|    Nov 19 Mon, 2018 2:49 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സൂചിക്കുഴയില്‍ ഒരു വൈദികന്‍’

Published : 21st October 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍ – ബാബുരാജ് ബി എസ്
‘യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്ക് കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാവും. അനന്തരം എന്നെ അനുഗമിക്കുക. ഇതു കേട്ടപ്പോള്‍ അവന്‍ വളരെ വ്യസനിച്ചു. കാരണം, അവന്‍ വലിയ ധനികനായിരുന്നു. യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം! ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോവുന്നതാണ്. ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപ്രാപിക്കാന്‍ ആര്‍ക്കു കഴിയും? അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു.” നീതിമാനായ പത്രോസ് പാറമേല്‍ പണിത സഭയിലാണ് ദരിദ്രമര്‍ദകനായ ഫാ. കോളിന്‍സ് ഇലഞ്ഞിക്കല്‍ പള്ളിവികാരിയായിരിക്കുന്നത്. മാഞ്ഞാലി കുന്നുംപുറം വ്യാകുലമാതാ പള്ളിയിലെ വികാരിയായ അദ്ദേഹവും മാഞ്ഞാലിയിലെ 12 കുടുംബങ്ങളും തമ്മിലുള്ള തര്‍ക്കം ഇന്നു തെരുവിലെത്തിയിരിക്കയാണ്.
ലഭ്യമായ റിപോര്‍ട്ടനുസരിച്ച് 1980കളില്‍ 19 ഭൂരഹിത കുടുംബങ്ങള്‍ പുറമ്പോക്കില്‍ താമസം തുടങ്ങിയതോടെയാണു പ്രശ്‌നം തുടങ്ങുന്നത്. ഈ കുടുംബങ്ങളുടെ വരവു തങ്ങളുടെ വഴി തടസ്സപ്പെടുത്തിയെന്നാരോപിച്ച് പള്ളി സര്‍ക്കാരിനെ സമീപിച്ചു. 1996ല്‍ സര്‍ക്കാര്‍ അവര്‍ക്ക് 62.5 സെന്റ് റവന്യൂ പുറമ്പോക്ക് പതിച്ചുനല്‍കി. ഈ ഉത്തരവിന്റെ ബലത്തില്‍ പള്ളി കൂരകള്‍ പൊളിച്ചുനീക്കിച്ചു. നിയമലംഘനം അവിടംകൊണ്ടും നിന്നില്ല. പട്ടയം നല്‍കുമ്പോള്‍ ഉണ്ടായിരുന്ന എല്ലാ നിബന്ധനകളും പള്ളി അപ്പാടെ കാറ്റില്‍പ്പറത്തി, നിര്‍മാണപ്രവര്‍ത്തനം നടത്തി. പള്ളിയെപ്പോലുള്ള ഒരു പൊതുസ്ഥാപനം പ്രദേശവാസികളുടെ സുഗമജീവിതത്തിന് ഗുണകരമായിരിക്കുമെന്ന ചിന്തയും ഭൂമി നല്‍കുന്നതിനു പിന്നിലുണ്ടായിരുന്നു. പക്ഷേ, പള്ളിയാവട്ടെ ഭൂമിയെ സാമ്പത്തിക ഉപാധിയായാണു കണ്ടത്. ആ ഭൂമിയില്‍ നിന്ന് മണ്ണെടുത്ത് വിറ്റ് 56 ലക്ഷം രൂപ പള്ളി സമ്പാദിച്ചു.
ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ റോഡിലേക്ക് തുറക്കുന്ന വഴികള്‍ ഫാ. കോളിന്‍സ്, രണ്ടുവര്‍ഷം മുമ്പ് മതില്‍ പണിത് കൊട്ടിയടച്ചു. ഇത് ഏതുനിലയ്ക്കും അംഗീകരിക്കാനാവാത്തതിനാല്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരും എതിര്‍ത്തു. കുടുംബങ്ങള്‍ പരാതിയുമായി മതാധികാരികളെയും സര്‍ക്കാരിനെയും കണ്ടു. പഞ്ചായത്തും പോലിസും റവന്യൂ അധികാരികളും മതില്‍ പൊളിക്കാന്‍ പറഞ്ഞെങ്കിലും കോളിന്‍സ് കുലുങ്ങിയില്ല. ജില്ലാ അഡീഷനല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവും പാലിക്കപ്പെട്ടില്ല. വികാരിക്കൊപ്പം 500ഓളം കുടുംബങ്ങള്‍ വരുന്ന ഇടവക ഉറച്ചുനിന്നതോടെ ആദ്യം ഇരകളാക്കപ്പെട്ട കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ പതുക്കെ പിന്‍വാങ്ങാന്‍ തുടങ്ങി. 12ഉം 500ഉം തമ്മില്‍ വോട്ടിന്റെ കാര്യത്തില്‍ വലിയ അന്തരമുണ്ടല്ലോ.
കാര്യങ്ങളില്‍ ഒരു നീക്കുപോക്കും ഇല്ലെന്നായപ്പോള്‍ കുടുംബങ്ങള്‍ സമരം തുടങ്ങി. കലക്ടറേറ്റ് പടിക്കല്‍ നിരാഹാരം വരെ നടത്തി. പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന കലക്ടറുടെ ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്. പക്ഷേ, സ്വാഭാവികമായും ഉറപ്പുപാലിക്കപ്പെട്ടില്ല. അതിനൊടുവിലാണ് ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ഇരകളാക്കപ്പെട്ട കുടുംബങ്ങളിലൊന്നിലെ വീട്ടമ്മയായ ജമീല നിരാഹാരസമരം ആരംഭിച്ചത്. ഒരു ഓണ്‍ലൈന്‍ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു: ”എന്റെ വീട്ടില്‍ നിന്ന് ഇറങ്ങാനുള്ള വഴി അവര്‍ അടച്ചുകെട്ടി. അടുത്ത വീട്ടുകാരുടെ വഴിയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. എല്ലായിടത്തു നിന്നും അനുകൂലമായ ഓര്‍ഡറുകള്‍ സമ്പാദിച്ചെങ്കിലും, പള്ളിക്കാര്‍ വഴങ്ങുന്നില്ല. വോട്ടുബാങ്കായതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇടപെടാന്‍ മടിയാണ്. ഞങ്ങള്‍ മൂന്നുനാലു വീട്ടുകാരുടെ വോട്ട് കിട്ടിയില്ലെങ്കിലെന്ത് എന്ന മട്ടാണ് അവര്‍ക്ക്. ഇതു ഞങ്ങള്‍ക്കുള്ള വഴിയാണ്, ഈ വഴി ഉപയോഗിക്കുന്ന നാലാമത്തെ തലമുറയാണിത്.”
സമരം ചെയ്യുന്നവരില്‍ മൂന്നു കുടുംബങ്ങള്‍ മുസ്ലിംകളാണ്. മറ്റു രണ്ടു കുടുംബങ്ങള്‍ സിറിയന്‍ ക്രൈസ്തവരും. സമരത്തില്‍ പങ്കെടുത്ത ക്രൈസ്തവ കുടുംബങ്ങളെ ഫാ. കോളിന്‍സ് പള്ളിയില്‍ നിന്നു പുറത്താക്കി. അതോടെ സമരത്തോട് അനുഭാവമുണ്ടായിരുന്ന ചുരുക്കം ഇടവകക്കാരും പേടിച്ചു പിന്‍മാറാന്‍ നിര്‍ബന്ധിതരായി. നിരാഹാരം അനിശ്ചിതമായി നീങ്ങവെ പ്രകോപിതരായ സമരക്കാര്‍ പള്ളിമതില്‍ പൊളിച്ചു. നിരാഹാരസമരവും അവസാനിപ്പിച്ചു. മതില്‍ പൊളിച്ച നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. നിലവില്‍ അവര്‍ ജാമ്യത്തിലാണ്.
ഈ വഴി യഥാര്‍ഥത്തില്‍ പള്ളിക്ക് അത്യാവശ്യമില്ലെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. പള്ളിയുടേത് ഭൂമിക്കച്ചവടമാണെന്നും ആരോപണമുണ്ട്. പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ പോലിസും പള്ളിയും ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും നിലവിലുണ്ട്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss