|    Jun 20 Wed, 2018 11:04 pm
FLASH NEWS
Home   >  Pravasi   >  

സൂഖ് അല്‍ മാള്‍ ഡോട്ട് കോമില്‍ യുഎഇ എക്‌സ്‌ചേഞ്ചും നിക്ഷേപമിറക്കുന്നു

Published : 4th October 2017 | Posted By: mi.ptk

ദുബായ്: ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത ധനകാര്യ സേവനങ്ങളെക്കുറിച്ച് ഓണ്‍ലൈനില്‍ താരതമ്യം നടത്താനും ഏറ്റവും മെച്ചപ്പെട്ട തീരുമാനമെടുക്കാനും സഹായിക്കുക വഴി ലോകശ്രദ്ധ നേടിയ, യു.എ.ഇ. ആസ്ഥാനമായ ഫിന്‍ടെക്ക് കമ്പനി സൂഖ് അല്‍ മാള്‍ ഡോട്ട് കോമില്‍ യു.എ.ഇ.എക്‌സ്‌ചേഞ്ചും നിക്ഷേപമിറക്കുന്നു. ഇതേസമയം യു.കെ.യിലെ പ്രശസ്തമായ വില താരതമ്യ വെബ്‌സൈറ്റ് ‘ഗോ കംപെയര്‍’, സൗദി അറേബ്യയിലെ നിക്ഷേപ സ്ഥാപനമായ റിയാദ് തഖ്‌നിയ ഫണ്ട് എന്നിവരും യു.എ.ഇ.എക്‌സ്‌ചേഞ്ചിനൊപ്പം സൂഖ്അല്‍മാള്‍ ഡോട്ട് കോമില്‍ നിക്ഷേപമിടുന്നുണ്ട്. സീരീസ് ബി. ഗണത്തില്‍ പെടുന്ന ഈ നിക്ഷേപസമാഹരണം വഴി പത്ത് ദശലക്ഷം അമേരിക്കന്‍ ഡോളറാണ് സൂഖ്അല്‍മാള്‍ ഡോട്ട് കോം സ്വീകരിക്കുന്നത്. ഇന്ന് (ഒക്ടോബര്‍ 3, തിങ്കള്‍) ദുബായില്‍ നടന്ന ചടങ്ങില്‍ നാല് കമ്പനികളുടെയും പ്രതിനിധികള്‍ ഇത് സംബന്ധിച്ച സംയുക്ത പ്രഖ്യാപനം നടത്തി.

ഇപ്പോള്‍ യു.എ.ഇ.യിലെയും സൗദി അറേബ്യയിലെയും ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 3,200 ഓളം മികച്ച ഉത്പന്നങ്ങളെ ഏറ്റവും വേഗത്തിലും എളുപ്പത്തിലും താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും വഴിയൊരുക്കുന്ന സൂഖ്അല്‍മാള്‍ ഡോട്ട് കോമിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിന് യു.എ.ഇ.എക്‌സ്‌ചേഞ്ച്, ‘ഗോ കംപെയര്‍’, റിയാദ് തഖ്‌നിയ ഫണ്ട് എന്നിവരുമായുള്ള നിക്ഷേപബന്ധം സഹായിക്കുമെന്നും ചെറിയ കാലയളവില്‍ തങ്ങള്‍ നേടിയ വാണിജ്യവളര്‍ച്ച കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും സൂഖ്അല്‍മാള്‍ ഡോട്ട് കോം സ്ഥാപകയും സി.ഇ.ഒ.യുമായ അംബരീന്‍ മൂസ പറഞ്ഞു. നിക്ഷേപത്തോടൊപ്പം ആഗോള പരിചയ സമ്പത്തുള്ള ഈ പങ്കാളികളിലൂടെ നൂതന സാങ്കേതിക സംവിധാനങ്ങളും മെച്ചപ്പെട്ട സേവനങ്ങളും പ്രയോജനപ്പെടുത്താനാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും മികച്ച നിരക്കുകളും സേവനവും ഉറപ്പുവരുത്താറുള്ള യു.എ.ഇ.എക്‌സ്‌ചേഞ്ച്, തങ്ങളുടെ ഉപയോക്താക്കള്‍ക്ക് എപ്പോഴും മൂല്യവര്‍ദ്ധിത സേവനങ്ങള്‍ നല്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നല്ലൊരു പ്രതലമായി സൂഖ്അല്‍മാള്‍ ഡോട്ട് കോം ഉപകരിക്കുമെന്നും യു.എ.ഇ.എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. തങ്ങളുടെ 15 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സൂഖ്അല്‍മാള്‍ ഡോട്ട് കോമിലൂടെ സാമ്പത്തിക വിനിമയ സംബന്ധമായ പല സേവനങ്ങളും ഉത്പന്നങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ കൂട്ടുകെട്ടിലൂടെ ആദ്യ രാജ്യാന്തര നിക്ഷേപം നടത്തുന്ന ‘ഗോ കംപെയര്‍,’ മേഖലയിലെ ഫിന്‍ടെക്ക് സംരംഭരംഗത്ത് കുതിപ്പ് വ്യക്തമാക്കിയ  സൂഖ്അല്‍മാള്‍ ഡോട്ട് കോമിനെ സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ മികച്ച പ്രതലമായിട്ടാണ് കാണുന്നതെന്ന് ‘ഗോ കംപെയര്‍’ സി.ഇ.ഒ. മാത്യു ക്രംമാക്ക് സൂചിപ്പിച്ചു. മികച്ച താരതമ്യ വെബ്‌സൈറ്റ് എന്നതുപോലെ സാമ്പത്തിക സാക്ഷരതയുടെ സാധ്യത കൂടി തുറക്കുന്ന സൂഖ്അല്‍മാള്‍ ഡോട്ട് കോമിനെ സൗദി അറേബ്യയുടെ പശ്ചാത്തലത്തില്‍ പരമാവധി പ്രയോജനപ്പെടുത്താനും ഈ നിക്ഷേപം വഴി തങ്ങള്‍ ലക്ഷ്യമിടുന്നതായി റിയാദ് ക്യാപിറ്റല്‍ ആക്റ്റിംഗ് സി.ഇ.ഒ. ആദില്‍ അല്‍ അത്തീഖ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss