|    Feb 22 Wed, 2017 10:11 am
FLASH NEWS

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടില്‍ ട്രാന്‍. ബസ് സര്‍വീസ് നിര്‍ത്താന്‍ നീക്കം

Published : 16th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി- കേണിച്ചിറ- മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്വകാര്യ ബസ് ലോബിയുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. കെഎസ്ആര്‍ടിസിയിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ ഇതിനു വേണ്ടി ചരടുവലി നടത്തുന്നുവെന്നാണ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടെ പരാതി. കേണിച്ചിറ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ച് ബസ്സുകള്‍ക്കും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കണമെന്ന ഉത്തരവ് സമ്പാദിച്ചിരുന്നു. കോടതി വിധിയനുസരിച്ച് കേണിച്ചിറയില്‍ പഞ്ചിങ് ആരംഭിച്ചെങ്കിലും പ്രഹസനമായിരുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇതിനെതിരേ പരാതികള്‍ നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇതിനെതിരേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. പുതിയ എംഡി കെഎസ്ആര്‍ടിസിയില്‍ ചാര്‍ജെടുത്തപ്പോള്‍ എല്ലാ ബസ്സുകള്‍ക്കും 10,000 രൂപ കലക്ഷനുണ്ടാവണമെന്നു നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസ് ലോബിയൂടെ സമ്മര്‍ദത്തിനു വഴങ്ങി മാനന്തവാടി ഡിപ്പോയിലെ ഒരു ഉദ്യോഗസ്ഥന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പാസഞ്ചേഴ്‌സ് അസോസിയേഷനുണ്ട്. കാര്യക്ഷമമല്ലാത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ ഈ റൂട്ടില്‍ സര്‍വീസിന് അയക്കുന്നുണ്ട്. ഇത്തരം ബസ്സുകള്‍ ഇടയ്ക്കിടെ കേടായി ട്രിപ്പ് മുടങ്ങുമ്പോള്‍ അതിന്റെ നേട്ടം കൊയ്യുന്നത് സ്വകാര്യ ബസ്സുകളാണ്. ഇത്തരം നടപടികള്‍ക്കെതിരേ നാട്ടുകാര്‍ പോലിസിനെയും ആര്‍ടിഒയെയും സമീപിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ഏറ്റവും ഒടുവിലായി ജില്ലാ ഭരണകൂടത്തെയും എംഎല്‍എമാരെയും സ്വാധീനിച്ച് സുല്‍ത്താന്‍ ബത്തേരി- മാനന്തവാടി റൂട്ടിലെ ട്രാന്‍. ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് ശ്രമമെന്നു പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഇതിനായി ഇന്നു കല്‍പ്പറ്റയില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പൊതുജന താല്‍പര്യത്തിനു വിരുദ്ധമായി എന്തെങ്കിലും നടപടി അധികൃതര്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചാല്‍ അതിനെതിരേ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കാര്യക്ഷമമായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന പല ട്രാന്‍. ബസ് സര്‍വീസുകളും സ്വകാര്യ ബസ് ലോബിക്കു വേണ്ടി ഉത്തരവാദപ്പെട്ട ചില ഉദ്യോഗസ്ഥര്‍ തന്നെ വരുമാന നഷ്ടത്തിലാക്കിയെന്ന സൂചനകളും തെളിവുകളും പാസഞ്ചേഴ്‌സ് അസോസിയേഷന് ലഭിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ക്കെതിരേ കല്ലോടി, പുല്‍പ്പള്ളി, നിരവില്‍പ്പുഴ, നടവയല്‍, കേണിച്ചിറ, മൂന്നാനക്കുഴി തുടങ്ങിയ സ്ഥലങ്ങളിലെ നാട്ടുകാര്‍ ഒന്നുചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധിക്കാനും വിവാദ ഉദ്യോഗസ്ഥനെ ഒഴിവാക്കി കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട്് സമരപരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക