|    Jun 25 Mon, 2018 1:55 pm

സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ക്രമക്കേട്; സമഗ്രാന്വേഷണത്തിന് ഉത്തരവ്

Published : 22nd November 2016 | Posted By: SMR

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 2015-16ലെ പ്രത്യേക ഓഡിറ്റില്‍ കണ്ടെത്തിയ ക്രമക്കേടുകളിലും ന്യൂനതകളിലും സമഗ്രാന്വേഷണത്തിനു ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഉത്തരവായി. ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ (ഓഡിറ്റ്) ശുപാര്‍ശയില്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരമാണ് ഉത്തരവ്. കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിയമനങ്ങളിലടക്കം കണ്ടെത്തിയ ക്രമക്കേടുകളില്‍ പ്രത്യേക ഓഡിറ്റ് സംഘം വിശാന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ ജൂനിയര്‍ ഓഡിറ്റര്‍മായ വി ജെ മത്തായി, സി സല്‍സുധ, പി കെ വിജയന്‍ എന്നിവരടങ്ങുന്നതായിരുന്നു ഓഡിറ്റ് സംഘം. ബാങ്കില്‍ നടന്ന ക്രമക്കേടുകളില്‍ നേരത്തേ വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു. ബാങ്ക് ഭരണസമിതി പിരിച്ചുവിടുന്നതിനു ഉതകുന്ന നടപടികളാണ് വയനാട് വിജിലന്‍സ് ഡിവൈഎസ്പി കെ കെ മാര്‍ക്കോസ് ഡയറക്ടര്‍ ജേക്കബ് തോമസിന് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2012 ഫെബ്രുവരി 24ലെ 2001/45 സഹകരണ ഓഡിനന്‍സ് പ്രകാരം വയനാട് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് വിഭജിച്ച് രൂപീകരിച്ചതാണ് സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്. വിഭജന സമയം മാതൃബാങ്കില്‍ 18 ജീവനക്കാരും 4,297 വായ്പകളിലായി 20.93 കോടി രൂപ ബാക്കിനില്‍പും ഉണ്ടായിരുന്നു. വിഭജനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബാങ്കിലേക്ക് നാലു ജീവനക്കാരെയും 1,692 വായ്പകളിലായി 5.79 കോടി രൂപയുടെ വായ്പ ബാക്കിനില്‍പുമാണ് മാറ്റിയത്. അപ്പോഴത്തെ ബിസിനസ് വ്യാപ്തി അനുസരിച്ച് ഇത്രയും ജീവനക്കാര്‍ മതിയെങ്കിലും രണ്ടുപേര്‍ മാതൃബാങ്കിലേക്ക് മടങ്ങിയതിനാല്‍ സുല്‍ത്താന്‍ ബത്തേരി ബാങ്കില്‍ ദൈനംദിന ജോലികള്‍ ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തില്‍ ബാങ്ക് ഏഴു ക്ലാര്‍ക്കുമാരെയും ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. ഇവര്‍ക്ക് പിന്നീട് നിയമവിരുദ്ധമായി സ്ഥിരനിയമനം നല്‍കിയതാണ് പ്രത്യേക ഓഡിറ്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ക്രമക്കേടുകളില്‍ ഒന്ന്. സഹകരണ രജിസ്ട്രാറുടെ നിയമന നിരോധന ഉത്തരവ് നിലനില്‍ക്കെ സബ്സ്റ്റാഫ് വിഭാഗത്തില്‍ നടത്തിയ നിയമനങ്ങളാണ് മറ്റൊന്ന്. സബ്സ്റ്റാഫ് തസ്തികയിലെ ജീവനക്കാര്‍ക്ക് ബിരുദം വിദ്യാഭ്യാസ യോഗ്യതയായി പാടില്ലെന്നാണ് സഹകരണ ചട്ടത്തില്‍. ഇതവഗണിച്ച് ഉന്നതബിരുദം ഉള്ളവര്‍ക്ക് സബ്സ്റ്റാഫ് തസ്തികയില്‍ നിയമനം നല്‍കിയെന്നു റിപോര്‍ട്ടില്‍ പറയുന്നു. 2013 തുടക്കത്തില്‍ സഹകരണ നിയമം അപ്പന്റിക്‌സ് മൂന്നില്‍ ക്ലാസ് വണ്‍ സംഘങ്ങള്‍ക്ക് അനുവദനീയമായ തസ്തികകള്‍ 11 എണ്ണമാണ്. എന്നാല്‍, സുല്‍ത്താന്‍ ബത്തേരി ബാങ്കില്‍ ക്ലാസിഫിക്കേഷന്‍ നടത്താതെ 29 തസ്തികകള്‍ക്ക് അനുമതി വാങ്ങുകയും 24 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തതായി ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. സ്റ്റാഫ് പാറ്റേണ്‍ പുതുക്കിവാങ്ങേണ്ടതാണെന്ന 2014-15ലെ ഓഡിറ്റ് റിപോര്‍ട്ടില്‍ നിര്‍ദേശം അവഗണിക്കപ്പെട്ടതായി പ്രത്യേക റിപോര്‍ട്ടില്‍ പറയുന്നു. നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടത്തിയ വകയില്‍ ബാങ്കിനു കനത്ത സാമ്പത്തിക ബാധ്യത വന്നതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss