|    Aug 14 Tue, 2018 7:43 pm
FLASH NEWS

സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

Published : 22nd December 2017 | Posted By: kasim kzm

മട്ടാഞ്ചേരി: മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.
നോര്‍ത്ത് മൂലങ്കുഴിയില്‍ വീരപ്പന്‍ ജോയിയെന്ന ജോയി(48) യെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നോര്‍ത്ത് മൂലങ്കുഴി ജങ്ഷനില്‍ ജസ്റ്റിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനു എന്ന കെ എ ജോസഫി(42) നെയാണ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സന്തോഷ്, തോപ്പുംപടി എസ്‌ഐ സി ബിനു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി പത്തോടെ നോര്‍ത്ത് മൂലങ്കുഴി ജങ്ഷനിലാണ് സംഭവം. കൊല്ലപ്പെട്ട ജോയിയും പ്രതി ജോസഫും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ജോയിയും ജോസഫും തമ്മില്‍ വാക്ക് തര്‍ക്കവും തുടര്‍ന്ന് അടിപിടിയുമുണ്ടായി. പിന്നീട് അവിടെ നിന്ന് പോയ ജോസഫ് വീട്ടിലെ കത്തിയുമായി മടങ്ങിയെത്തി മൂലങ്കുഴി ജങ്ഷനില്‍ നിന്ന ജോയിയെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ ജോയി താഴെ വീണു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെട്രോളിങ്ങിലുണ്ടായ തോപ്പുംപടി പോലിസ് എത്തി ജോയിയെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മട്ടാഞ്ചേരി അസി. പോലിസ് കമ്മീഷ്ണര്‍ എസ് വിജയന്റെ നേതൃത്വത്തി ല്‍ പോലിസ് സംഘം പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പ്രതിയെക്കുറിച്ച് മനസ്സിലാക്കിയ പോലിസ് വീട്ടിലെത്തി ഇയാളെ കയ്യോടെ പിടികൂടുകയുമായിരുന്നു.
കൊലപാതകത്തിനായി പ്രതി ഉപയോഗിച്ച കത്തി പോലിസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞു.
സംഘം ചേര്‍ന്നുള്ള മദ്യപാനത്തിനിടെയുണ്ടായ ചെറിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട ജോയി മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഹരികുമാര്‍, ജി കലേശന്‍, ജി രാജീവന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, സമദ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ബാബു, ജയരാജ്, ജയന്‍, അഭിലാഷ്, സുജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss