|    Jun 18 Mon, 2018 9:16 am
FLASH NEWS

സുല്‍ത്താന്‍ ബത്തേരി പോലിസിന്’ആട് ഒരു ഭീകരജീവിയാണ്’

Published : 20th October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ പേര് അക്ഷരാര്‍ഥത്തിലായത് സുല്‍ത്താന്‍ ബത്തേരി പോലിസ് സ്‌റ്റേഷനിലാണ്. ആടുകച്ചവടക്കാരായ രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന്് ആടുകളെ കസ്റ്റഡിയിലെടുത്തതോടെയാണ് പോലിസുകാരുടെ ദുരിതകഥ തുടങ്ങുന്നത്. ആടുകളെ ലേലം ചെയ്യാന്‍ സുല്‍ത്താന്‍ ബത്തേരി കോടതി നിര്‍ദേശിച്ചു. എന്നാല്‍, ജില്ലാ കോടതി ലേലം സ്‌റ്റേ ചെയ്തതോടെ ആടിനെ സംരക്ഷിക്കേണ്ട ചുമതല വീണ്ടും പോലിസുകാര്‍ക്കായി. നിലവില്‍ ബീനാച്ചി സ്വദേശിയെ ആടിനെ നോക്കുന്നതിനായി ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെ രണ്ട് ആടുകള്‍ ചാവുകയും ചെയ്തു. കല്ലുവയല്‍ അമ്മന്‍കുളം അബ്ദുല്‍ നിസാറും കരിവള്ളിക്കുന്ന് ഷാജഹാനും തമ്മിലാണ് ആടുകളെ ചൊല്ലി പ്രശ്‌നമുണ്ടായത്. അബ്ദുല്‍ നിസാറും ഷാജഹാനും പങ്കിന് ആടുകച്ചവടം ചെയ്യുന്നവരാണ്. കച്ചവടം നടത്തുന്നതിന് 7.5 ലക്ഷം രൂപ ഷാജഹാന് നല്‍കിയെന്നു നിസാര്‍ പറയുന്നു. ഉത്തരേന്ത്യയില്‍ നിന്നാണ് ഇവര്‍ ഇറച്ചിക്കാവശ്യമായ ആടുകളെ എത്തിച്ചിരുന്നത്. തികയാതെ വന്നപ്പോള്‍ നിസാര്‍ വീണ്ടും പണം നല്‍കി. ആകെ 9,65,000 രൂപ നല്‍കിയെങ്കിലും ഷാജഹാന്‍ പണം തിരികെ നല്‍കാന്‍ തയ്യറായില്ലെന്നാണ് ഇയാളുടെ പരാതി. പലതവണ മധ്യസ്ഥര്‍ മുഖേന പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. ഷാജഹാന്റെ സഹോദരന്‍ പണം നല്‍കാമെന്നു പറഞ്ഞ് ചെക്കും സ്റ്റാമ്പ് പേപ്പറും നല്‍കി. തുടര്‍ന്നും പണം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് നിസാര്‍ പോലിസില്‍ പരാതി നല്‍കി. പോലിസ് ഇരുകൂട്ടരെയും വിളിപ്പിക്കുകയും നിസാറിന് എത്രയും പെട്ടെന്നു പണം നല്‍കണമെന്നും പറഞ്ഞുവെങ്കിലും ഷാജഹാനും സംഘവും ഇതു കൂട്ടാക്കാതെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ 13ന് ഷാജഹാന്‍ ലോറിയില്‍ ആടുകളുമായി വന്നപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് നിസാര്‍ തടഞ്ഞു. ആടുകളെ നിസാറിനോട് സൂക്ഷിച്ചോളാനും പണം നല്‍കിയ ശേഷം തിരികെ തന്നാല്‍ മതിയെന്നും ഷാജഹാന്‍ പറഞ്ഞു. 14നു വൈകീട്ട് ഷാജഹാന്റെ സുഹൃത്തുക്കള്‍ എത്തി ആടിനെ തിരികെ നല്‍കണമെന്നു നിസാറിനോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന് 15ന് പുലര്‍ച്ചെ ഷാജഹാനും സംഘവുമെത്തി നിസാറിനെ മര്‍ദ്ദിച്ചു. ആടുകളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തെത്തി നിസാറിനെ തലകീഴായി കെട്ടിത്തൂക്കി കയറുകൊണ്ട് ചുറ്റിവരിഞ്ഞു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രേ. മുസ്തഫ എന്നയാള്‍ നിസാറിനെ കാറില്‍ കയറ്റി മൈസൂരുവിലേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കവെ നിസാര്‍ മൂലങ്കാവില്‍ വച്ച് ചാടി രക്ഷപ്പെട്ട് പോലിസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി. ഇതിനിടെ, ഷാജഹാനും സംഘവും ആടുകളുമായി രക്ഷപ്പെടാനും ശ്രമം നടത്തി. ആടുകളെ കയറ്റിയ പിക്ക്അപ്പ് ഡ്രൈവര്‍മാര്‍ക്ക് പന്തികേട് തോന്നിയതോടെ ചെതലയത്ത് എത്തി വണ്ടി നിര്‍ത്തി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലിസ് എത്തി ആടുകളെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഷാജഹാനും സംഘവും രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടുന്നത് വരെ ആടുകളെ എന്തുചെയ്യുമെന്നതു സംബന്ധിച്ച് എത്തുംപിടിയുമില്ലാത്ത അവസ്ഥയിലാണ് പോലിസുകാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss