|    Jun 20 Wed, 2018 1:49 am

സുവര്‍ണ ജൂബിലി നിറവില്‍ വയനാട് മുസ്‌ലിം യത്തീംഖാന

Published : 9th October 2016 | Posted By: SMR

മുട്ടില്‍: അനാഥ സംരക്ഷണരംഗത്ത് സംസ്ഥാനത്തു തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന വയനാട് മുസ്‌ലിം ഓര്‍ഫനേജ് അമ്പതാം വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുന്നു. ഇതിനകം അനാഥരായ ആയിരക്കണക്കിന് കുരുന്നുകളാണ് ഈ സ്ഥാപനത്തിലൂടെ ജീവിതത്തിലേക്ക് തിരികെ നടന്നത്. 1967ലാണ് മുട്ടിലില്‍ ഓര്‍ഫനേജ് പ്രവര്‍ത്തനമാരംഭിച്ചത്. ജീവിതവഴിയില്‍ ഒറ്റപ്പെട്ട കുരുന്നുകളെ കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ദാരിദ്ര്യത്തോട് പൊരുതിയായിരുന്നു അന്നത്തെ പ്രവര്‍ത്തനം. ഇന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ 35ലധികം സ്ഥാപനങ്ങള്‍ ഡബ്ല്യുഎംഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, അല്ലാന എജ്യുക്കേഷനല്‍ കോപ്ലക്‌സ്, ഇമാം ഗസ്സാലി അക്കാദമി ഉന്നത മതപഠന ഗവേഷണ കേന്ദ്രം, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, അറബിക് കോളജ്, ഡബ്ല്യുഎംഒ സ്‌കൂള്‍, ജില്ലയിലെ ആദ്യത്തെ സിബിഎസ്ഇ സ്‌കൂള്‍ എന്നിവ ഇവയില്‍ ചിലതാണ്. അനാഥ സംരക്ഷണത്തിനായി ജീവിതം മാറ്റിവച്ച എം എ മുഹമ്മദ് ജമാലിന്റെ നേതൃത്വത്തില്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ് ഡബ്ല്യുഎംഒയെ ഉയരങ്ങളിലെത്തിച്ചത്. വര്‍ഷംതോറും നടത്തിവരുന്ന സ്ത്രീധനരഹിത വിവാഹസംഗമങ്ങള്‍ പ്രശസ്തമാണ്. ഇതിനകം 766 വിവാഹങ്ങളാണ് നടന്നത്.
സ്ത്രീധനത്തിനെതിരായ സന്ദേശം നല്‍കി നിരവധി നിര്‍ധന യുവതികള്‍ക്ക് മംഗല്യസൗഭാഗ്യമേകാന്‍ ഇതിലൂടെ കഴിഞ്ഞു. ഏഴു തൊഴില്‍ പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും ആശ്വാസമായ ബാഫഖി ഹോം ഡബ്ല്യുഎംഒയുടെ സാമൂഹിക ഇടപെടലിന്റെ മികച്ച ഉദാഹരണമാണ്. ജില്ലയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പടെയുള്ള സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. സ്വദേശികളും പ്രവാസികളുമായ സുമനസ്സുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎംഒ 50ാം വാര്‍ഷികാഘോഷ വേളയില്‍ വ്യത്യസ്തവും നൂതനവുമായ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആഘോഷങ്ങളുടെ മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ഡബ്ല്യുഎംഒ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിവിധ തുറകളില്‍ നിന്നുള്ള 500 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം കൊണ്ട്  പാകപ്പെട്ട ഒരു തലമുറ വയനാട്ടില്‍ രൂപപ്പെടുന്നതിനു പിന്നില്‍ ഡബ്ല്യുഎംഒയുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ വിശദീകരണം ജോയിന്റ് സെക്രട്ടറി മായിന്‍ മണിമ നിര്‍വഹിച്ചു.
ഡബ്ല്യുഎംഒ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ വിദ്യാഭ്യാസ- സാംസ്‌കാരിക സെമിനാറുകളും സിംപോസിയങ്ങളും നടത്താനും അനിവാര്യമായ പ്രൊജക്റ്റുകളും നിരവധി സ്വപ്‌ന പദ്ധതികളും ആരംഭിക്കാനും ചരിത്രസ്മരണിക യാഥാര്‍ഥ്യമാക്കാനും തീരുമാനിച്ചു.
പി കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി പി എ കാദര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, ഖാലിദ് ഫൈസി,  റാഷിദ് കൂളിവയല്‍, മുഹമ്മദ് ഷാ, പി അബ്ദുല്‍  റസാഖ് സംസാരിച്ചു. നവംബര്‍ 10ന് പാണക്കാട്  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ഷികാഘോഷ പ്രഖ്യാപനം നടത്തുന്നതോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss