|    Apr 20 Fri, 2018 8:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സൂക്ഷ്മപരിശോധന: പ്രമുഖ നേതാക്കള്‍ക്കെതിരേ വ്യാപക പരാതി

Published : 1st May 2016 | Posted By: SMR

തിരുവനന്തപുരം: പ്രമുഖര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളെക്കുറിച്ച് വ്യാപക പരാതി. സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമെതിരായ പരാതികള്‍ വരണാധികാരികള്‍ തള്ളി. വിഎസ് സ്വത്തുക്കള്‍ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടി പൂര്‍വിക സ്വത്ത് വെളിപ്പെടുത്തിയില്ലെന്നാണ് എല്‍ഡിഎഫിന്റെ പരാതി. സ്വത്ത് വിവരത്തില്‍ അവ്യക്തതയുണ്ടെന്ന് കാണിച്ച് പൂഞ്ഞാറിലെ ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജിനെതിരേ എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി.
1991ല്‍ ദേശാഭിമാനി, ചിന്ത എന്നീ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചിരുന്ന വി എസിന്റെ പേരില്‍ തിരുവനന്തപുരം വഞ്ചിയൂരില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ പത്രികയില്‍ ഉള്‍ക്കൊള്ളിച്ചില്ലെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പരാതി.
കോണ്‍ഗ്രസ്സിനുവേണ്ടി അഡ്വ. എസ് രമേശ് നല്‍കിയ പരാതിയില്‍ വരണാധികാരിയായ സഹകരണസംഘം (ഓഡിറ്റ്) ജോയിന്റ് ഡയറക്ടറര്‍ പി എം ശശിഭൂഷണ്‍ വിഎസിന്റെ പ്രതിനിധിയോട് വിശദീകരണം തേടി. യുഡിഎഫ് നല്‍കിയ രേഖകള്‍ പരിശോധിച്ച ശേഷം വിഎസിന്റെ പത്രിക സ്വീകരിക്കാന്‍ വരണാധികാരി തീരുമാനിച്ചു.
പൂര്‍വിക സ്വത്തായി കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് ഉമ്മന്‍ചാണ്ടിക്കെതിരായ എല്‍ഡിഎഫിന്റെ പരാതി. ആറു തവണ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചപ്പോഴും സ്വന്തം പേരില്‍ ഭൂമി ഇല്ലെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. എന്നാല്‍, 2007ലും 2013ലും രണ്ട് സ്ഥലം ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും 2007ല്‍ പുതുപ്പള്ളി പഞ്ചായത്തിന് ഇഷ്ടദാനമായും 2013ല്‍ പാത്രിയാര്‍ക്കീസ് സെന്ററിന് വിലയാധാരമായും ഭൂമി നല്‍കി. ഈ രണ്ട് ഇടപാടുകളിലും ഉമ്മന്‍ചാണ്ടിയും സഹോദരങ്ങളായ അലക്‌സ് വി ചാണ്ടി, വല്‍സ മാത്യു എന്നിവരും ഒപ്പിട്ടിട്ടുണ്ട്. സ്വന്തം പേരില്‍ ഭൂമി ഇല്ലെങ്കില്‍ എന്തിനാണ് ഉമ്മന്‍ചാണ്ടി വിലയാധാരത്തിലും ഇഷ്ടദാനത്തിലും ഒപ്പിട്ടതെന്നാണ് എല്‍ഡിഎഫ് ചോദിക്കുന്നത്. മൂന്ന് സഹോദരങ്ങളുടെയും പേരിലായി 12.60 ഏക്കര്‍ സ്ഥലമുണ്ട്. കൂടാതെ ഉമ്മന്‍ചാണ്ടി, അലക്‌സ് വി ചാണ്ടി എന്നിവര്‍ക്ക് അമ്മൂമ്മ ഇഷ്ടദാനമായി നല്‍കിയ അഞ്ചേക്കര്‍ വേറെയുമുണ്ട്. ഇത്രയും ഭൂമി ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഉമ്മന്‍ചാണ്ടി ഇക്കാര്യങ്ങള്‍ മറച്ചുവച്ചു എന്നാണ് പരാതി. എന്നാല്‍, പരാതി തള്ളിയ വരണാധികാരി മുഖ്യമന്ത്രിയുടെ പത്രിക സ്വീകരിച്ചു.
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ജനപ്രിയ എന്ന കമ്പനിയില്‍നിന്ന് 2.39 കോടി വായ്പയെടുത്തിട്ടുണ്ടെന്നും അത് മറച്ചുവച്ചതായും ബിജെപി ആരോപിച്ചു. ജനപ്രിയയ്ക്ക് വാടക ഇനത്തില്‍ 16 ലക്ഷം രൂപ കിട്ടുന്നുണ്ടെന്നും ഇതും മറച്ചുവച്ചതായും ബിജെപി പരാതിപ്പെട്ടു. പരാതി തള്ളിയ വരണാധികാരി മുരളീധരന്റെ പത്രിക സ്വീകരിച്ചു. അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷാജു സംവരണവിഭാഗത്തില്‍പ്പെട്ട ആളല്ലെന്നു കാണിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയും വരണാധികാരിയായ അടൂര്‍ ആര്‍ഡിഒ എം കെ കബീര്‍ തള്ളി.
തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസ് നല്‍കിയ നോഡല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്യതയില്ലെന്ന പരാതിയും സൂക്ഷ്മപരിശോധനയില്‍ തള്ളി. കുന്നത്തുനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന്‍ സ്വത്ത് വിവരത്തിലെ ഭൂമിക്ക് ഒരുവര്‍ഷത്തിനു മുമ്പ് കാണിച്ച മൂല്യത്തില്‍ നിന്നും ഏറെ കുറച്ചുകാണിച്ചെന്ന് എല്‍ഡിഎഫ് നല്‍കിയ പരാതി വരണാധികാരി രേഖപ്പെടുത്തി. തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ പി അബ്ദുല്ലക്കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിലും വരണാധികാരി വിശദീകരണം തേടി. അതേസമയം, നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടെ അപരനായ മറ്റൊരു ശിവന്‍കുട്ടിയുടെ നാമനിര്‍ദേശ പത്രിക തള്ളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss