|    Jan 24 Wed, 2018 11:28 am
FLASH NEWS

സുഹൃദ്‌സമാഗമങ്ങള്‍

Published : 13th March 2016 | Posted By: G.A.G

hrudaya
മുംബൈയില്‍ കമലാസുരയ്യയെ ആദരിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെ സദസ്സില്‍നിന്നും ഒരാള്‍ മാടിവിളിച്ചു. സിമിയുടെ നേതൃതലത്തിലുണ്ടായിരുന്ന സലീം ഖാനായിരുന്നു അദ്ദേഹം. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നതാണ്. കേരളീയരായ തന്റെ സുഹൃത്തുക്കളെക്കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തി. ഇനിയെപ്പോള്‍ കണ്ടുമുട്ടും എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മറുപടിയില്ലായിരുന്നു. മുംബൈയിലെ ഹജ്ജ് ഹൗസില്‍ നടന്ന ഒരു യോഗത്തില്‍ സംബന്ധിക്കാനായി എത്തിയപ്പോള്‍ വളരെ കാലമായി കണ്ടിട്ടില്ലാത്ത ഒരു സുഹൃത്ത് പെട്ടെന്ന് അടുത്തേക്കു വരുകയും വര്‍ഷങ്ങള്‍ക്കുമുമ്പ് ഏഷ്യാഡിന് ആനകളെയും കൊണ്ടുപോയ ട്രെയിനിന് പച്ചക്കൊടി കാട്ടാന്‍ എത്തിയ കെ കരുണാകരനെതിരേ കരിങ്കൊടി കാണിച്ചതുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു.

ഖത്തറില്‍ ഒരു ടൈപ്പിങ് സെന്ററില്‍ ചെന്നപ്പോള്‍ അബ്ദുല്ല എന്ന ഒരാള്‍ പറഞ്ഞു:’തൃശൂര്‍ സിഎംഎസ് സ്‌കൂളില്‍ സംഘടിപ്പിച്ച പട്ടിപ്രദര്‍ശനത്തിനെതിരേയുള്ള സമരത്തില്‍ പങ്കെടുക്കുകയും തുടര്‍ന്ന് നിങ്ങളോടൊപ്പം പോലിസ് ലോക്കപ്പിലാവുകയും ചെയ്ത കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പെരുമ്പാവൂരില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കവേ 80കളില്‍ പരിചയപ്പെട്ട നിരവധി പേരെ കണ്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുമ്പായി ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഒരു സമിതിയില്‍ അംഗമായിരുന്ന ഒരാളും അക്കൂട്ടത്തിലുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു. ഞാനും നിങ്ങളും മാഞ്ഞാലി സുലൈമാന്‍ മൗലവിയുമാണ് ഒരു കത്ത് വാങ്ങിക്കാനായി സേട്ടിന്റെ അടുത്തുപോയത്.’
ഇതുപോലുള്ള ധാരാളം അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാവും. നാം പലരെയും നമ്മുടെ മനസ്സില്‍ കൊണ്ടുനടക്കുന്നു. പലരും അവരുടെ ഓര്‍മകളില്‍ നമ്മെയും കൊണ്ടുനടക്കുന്നു.
സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹം മനുഷ്യസഹജമാണ്. സൗഹൃദവലയങ്ങളുടെ പരിചരണമാണ് നമ്മെ നാമാക്കിത്തീര്‍ത്തതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കളിക്കളങ്ങളില്‍ ഒപ്പം കൊണ്ടുപോയി കളികള്‍ പഠിപ്പിച്ചവര്‍. എഴുതാന്‍ പ്രോല്‍സാഹനം തന്നവര്‍. പുസ്തകങ്ങള്‍ തന്നു വായിക്കാന്‍ ശീലിപ്പിച്ചവര്‍. ക്ലബ്ബുകളില്‍ അംഗത്വം കിട്ടാന്‍ സഹായിച്ചവര്‍. സാംസ്‌കാരിക വേദികളില്‍ പങ്കെടുപ്പിച്ചവര്‍. പ്രഭാഷണങ്ങളിലും സെമിനാറുകളിലും കൊണ്ടുപോയവര്‍. വിദ്യാര്‍ഥി സംഘടനയിലേക്കു വഴികാട്ടിയവര്‍. സുഹൃത്തുക്കളാരോ പിഎസ്‌സി ഫോറം വാങ്ങി പൂരിപ്പിച്ചു. ഒരു ഒപ്പിടേണ്ട അധ്വാനമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ സര്‍ക്കാര്‍ ജോലി കിട്ടിയവര്‍. വിവാഹാലോചന നടത്തി ജീവിതപങ്കാളിയെ കണ്ടെത്തിത്തന്നവര്‍……ഇങ്ങനെ നമ്മുടെ ഭൗതികസാഹചര്യങ്ങളെയും മതസാംസ്‌കാരിക ജീവിതത്തെയും സമ്പന്നമാക്കിയവരാണ് നമ്മുടെ ചങ്ങാതിമാര്‍. കാലം പിന്നിട്ടപ്പോള്‍ കൂട്ടംതെറ്റിപ്പോയി. വഴി പിരിഞ്ഞു. പരസ്പരം കാണാന്‍ കഴിയാത്തവിധം അകന്നുപോയി. ചിലര്‍ നാമറിയാതെ ഇഹലോകവാസം വെടിഞ്ഞു. കല്യാണങ്ങളിലും അടിയന്തിരങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്ത് നാം തിരഞ്ഞുകൊണ്ടിരിക്കുകയാണ് കൂട്ടുകാരെ. അവരിലാരെങ്കിലുമൊരാളെ കണ്ടുമുട്ടുമ്പോള്‍ പറഞ്ഞുതീര്‍ക്കാനാവാത്ത ആഹ്ലാദം.
വി എം കൊറാത്ത് ഒരനുഭവം പറയുന്നുണ്ട്. എന്തോ ഒരാവശ്യത്തിന് പൊറ്റെക്കാട്ടിന്റെ കൂടെ പണപ്പിരിവിനു പോയി. കുറ്റിപ്പുറത്ത് ഒരു ഹോട്ടലില്‍ കയറി ബില്ല് കൊടുത്തപ്പോള്‍ വെയ്റ്റര്‍ പണം വേണ്ടെന്നു പറഞ്ഞു. മുന്‍പരിചയമില്ലാത്ത ഒരാള്‍ ഇങ്ങനെ പറയുന്നതു കേട്ട് മിഴിച്ചുനിന്ന എസ് കെ പൊറ്റെക്കാട്ടിനോട് വെയ്റ്റര്‍ ചോദിച്ചു: താങ്കള്‍ എസ് കെ പൊറ്റെക്കാട്ടല്ലേ, എന്നെ ഓര്‍ക്കുന്നുണ്ടോ? പൊറ്റെക്കാട്ടിന് ആളെ മനസ്സിലായില്ല. നാം സിംഗപ്പൂരില്‍ കണ്ടുമുട്ടിയത് ഓര്‍ക്കുന്നുണ്ടോ എന്നയാള്‍ ചോദിച്ചു. സിംഗപ്പൂര്‍ എന്നു കേട്ടപ്പോഴേക്കും പൊറ്റെക്കാട്ടിന് എല്ലാം ഓര്‍മ വന്നു. അയാളുടെ പേരുവരെ. പിന്നെ അവര്‍ തമ്മില്‍ ആ കാലത്തെ അനുഭവങ്ങള്‍ അത്യാഹ്ലാദത്തോടെ പങ്കുവച്ചു. ഇത്തരം അനുഭവങ്ങള്‍ എന്റെയും നിങ്ങളുടെതും കൂടിയാണ്.
പട്ടിണിയില്‍നിന്നു രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും തേടി ഭാര്യയുടെ നിര്‍ദേശപ്രകാരം ദ്വാരകയിലെത്തിയ കുചേലനെ ശ്രീകൃഷ്ണന്‍ അതിരറ്റ സന്തോഷത്തോടെ വരവേറ്റു. ഗുരുകുലത്തില്‍ കഴിയവെ ഉണ്ടായ സംഭവങ്ങള്‍ കൃഷ്ണന്‍ പറഞ്ഞുകൊണ്ടിരുന്നു. ഗുരുവിന്റെ ഭാര്യയുടെ ആവശ്യപ്രകാരം കുചേലനൊപ്പം വിറകിനു കാട്ടില്‍ പോയതും ഇടിയും മിന്നലും വന്നതും രണ്ടുപേരും വേര്‍പിരിഞ്ഞതും പിന്നീട് കണ്ടുമുട്ടിയതുമുള്‍പ്പെടെയുള്ള കഥകള്‍. വന്ന ആവശ്യമുണര്‍ത്താന്‍ കുചേലനു കഴിഞ്ഞില്ല. സൗഹൃദത്തിന്റെ വിശുദ്ധഭാവത്തെയാണ് ചെറുശ്ശേരി കൃഷ്ണഗാഥയിലൂടെ വരച്ചുകാണിക്കുന്നത്. കൂട്ടുകാരുടെ ഈ സമാഗമം തന്റെ പദവി നഷ്ടപ്പെടുത്തുമോ എന്ന് ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണി ആശങ്കിച്ചുപോയതായി ചെറുശ്ശേരി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇത്തരം സമാഗമങ്ങള്‍ നാമും ആഗ്രഹിക്കുന്നു. പലരെയും പലയിടങ്ങളിലുമായി യാദൃച്ഛികമോ അല്ലാതെയോ കണ്ടുമുട്ടുന്നുണ്ട്. പക്ഷേ, സ്‌നേഹം പകര്‍ന്നും സ്‌നേഹം നുകര്‍ന്നും പല കാലങ്ങള്‍ ചെലവിട്ട പലരെയും കണ്ടുമുട്ടാനാവുന്നില്ല എന്നത് ഒരു വ്യഥയായി കൊണ്ടുനടക്കുന്നവരാണ് നാം. ഒഎന്‍വി പറഞ്ഞതുപോലെ വെറുതെയാവുമോ നമ്മുടെ മോഹങ്ങള്‍. എല്ലാ പ്രതീക്ഷകളും സഫലമാവുന്ന, വരാനിരിക്കുന്ന ഒരു നാളില്‍ യാഥാര്‍ഥ്യമാവുമെന്ന് കരുതി ആശ്വസിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day