|    Dec 18 Tue, 2018 1:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഹ്‌റബുദ്ദീന്‍, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വിചാരണ പൂര്‍ത്തിയായി: 21നു വിധിയുണ്ടായേക്കും

Published : 8th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഈ മാസം 21ന് വിധി പറഞ്ഞേക്കും. കേസിന്റെ വിചാരണാ നടപടികള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണിത്. കുറ്റം തെളിയിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ തങ്ങള്‍ക്ക് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായി സിബിഐ പ്രോസിക്യൂട്ടര്‍ ബി പി രാജു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.
കേസ് അന്വേഷണം 12 വര്‍ഷം നീണ്ടത് സാക്ഷികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ ഏജന്‍സിയെ വിമര്‍ശിച്ചിരുന്നു. ഇത്രയും കാലത്തിനു ശേഷം സംഭവങ്ങള്‍ വിശദീകരിക്കുന്നതിന് സാക്ഷികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുഹ്‌റബുദ്ദീനെയും കൗസര്‍ബീയെയും കൊലപ്പെടുത്തിയത് 2005 നവംബറിലാണ്. പ്രജാപതിയെ കൊന്നത് 2006ല്‍. സിബിഐ കേസ് ഏറ്റെടുക്കുന്നത് 2010ലും.
2005ല്‍ കൊല നടന്നിട്ടും 2007ല്‍ കേസ് ഗുജറാത്ത് സിഐഡിക്ക് കൈമാറും വരെ അന്വേഷണമൊന്നും ഉണ്ടായില്ല. 2010ല്‍ സിബിഐ ഏറ്റെടുത്തു. ഫലത്തില്‍ സാക്ഷികള്‍ മൊഴി നല്‍കുന്നത് 12 വര്‍ഷം കഴിഞ്ഞാണ്. പലതും തങ്ങള്‍ക്ക് ഓര്‍മയില്ലെന്ന് സാക്ഷികള്‍ പറഞ്ഞു. പ്രധാന സാക്ഷികളില്‍ പലരും കൂറുമാറി. കേസിന്റെ കണ്ണികളില്‍ പലതും ഇല്ലാതായതിനാല്‍ ശരിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രയാസപ്പെട്ടുവെന്നും രാജു പറഞ്ഞു.
കേസിലെ രേഖകളും സാക്ഷിമൊഴികളും കോടതി മുമ്പാകെ എത്തിക്കുന്നതില്‍ സിബിഐയും സിഐഡിയും നന്നായി ശ്രമിച്ചതായി പ്രത്യേക കോടതി ജഡ്ജി എസ് ജെ ശര്‍മ പറഞ്ഞു. പ്രതികളെ കുറ്റവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ട്. സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കൊടുത്ത മൊഴികളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സാക്ഷികളില്‍ ചിലര്‍ കൂറുമാറുന്നതോടെ കേസ് ഇല്ലാതാകില്ലെന്നും ജഡ്ജി പറഞ്ഞു.
2014നും 2018നും ഇടയില്‍ ബിജെപി അധ്യക്ഷനും അക്കാലത്ത് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അമിത്ഷാ, ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ ഡി ജി വന്‍സാര എന്നിവര്‍ ഉള്‍െപ്പടെ 16 പേരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ റാങ്കുകളിലുള്ള 22 പോലിസ് ഉദ്യോഗസ്ഥരും സുഹ്‌റബുദ്ദീനെയും കൗസര്‍ബീയെയും തടവില്‍ പാര്‍പ്പിക്കാനും കൗസര്‍ബീയെ ബലാത്സംഗം ചെയ്യാനും ഉപയോഗിച്ച ഫാംഹൗസിന്റെ ഉടമയുമാണ് കേസിലെ നിലവില്‍ ബാക്കിയായ പ്രതികള്‍. ബുധനാഴ്ച അന്തിമവാദം പൂര്‍ത്തിയായി.
2005 നവംബര്‍ 23നാണ് സുഹ്‌റബുദ്ദീനെയും കൗസര്‍ബീയെയും ബസ്സില്‍ യാത്ര ചെയ്യവെ പോലിസ് തട്ടിക്കൊണ്ടുപോവുകയും ആദ്യം സുഹ്‌റബുദ്ദീനെയും പിന്നെ കൗസര്‍ബീയെയും കൊല്ലുകയും ചെയ്യുന്നത്.
26നു വ്യാജ ഏറ്റുമുട്ടല്‍ നടത്തി. കൗസര്‍ബീയുടെ മൃതദേഹം കത്തിച്ചുകളഞ്ഞതിനാല്‍ കണ്ടെടുക്കാനായില്ല. ഇതിനു സാക്ഷിയായ പ്രജാപതിയെ പിന്നീട് കൊല്ലുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss