|    Apr 19 Thu, 2018 7:21 pm
FLASH NEWS

സുഹറയുടെ കൊലപാതകം: ദുരൂഹത നീങ്ങുന്നില്ല

Published : 11th September 2016 | Posted By: SMR

മാനന്തവാടി: ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിന് പ്രേരണയായത് മുന്‍കാല ചെയ്തികള്‍ പുറംലോകമറിയുമെന്ന ഭീതിയെന്നു സൂചന. കെല്ലൂര്‍ അഞ്ചാംമൈല്‍ കാഞ്ഞായി സുഹറ(40) കൊല്ലപ്പെട്ട സംഭവത്തിലാണ് ദുരൂഹതകള്‍ ഉള്ളതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.
കൊല നടത്തിയ ഭര്‍ത്താവ് മജീദ് പോലിസില്‍ നല്‍കിയ മൊഴിയില്‍ ഭാര്യയുമായുണ്ടായ തര്‍ക്കത്തില്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍ കൊലപ്പെടുത്തിയെന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍, മജീദിന്റെ മുന്‍കാല ജീവിതം ക്രിമിനല്‍ പശ്ചാത്തലമുള്ളതാണെന്നും ഇതു സംബന്ധിച്ച് പല രഹസ്യങ്ങളും ഭാര്യയ്ക്കറിയാമെന്നും ഇവരെ നിരന്തരം പീഡിപ്പിക്കുന്ന അവസരങ്ങളില്‍ പലപ്പോഴും ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന്  ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ ഒരു ഭൂമിയില്‍ മന്ത്രവാദിയുടെ സഹായത്തോടെ നടത്തിയ നിധി കുഴിക്കലുമായി ബന്ധപ്പെട്ടാണ് മജീദിനെതിരേ തെളിവുകളുള്ളതായി ഭാര്യ ഭീഷണിപ്പെടുത്തിയത്.
ഈ കേസ് ഉന്നതരുടെ ഇടപെടല്‍ വഴി ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഭാര്യയെ മാനസിക രോഗിയായി ചിത്രീകരിച്ചായിരുന്നു മജീദ് കഴിഞ്ഞിരുന്നത്.
എന്നാല്‍, കോഴിക്കോട്ടെ മാനസികരോഗ വിദഗ്ധനെ കാണിച്ചപ്പോള്‍ ഭര്‍ത്തവുമൊന്നിച്ച്  കൗണ്‍സലിങിന് വിധേയമാവാന്‍ ആവശ്യപ്പെട്ടെങ്കിലും മജീദ് തയ്യാറായില്ല. പകരം മന്ത്രവാദ ചികില്‍സ നടത്താനായിരുന്നു ഇയാള്‍ക്ക് താല്‍പര്യം. ഇതനുസരിച്ച് തൊട്ടടുത്തുള്ള മന്ത്രവാദിയില്‍ നിന്ന് കൊലപാതകം നടത്തിയ ദിവസവും മരുന്നുകള്‍ വാങ്ങി ഭാര്യയ്ക്കു നല്‍കിയതായി പറയപ്പെടുന്നു.
യാതൊരു അസുഖവുമില്ലാതിരുന്ന ഭാര്യയെ മനോരോഗിയായി ചിത്രീകരിച്ച് മറ്റൊരു വിവാഹത്തിനും ഇയാള്‍ ശ്രമിച്ചിരുന്നുത്രേ. സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി ഭാഗങ്ങളില്‍ വീടുകള്‍ കയറി വെള്ളിയാഭരണ വ്യാപാരം നടത്തിയിരുന്ന ഇയാള്‍ പുതിയ ആഭരണമെന്ന പേരില്‍ പഴയ ആഭരണങ്ങള്‍ വിറ്റിരുന്നെന്നും വീട്ടമ്മമാരില്‍ നിന്നു പരാതി ഉയര്‍ന്നിരുന്നു. ഈ വകയില്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു വ്യാപാരിക്ക് ഇയാള്‍ ലക്ഷക്കണക്കിന് രൂപ നല്‍കാനുള്ളതായി പറയപ്പെടുന്നു. കൊലപാതകം നടന്ന ദിവസം രാത്രി 11ഓടെ വഴക്കുണ്ടാക്കിയ ശേഷം പുറത്തിറങ്ങി തോര്‍ത്തുമായി തിരികെയെത്തി കട്ടിലില്‍ കിടക്കുകയായിരുന്ന ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയാണുണ്ടായതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. പുലര്‍ച്ചെ വരെ കൊല്ലപ്പെട്ട ഭാര്യയോടൊപ്പം കട്ടിലില്‍ കിടന്നുറങ്ങിയ ഇയാളില്‍ കടുത്ത കുറ്റവാസനയുള്ളതായാണ് പോലിസിന്റെ വിലയിരുത്തല്‍.
പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചാല്‍ നാട്ടുകാര്‍ കൈയേറ്റം ചെയ്യാനിടയുള്ളതായി പോലിസിന് വിവരം ലഭിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്താതെയാണ് പ്രതി മജീദിനെ കോടതിയില്‍ ഹാജരാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss