|    Jun 26 Mon, 2017 10:44 am
FLASH NEWS

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്; ചെയര്‍മാന്‍ കസേരയില്‍ വട്ടമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍

Published : 29th October 2016 | Posted By: SMR

കല്‍പ്പറ്റ: അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കെപിസിസി നിര്‍ദേശിച്ചതനുസരിച്ച് പ്രഫ. കെ പി തോമസ് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതോടെ കസേര വരുതിയിലാക്കാന്‍ ഭരണസമിതിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം തുടങ്ങി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ പാര്‍ട്ടിയിലെ എ വിഭാഗത്തില്‍ നിന്നുള്ള സി പി വര്‍ഗീസ്, ഐ ഗ്രൂപ്പിലെ എം എസ് വിശ്വനാഥന്‍, ആര്‍ പി ശിവദാസ് എന്നിവരാണ് ചെയര്‍മാന്‍ കസേര വട്ടമിടുന്നവരില്‍ പ്രമുഖര്‍. ഡോ. സണ്ണി ജോര്‍ജ്, ഒ എം ജോര്‍ജ്, ഇ വി വര്‍ഗീസ്, വി എം വിശ്വനാഥന്‍, സക്കറിയ മണ്ണില്‍, മേഴ്‌സി സാബു, അന്നക്കുട്ടി ദേവസ്യ, ടി മറിയക്കുട്ടി, സി എം മേരി എന്നിവരാണ് ബാങ്കിലെ മറ്റ് ഡയറക്ടര്‍മാര്‍. ചെയര്‍മാന്‍ സ്ഥാനം രാജിവച്ച പ്രഫ. തോമസ് ഭരണസമിതി അംഗത്വം നിലനിര്‍ത്തിയിട്ടുണ്ട്. യുഡിഎഫ് ജില്ലാ കണ്‍വീനറും ഡിസിസി മുന്‍ പ്രസിഡന്റുമാണ് സി പി വര്‍ഗീസ്. കെപിസിസി സെക്രട്ടറിയാണ് പട്ടികവര്‍ഗക്കാരനായ എം എസ് വിശ്വനാഥന്‍. ഡിസിസി സെക്രട്ടറിയും സേവാദള്‍ ജില്ലാ ചെയര്‍മാനും ബാങ്കിന്റെ മുന്‍ വൈസ് ചെയര്‍മാനുമാണ് ശിവദാസ്. ബാങ്കിന്റെ അമരം പിടിക്കുന്നതിന് അവസരം ലഭിക്കാന്‍ ഇവര്‍ പലവഴിക്കും പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതാക്കളില്‍ സമ്മര്‍ദ്ദംചെലുത്തിവരികയാണ്. കെപിസിസി പ്രസിഡന്റിനെ നേരില്‍ക്കണ്ട് സ്വാധീനിക്കാനുള്ള ഒരുക്കത്തിലാണ് ചിലര്‍. രാഷ്ട്രീയരംഗത്ത് സജീവമല്ലെങ്കിലും നിലവിലെ വൈസ് ചെയര്‍മാന്‍ ഡോ. സണ്ണി ജോര്‍ജും ചെയര്‍മാന്‍ പദവിയില്‍ നോട്ടമിട്ടിട്ടുണ്ട്. നാലു പതിറ്റാണ്ടാണ് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിന് പഴക്കം. ജില്ലയില്‍ സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ഏക ധനകാര്യ സ്ഥാപനമാണിത്. 11 ശാഖകളുണ്ട്. ഏഴു കോടി രൂപയാണ് ഓഹരി മൂലധനം. നിക്ഷേപം 175 കോടി രൂപയും. ഏകദേശം 145 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി പൂര്‍ണമായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ബാങ്ക് ഭരണം. പ്രഫ. തോമസിന്റെ രാജി കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന ഭരണസമിതി യോഗമാണ് അംഗീകരിച്ചത്. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് (ജനറല്‍) കൈമാറുന്നതിന് രാജിക്കത്ത് ജനറല്‍ മാനേജരെ അന്നുതന്നെ ഏല്‍പിക്കുകയുമുണ്ടായി. എന്നാല്‍, കത്ത് വ്യാഴാഴ്ച വൈകീട്ട് വരെ ലഭിച്ചിട്ടില്ലെന്നു ജോയിന്റ് രജിസ്ട്രാര്‍ പറഞ്ഞു. കത്ത് ലഭിക്കുന്ന മുറയ്ക്കാണ് ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് അറിയിച്ചും പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനു ശുപാര്‍ശ ചെയ്തും തിരുവനന്തപുരത്തെ കേരള സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന് കുറിപ്പ് അയക്കുന്നത്. ഇതു പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരണാധികാരിയെ നിയോഗിക്കുന്നത്. വരണാധികാരി ഭരണസമിതി അംഗങ്ങള്‍ക്ക് ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക