിദാനും സ്പാനിഷ് പടയും തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷവും ചാംപ്യന്മാര്‍.

ക്രിസ്റ്റിയാനോ ബെഞ്ചില്‍
രണ്ട് വമ്പന്‍ ക്ലബ്ബുകളുടെ പോരാട്ടം എന്നതിലുപരി, സൂപ്പര്‍ പരിശീലകരുടെ മാറ്റുരയ്ക്കലായിരുന്നു ഈ സൂപ്പര്‍ കപ്പ് ഫൈനല്‍. യൂറോപ കിരീടം സ്വന്തമാക്കിയതു മുതല്‍ സൂപ്പര്‍ കപ്പും നേടുമെന്ന് ഉറപ്പിച്ച യുനൈറ്റഡിന്റെ ജോസ് മൊറീഞ്ഞോയെ കീഴ്‌പ്പെടുത്തിയത് സിനദിന്‍ സിദാന്റെ പിഴയ്ക്കാത്ത തന്ത്രങ്ങളാണ്. പ്രീസീസണ്‍ മല്‍സരങ്ങളില്‍ നിറംമങ്ങിയ റയലിന് ആത്മവിശ്വാസം നല്‍കി തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയായിരുന്നു സിദാന്‍ സ്റ്റാര്‍ടിങ് ഇലവനെ ഒരുക്കിയത്.
4-3-3 ശൈലിയില്‍ ഇസ്‌കോ- ബെന്‍സെമ- ബെയ്ല്‍ ത്രയത്തില്‍ റയല്‍ അണിനിരന്നു. പതിവ് തെറ്റിക്കാതെ ക്രൂസ്- കാസെമിറോ- മോഡ്രിച്ച്് മധ്യനിരയിലും മാഴ്‌സലോ- റാമോസ്- വാരണ്‍- കാര്‍വഹല്‍ പ്രതിരോധത്തിലും. സമാന ശൈലിയില്‍ മെഹ്ത്രിയന്‍- ലുകാകു- ലിങ്ഗാര്‍ഡ് മുന്നേറ്റത്തിന് കരുത്തേകി ഹെറേറ- മാറ്റിച്ച്- പോഗ്്ബ മധ്യനിരയില്‍. വലെന്‍സിയ- ലിന്‍ഡോഫ്- സ്മാളിങ്- ഡാര്‍മിയന്‍ എന്ന പുതിയ നിര പ്രതിരോധത്തില്‍ കോട്ടകെട്ടി.

കരുത്ത് കുറയാതെ റയല്‍
വിസില്‍ മുഴങ്ങിയതു മുതല്‍ കളിയുടെ ആധിപത്യം റയലിന്റെ പക്ഷത്തായിരുന്നു. മിഡ്ഫീല്‍ഡില്‍ ഊന്നി കളിച്ച റയലിന്റെ ഭാഗത്തു നിന്ന് പന്തു നേടാന്‍ പോലും യുനൈറ്റഡ് വിയര്‍ത്തു. തദ്ഫലമായി 24ാം മിനിറ്റില്‍ ആദ്യ ഗോള്‍. കാര്‍വാഹലിന്റെ അസിസ്റ്റില്‍ ഡൈവിങ് ഷോട്ടിലൂടെ കാസെമിറോ പന്ത് വലയിലാക്കി. തിരിച്ചടിക്കാനുള്ള യുനൈറ്റഡിന്റെ നാലു ശ്രമങ്ങളും സ്പാനിഷ് പ്രതിരോധത്തില്‍ തട്ടി പാഴായി. അതേസമയം, ആധിപത്യം ഉറപ്പിക്കാന്‍ വീണ്ടും പൊരുതിയ റയല്‍ ഏഴു തവണയാണ് യുനൈറ്റഡിനെ പരീക്ഷിച്ചത്.
കൂടുതല്‍ ഗോള്‍ പിറയ്ക്കാതെ രണ്ടാം പകുതിയിലേക്ക് കടന്ന മല്‍സരത്തില്‍ മുന്നേറ്റത്തില്‍ ഒരു മാറ്റവുമായാണ് യുനൈറ്റഡ് എത്തിയത്. ലിങ്ഗാര്‍ഡിന് പകരം റാഷ്‌ഫോര്‍ഡ് കളത്തിലെത്തി. എന്നാല്‍, റയലിന്റെ മുന്നേറ്റത്തിനൊപ്പം ഓടിത്തളര്‍ന്ന യുനൈറ്റഡിനെ ഞെട്ടിച്ചു കൊണ്ട് ഇസ്‌കോ ആധിപത്യം ഇരട്ടിയാക്കി. ബെയ്‌ലിന്റെ അസിസ്റ്റില്‍ പിറന്ന മികച്ച ഗോള്‍ 52ാം മിനിറ്റിലായിരുന്നു. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു കൂട്ടി വീണ്ടും നിരയില്‍ മാറ്റം വരുത്തി മൊറീഞ്ഞോ. നാണംകെട്ട് മടങ്ങാന്‍ തയ്യാറാവാതിരുന്ന യുനൈറ്റഡിന് ആശ്വാസമായി 62ാം മിനിറ്റില്‍ ലുകാകു ലക്ഷ്യം കണ്ടു. മാറ്റിച്ചിന്റെ അസിസ്റ്റിലായിരുന്നു ലുകാകു വലകുലുക്കിയത്. രണ്ടാംപകുതിയില്‍ ഇടയ്ക്കിടെ റയലിനെ പരീക്ഷിക്കാന്‍ സാധിക്കും വിധം യുനൈറ്റഡ് ശക്തി വീണ്ടെടുത്തപ്പോള്‍ നാലു തവണയാണ് ഗോള്‍കീപ്പര്‍ നവാസ് പരീക്ഷിക്കപ്പെട്ടത്. കളിയുടെ അവസാന നിമിഷങ്ങളില്‍ റാഷ്‌ഫോര്‍ഡിന് സമനില ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും നവാസ് റയലിന്റെ രക്ഷകനായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss