|    Jul 27 Thu, 2017 2:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഹ്‌റാബുദീന്‍ കേസ്: അമിത്ഷായ്‌ക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: സുഹ്‌റാബുദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായെ കുറ്റവിമുക്തനാക്കിയതിനെതിരേ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. സാമൂഹികപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ എസ് എ ബോംബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഹരജി സമര്‍പ്പിക്കാനുള്ള ഹരജിക്കാരന്റെ അവകാശത്തെ കോടതി ചോദ്യം ചെയ്തു.
അമിത്ഷായ്ക്ക് ശുദ്ധിപത്രം നല്‍കിയ 2014 ഡിസംബര്‍ 30ന് മുംബൈ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ഷ് മന്ദര്‍ ഹരജി നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹരജി കഴിഞ്ഞ മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. കേസുമായി യാതൊരു ബന്ധവുമില്ലാത്തയാള്‍ നല്‍കുന്ന ഹരജി പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍, ആരും നിയമത്തിനതീതരല്ല എന്ന കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ കബില്‍ സിബന്‍ ബോധിപ്പിച്ചു. ഷായ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും സുഹ്‌റാബുദീന്റെ സഹോദരന്‍ നല്‍കിയ ഹരജിപോലും      പിന്‍വലിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കോടതി ഈ വാദം അംഗീകരിച്ചില്ല. അമിത്ഷായ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വ ഹരജിക്കാരന്റെ അവകാശത്തെ ചോദ്യം ചെയ്തു. സുപ്രിംകോടതിയുടെ നിരവധി വിധിന്യായങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2005ലാണ് സുഹ്‌റാബുദീനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയത്. അന്ന് ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷാ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക