|    Aug 19 Sat, 2017 10:58 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സൂപ്പര്‍ കപ്പില്‍ സൂപ്പര്‍ പോരാട്ടം

Published : 8th August 2017 | Posted By: fsq

 

മസെഡോനിയ: യൂറോപ്യന്‍ കാല്‍പന്ത് വസന്തത്തിന്റെ വരവറിയിച്ചു കൊണ്ട് മസെഡോനിയയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. യൂവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ യൂറോപ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ ഇന്നത്തെ മല്‍സരത്തില്‍ തീപാറുമെന്ന് ഉറപ്പ്. യൂറോപ്യന്‍ ലീഗുകള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന ഇന്നത്തെ മല്‍സരത്തില്‍ കപ്പടിക്കാന്‍ ഉറപ്പിച്ചാണ് രണ്ട് അതികായരും ബൂട്ടണിയുന്നത്. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 12.15ന് ആണ് മല്‍സരം. നിലവിലെ ചാംപ്യന്മാരാണെങ്കിലും മാറ്റു കുറഞ്ഞ പ്രകടനമായിരുന്നു പ്രീസീസണ്‍ ടൂര്‍ണമെന്റുകളില്‍ റയല്‍ മാഡ്രിഡിന്റേത്. കളിച്ച നാല് മല്‍സരങ്ങളില്‍ മൂന്നിലും സിദാന്റെ ശിഷ്യന്മാര്‍ തലകുനിച്ച് മടങ്ങി. അതേസമയം, പ്രീസീസണ്‍ അത്യുഗ്രന്‍ പ്രകടനത്തോടെ പൂര്‍ത്തിയാക്കിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മസെഡോനിയയിലേക്ക് വണ്ടികയറിയിരിക്കുന്നത്. പ്രീ സീസണ്‍ ടൂറില്‍ അമേരിക്കയില്‍ വച്ച് ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ്് ട്രോഫിയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആയിരുന്നു വിജയം. യുനൈറ്റഡിന് പുറമെ, മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ എന്നിവര്‍ക്ക് മുന്നിലും റയല്‍ മുട്ടുമടക്കി. അതേസമയം, ഏകഗോളില്‍ ബാഴ്‌സയ്ക്ക് മുന്നില്‍ പരാജയപ്പെട്ടതാണ് ഈ സീസണില്‍ യുനൈറ്റഡിന്റെ തിളക്കം കുറയ്ക്കുന്നത്. ബാക്കിയെല്ലാം അത്യുഗ്രന്‍ വിജയങ്ങളായിരുന്നു. സ്പാനിഷ് ടീമുകള്‍ക്ക് ആധിപത്യമുള്ള യുവേഫ സൂപ്പര്‍ കപ്പില്‍ 2005ല്‍ ലിവര്‍പൂള്‍ കപ്പടിച്ചതിന് ശേഷം ഒരു ഇംഗ്ലീഷ് ടീമും വിജയം കണ്ടിട്ടില്ല. അതിനാല്‍ തന്നെ ചരിത്രം തിരുത്തി കുറിക്കാന്‍ കൂടിയാണ് ജോസ് മൊറീഞ്ഞോയുടെ ലക്ഷ്യം. അവസാനമായി യൂറോപ്പ ലീഗ് ജേതാക്കള്‍ സൂപ്പര്‍ കപ്പ് നേടിയതാവട്ടെ, 2012ല്‍ ആയിരുന്നു. ഈ ചരിത്രവും മാറ്റിയെഴുതുമെന്നാണ് യുനൈറ്റഡ് താരങ്ങളും ആരാധകരും പ്രതീക്ഷിക്കുന്നത്. രണ്ടാം കിരീടം ലക്ഷ്യമിടുന്ന യുനൈറ്റഡിന് മുന്നേറ്റനിരയിലാണ് പ്രതീക്ഷ. ലുകാകു, മെഹ്ത്രിയാന്‍, റാഷ്‌ഫോര്‍ഡ്, ആന്റണി മാര്‍ഷല്യോ എന്നിവരായിരിക്കും മുന്നേറ്റത്തില്‍ അണിനിരക്കുക. നൊമാഞ്ച മാറ്റിച്ചും ആന്‍ഡര്‍ ഹെരേര, പോള്‍ പോഗ്ബ എന്നിവര്‍ മധ്യത്തിലും വിന്യസിക്കപ്പെട്ടേക്കും. നിലവില്‍ സൂപ്പര്‍ കപ്പ് ജേതാക്കളായ റയല്‍ മാഡ്രിഡ്, സ്‌ക്വാഡില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ കിരീടം നിലനിര്‍ത്താമെന്നാണ് കരുതുന്നത്. പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. പരിക്കേറ്റ ഗാരത് ബെയ്ല്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. മധ്യനിരയില്‍ ക്രൂസ്, മോഡ്രിച്, കാസെമിറോ എന്നിവരാവും ഇറങ്ങുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക