|    May 26 Fri, 2017 3:34 am
FLASH NEWS

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്: കോണ്‍ഗ്രസ്സില്‍ തിരക്കിട്ട ചര്‍ച്ച

Published : 17th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം ഡിസിസി മുന്‍ പ്രസിഡന്റുമായ പ്രഫ. കെ പി തോമസ് അറിയിച്ചതോടെ സ്ഥാപനത്തിന്റെ അടുത്ത സാരഥിയെക്കുറിച്ചുള്ള ചര്‍ച്ച കോണ്‍ഗ്രസ് പ്രദേശിക ഘടകങ്ങളില്‍ സജീവമായി. നിയമനങ്ങളിലടക്കം നടന്ന ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിനു ബാങ്ക് ഭരണസമിതി 2013 മെയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയ ഡിസിസി സെക്രട്ടറി ആര്‍ പി ശിവദാസ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തുമോ എന്നതിനെക്കുറിച്ചാണ് ചര്‍ച്ച. 2012 ഒക്‌ടോബറില്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് 2013ല്‍ ബാങ്ക് നിയമനം നല്‍കുകയുണ്ടായി. ഇതിനെതിരേ രംഗത്തുവന്നതോടെയാണ് അക്കാലത്ത് സേവാദള്‍ ജില്ലാ ചെയര്‍മാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമായിരുന്ന ശിവദാസ് ഭരണസമിതിക്ക് അനഭിമതനായത്. 14 വര്‍ഷമായി പ്രഫ. തോമസ് ചെയര്‍മാനായുള്ള ബാങ്കില്‍ 2012നും 2016നും ഇടയില്‍ നടന്ന 22    നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് സഹകാരികളില്‍ ചിലര്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പരാതി നല്‍കിയിരുന്നു. പരാതികള്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കെപിസിസി അധ്യക്ഷന്‍, സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാനുമായ മരിയാപുരം ശ്രീകുമാറിനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചു. മാസങ്ങള്‍ മുമ്പ് കല്‍പ്പറ്റയില്‍ സിറ്റിങ് നടത്തി സഹകാരികളില്‍നിന്നു തെളിവുകള്‍ ശേഖരിച്ച കമ്മീഷന്റെ റിപോര്‍ട്ടില്‍ നിയമനങ്ങള്‍ സുതാര്യമല്ലെന്നും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ്ബാബു നടപടികള്‍ ഒഴിവാക്കുന്നതിന് കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നു നിര്‍ദേശിച്ച് പ്രഫ. തോമസിനു നോട്ടീസ് അയച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രഫ. തോമസ് ബാങ്ക് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത്. കെപിസിസിയുടെ നോട്ടീസിന് മറുപടിയായി വക്കീല്‍ നോട്ടീസ് അയക്കാന്‍ ആലോചിച്ചുവെങ്കിലും ഇതുവരെ പൊതുരംഗത്ത് ആര്‍ജിച്ച സമ്മതിയെക്കരുതി നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച ചെയ്താണ് രാജിക്കാര്യം തീരുമാനിച്ചതെന്നും വെളിപ്പെടുത്തി.  13 അംഗങ്ങളാണ് പൂര്‍ണമായി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള അര്‍ബന്‍ ബാങ്ക് ഭരണസമിതിയില്‍. ഡോ. സണ്ണി ജോര്‍ജാണ് വൈസ് ചെയര്‍മാന്‍. പി എം തോമസ്, സി എം മേരി, മേഴ്‌സി സാബു, അന്നക്കുട്ടി മാത്യു, കെ ജെ മറിയക്കുട്ടി, വി വി വര്‍ഗീസ്, സക്കറിയ മണ്ണില്‍, എം എസ് വിശ്വനാഥന്‍, ഒ എം ജോര്‍ജ്, സി പി വര്‍ഗീസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇതില്‍ വിശ്വനാഥന്‍ കെപിസിസി സെക്രട്ടറിയാണ്. വര്‍ഗീസ് ഡിസിസി മുന്‍ പ്രസിഡന്റും. ഡിസിസി തീരുമാനത്തിനും കെപിസിസി അംഗീകാരത്തിനും വിധേയമായിരിക്കും ചെയര്‍മാന്‍ നിര്‍ണയമെന്നാണ് സുല്‍ത്താന്‍ ബത്തേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ പൊതുവെ അഭിപ്രായം. നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും ഡിസിസി മുന്‍ ഖജാഞ്ചിയുമായ കെ കെ ഗോപിനാഥിനും കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം ജനറല്‍ സെക്രട്ടറി നോട്ടീസ് അയച്ചിരുന്നു. ബാങ്ക് സാരഥികള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് മരിയാപുരം ശ്രീകുമാര്‍ നടത്തിയ സിറ്റിങില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം 34 പേരാണ് രേഖാമൂലം തെളിവ് സമര്‍പ്പിച്ചത്. 40 ഓളം പേര്‍ മൊഴിയും നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day