|    Oct 19 Fri, 2018 3:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സൂച്ചിയുടെ അവകാശവാദം തള്ളി റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍

Published : 20th September 2017 | Posted By: fsq

 

കോക്‌സ് ബസാര്‍: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചിയുടെ അവകാശവാദം തള്ളി അഭയാര്‍ഥികള്‍. മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ സുരക്ഷിതരാണെന്ന് സൂച്ചി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ അവകാശവാദം തെറ്റാണെന്ന് ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ അറിയിച്ചു. ന്യൂനപക്ഷ റോഹിന്‍ഗ്യന്‍ വിഭാഗക്കാരില്‍ പലരും മ്യാന്‍മറില്‍ സുരക്ഷിതരാണെന്ന് അറിയിച്ചതായും പലായനം ചെയ്തവരെ ഒരു മടിയുമില്ലാതെ സ്വാഗതം ചെയ്യുമെന്നും സൂച്ചി പറഞ്ഞിരുന്നു. എന്നാല്‍, ഈ അവകാശവാദങ്ങളെ തള്ളുന്നതായി ബംഗ്ലാദേശ് അതിര്‍ത്തിയിലെ ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വ്യക്തമാക്കി. സൂച്ചി വിശ്വാസവഞ്ചന കാണിക്കുന്നയാളാണെന്നും അവരുടെ വാക്കുകളെ വിശ്വസിക്കാനാവില്ലെന്നും കോക്‌സ് ബസാറിലെ ക്യാംപില്‍ കഴിയുന്ന സുല്‍ത്താന്‍ അഹമ്മദ് പറഞ്ഞു. രാജ്യത്തെ പ്രഖ്യാപിത നേതാവായ ഓങ് സാന്‍ സൂച്ചി അവരുടെ വാക്കുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന്് കരുതുന്നില്ല. എല്ലാം നിയന്ത്രിക്കുന്നത് സൈന്യമാണ്. ഓങ് സാന്‍ സൂച്ചിയെന്നത് ഒരു നാമം മാത്രമാണ് – അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് 80കാരനായ സുല്‍ത്താന്‍ അഹമ്മദ് മ്യാന്‍മറിലെ റാഖൈനില്‍നിന്നു ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെത്തിയത്. റോഹിന്‍ഗ്യരുടെ പ്രശ്‌നങ്ങള്‍ക്ക് അവര്‍തന്നെയാണ് കാരണക്കാരെന്ന സൂച്ചിയുടെ അഭിപ്രായപ്രകടനം തള്ളിക്കളയുന്നതായി ബംഗ്ലാദേശിലെ കുതുപലോങിലെ ക്യാംപില്‍ കഴിയുന്ന അബ്ദുല്‍ഹാഫിസ് പറഞ്ഞു. തങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ അവര്‍ മനസ്സിലാക്കുന്നില്ല. തങ്ങളെ അവിടെ തടവില്‍ വച്ചിരിക്കുകയായിരുന്നു. റോഹിന്‍ഗ്യര്‍ അനുഭിച്ച പീഡനങ്ങള്‍ ആഗോള മാധ്യമങ്ങള്‍ അറിയട്ടേയെന്നും അദ്ദേഹം പറഞ്ഞു. സൂച്ചിയെ ഇനി വിശ്വസിക്കില്ലെന്ന്് 60കാരനായ ഷാ അഹമ്മദ് അറിയിച്ചു. സമാധാനവും സുരക്ഷയും ഉറപ്പുനല്‍കാനും തങ്ങളുടെ സ്വത്തുക്കള്‍ തിരികെ നല്‍കാനും മ്യാന്‍മര്‍ സര്‍ക്കാരിനു കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss