|    Oct 22 Mon, 2018 1:01 am
FLASH NEWS

സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം 28 മുതല്‍

Published : 24th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു തീരുമാനിച്ച ടൗണിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ 28 മുതല്‍ നടപ്പാവും. അഞ്ചു ദിവസം ട്രയലായും ഒക്ടോബര്‍ മൂന്നുമതല്‍ കര്‍ശനമായും പരിഷ്‌കാരം നടപ്പാക്കാനാണ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം. പരിഷ്‌കാരങ്ങള്‍ നടപ്പാവുന്നതോടെ ടൗണില്‍ അനുദിനം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്ന പ്രതീക്ഷയാണുള്ളത്. നിലവിലെ സ്റ്റാന്റുകളില്‍ കാര്യമായ മാറ്റമില്ല. എന്നാല്‍, ടൗണില്‍ രാവിലെ എത്തി വൈകീട്ട് വരെ പാര്‍ക്ക് ചെയ്യുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെടും. 57 തീരുമാനങ്ങളാണ് ടൗണില്‍ നടപ്പാവുക. മാനിക്കുനി ബസ് സ്റ്റോപ്പിന് എതിര്‍വശം മുതല്‍ ഫാറൂഖ് മില്ല് വരെ സ്വകാര്യവാഹന പാര്‍ക്കിങ് ഏരിയയായി നിശ്ചയിച്ചു. കരുണ ആശുപത്രി പരിസരം വരെ നിലവിലുള്ള ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്റ്. ആശുപത്രി മുതല്‍ വെയര്‍ഹൗസ് വരെ ചെറിയ ഗുഡ്‌സ് വാനഹങ്ങള്‍ പാര്‍ക്ക് ചെയ്യാം. തുടര്‍ന്നു വരുന്ന ഭാഗത്ത് ടയര്‍കട വരെ ജീപ്പും നിര്‍ത്താം. അസ്ംപ്ഷന്‍ സ്‌കൂള്‍ മുതല്‍ ഗോപാലന്‍ മേനോന്‍ റോഡ് വരെ നോ പാര്‍ക്കിങ് ഏരിയയാണ്. അസംപ്ഷന്‍ പള്ളി കുരിശു പരിസരത്ത് മൂന്ന് ആംബുലന്‍സ് പാര്‍ക്ക് ചെയ്യാം. ശാദുലി പള്ളിക്ക് സമീപം നാല് ഗുഡ്‌സ് വാഹനങ്ങള്‍ നിര്‍ത്താം. വില്ലേജ് ഓഫിസിനു മുന്നില്‍ രണ്ടു ലോക്കല്‍ ജീപ്പിന് പാര്‍ക്കിങ് അനുവദിച്ചു. കോ-ഓപറേറ്റീവ് ആശുപത്രിക്ക് മുന്നില്‍ നിലവിലുള്ള ഓട്ടോ, ജീപ്പ് സ്റ്റാന്റുകള്‍ നിലനിര്‍ത്തി. ഇതില്‍ വാഹനങ്ങള്‍ കോഴിക്കോട് ഭാഗത്തേക്ക് തിരിച്ചുനിര്‍ത്തണം. ഇവിടെ ഇനിമുതല്‍ മൂന്നു ജീപ്പുകളേ അനുവദിക്കൂ. കട്ടയാട് റോഡിനുശേഷം വരുന്ന ഭാഗത്ത് കോ-ഓപറേറ്റീവ് പ്രസ് വരെ സ്വകാര്യവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. മലബാര്‍ ഗോള്‍ഡിനു മുന്നില്‍ നിലവിലുള്ള ബസ് ബേ തുടരും. ബസ് ബേയ്ക്ക് മുന്നേ നാല് ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്റ് അനുവദിച്ചിട്ടുണ്ട്. അതിനുശേഷം വരുന്ന സ്‌റ്റേറ്റ് ബാങ്ക് പരിസരം വരെ സ്വകാര്യവാഹന പാര്‍ക്കിങ് ഏരിയയാണ്. നഗരസഭയുടെ കുടിവെള്ള പദ്ധതി മുതല്‍ ഓട്ടോസ്റ്റാന്റ് വരെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. തുടര്‍ന്ന് 10 ഓട്ടോറിക്ഷകള്‍ റോഡിന് സമാന്തരമായി സ്റ്റാന്റിലിട്ട് ഓടാം. തുടര്‍ന്നു വരുന്ന ഗണപതിക്ഷേത്രം പരിസരം വരെ ഇരവശങ്ങളിലും നോപാര്‍ക്കിങായിരിക്കും. തുടര്‍ന്ന് ഇരുചക്രവാഹന പാര്‍ക്കിങ് ഏരിയയായി നിശ്ചയിച്ചു. ഹാന്റക്്‌സ് പരിസരം വരെ നോ പാര്‍ക്കിങ്. തുടര്‍ന്നു ടഷറി പരിസരം വരെ സ്വാകര്യ വാഹനങ്ങള്‍ പാര്‍ക്ക്് ചെയ്യാം. ദ്വാരക റോഡ് വരെ നോ പാര്‍ക്കിങ് ഏരിയ. ഇവിടം മുതല്‍ കീര്‍ത്തി ടവര്‍ വരെ നിലവിലെ ബസ് ബേ തുടരും. ഇതിനു മുന്നിലായി ഓട്ടോറിക്ഷകള്‍ മൈസൂരു റോഡ് ഭാഗത്തേക്ക് തിരിച്ച് റോഡിന് സമാന്തരമായി ഇടണം. എതിര്‍വശത്ത് ചുങ്കം മെഡിക്കല്‍സിന്റെ മുന്നിലും ബസ് ബേയായിരിക്കും. ഭീമ ജ്വല്ലേഴ്‌സ് പരിസരം വരെ റോഡിനിരുവശവും നോ പാര്‍ക്കിങ് ഏരിയയായിരിക്കും. തുടര്‍ന്ന് കെഎസ്ഇബി പരിസരം വരെ സ്വാകാര്യവാഹനങ്ങള്‍ക്ക്  പാര്‍ക്ക് ചെയ്യാം. കോട്ടക്കുന്നുള്ള ബസ്‌സ്‌റ്റോപ്പ് അല്‍പം മുന്നോട്ടു നീങ്ങും. കോട്ടക്കുന്നില്‍ നിലവിലുള്ള ട്രാക്ടര്‍ സ്റ്റാന്റ് മൈസൂരു റോഡില്‍ ഹില്‍ഡയ്ക്ക്് ശേഷമാക്കി. ഈ ഭാഗത്തുള്ള ഓട്ടോസ്റ്റാന്റിന് മാറ്റമില്ല. ഇവിടെയുള്ള ഗുഡ്‌സ് സ്റ്റാന്റ് നിരപ്പം ഏജന്റ്‌സിക്ക് മുന്നിലേക്കാക്കി. ലോറികള്‍ ഗീതാഞ്ജലി പമ്പ് എത്തുന്നതിനു മുമ്പായി നിര്‍ത്തണം. ഊട്ടി റോഡില്‍ തുടക്കത്തില്‍ ഇടതുഭാഗത്ത് ഇരുചക്രവാഹന പാര്‍ക്കിങായി നിജപ്പെടുത്തി. പുല്‍പ്പള്ളി റോഡില്‍ കോളജിലേക്ക് തിരിയുന്ന വശത്തുള്ള ഓട്ടോസ്റ്റാന്റ് ക്രമീകരിക്കും. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകള്‍ സ്റ്റാനുള്ളില്‍ കയറി ഒരു മിനിറ്റ് നിര്‍ത്തിയശേഷം പോവണം. രാവിലെ 9.30 മുതല്‍ 10.30 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചുവരെയും ടൗണില്‍ ലോഡുകള്‍ ഇറക്കാന്‍ പാടില്ല. തട്ടുകടകളുടെ കച്ചവടം രാത്രി ഏഴുമുതല്‍ 12 വരെയാക്കി. എല്ലാ പോക്കറ്റ് റോഡുകളുടെയും 50 മീറ്റര്‍ ദൂരം നോ പാര്‍ക്കിങായിരിക്കും. സ്വകാര്യവാഹനങ്ങള്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം ടൗണില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. നിശ്ചിത സമയത്തില്‍ കൂടുതല്‍ നിര്‍ത്തിയിട്ടാല്‍ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചു. എംഇഎസ് ആശുപത്രി ഗേറ്റ് മുതല്‍ വലിയ ഗേറ്റ് വരെ ഉന്തുവണ്ടികള്‍ നിര്‍ത്താം. രാവിലെ എട്ടുമുതല്‍ രാത്രി എട്ടു വരെയായിരിക്കും ട്രാഫിക് നിയമങ്ങളെന്നും ട്രാഫിക് അഡൈ്വസറി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രാഫിക് പരിഷ്‌കരണങ്ങള്‍ നടപ്പാവുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി എല്‍ സാബു, സിഐ എം ഡി സുനില്‍, ട്രാഫിക് എസ്‌ഐ ടി ജെ സക്കറിയ, എംവിഐ റോണി വര്‍ഗീസ്, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ ഇബ്രാഹീം തൈത്തൊടി, പി ജി സോമനാഥ്, ജിജി അലക്‌സ്, എ കെ വിനോദ്, അനീഷ് ബി നായര്‍, പി വൈ മത്തായി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss