|    Mar 23 Thu, 2017 9:59 am
FLASH NEWS

സുലേഖ വധം: പ്രതികളെ വെറുതെ വിട്ടു

Published : 30th April 2016 | Posted By: SMR

കൊച്ചി: പട്ടിമറ്റം കുമ്മനോട് മാതേക്കാട്ട് അബ്ദുല്‍ ഖാദറിന്റെ ഭാര്യ സുലേഖ(45) കൊല്ലപ്പെട്ട കേസിലെ പ്രതികളെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി പട്ടിമറ്റം കുമ്മനോട് തൈലാന്‍ വീട്ടില്‍ പൂത്താന്‍ കരീം എന്ന അബ്ദുല്‍ കരീം(49), മൂന്നാം പ്രതി പട്ടിമറ്റം ഭണ്ഡാരക്കവല നെടുവേലില്‍ ചന്ദ്രന്റെ ഭാര്യ വല്‍സലകുമാരി (57) എന്നിവരെയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം സന്തോഷ് കുമാര്‍ വെറുതെ വിട്ടത്. രണ്ടാം പ്രതി കുമ്മനോട് കുഞ്ഞിത്തീ വീട്ടില്‍ അബ്ദുല്‍ കരീം വിചാരണയ്ക്കിടെ അപകടത്തില്‍ മരണപ്പെട്ടിരുന്നു.
പട്ടിമറ്റത്ത് ഹൈദ്രോസിന്റെ ഉടമസ്ഥതയിലുള്ള റബര്‍ എസ്റ്റേറ്റില്‍ വിറക് ശേഖരിക്കുന്നതിനിടെ 2006 ജൂലൈ 29നു ഉച്ചയ്ക്ക് മൂന്നു മണിയോടെ സുലേഖയെ കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഇവരുടെ കഴുത്തറുക്കുകയും പതിനായിരം രൂപയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു.
മൂന്നാം പ്രതി ഇറച്ചിവെട്ടുകാരായ ഒന്നും രണ്ടും പ്രതികളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടത് സുലേഖ കാണാനിടയായതിനെ തുടര്‍ന്ന് ഇത് മറ്റുള്ളവരോട് പറയുമോയെന്ന ഭയത്താല്‍ മൂന്നു പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ മൂന്നു പേരും ചേര്‍ന്ന് സുലേഖയെ തറയില്‍ കിടത്തിയ ശേഷം രണ്ടാംപ്രതി കഴുത്ത് മുറിച്ചുവെന്നും പോലിസ് പറയുന്നു. റബര്‍ എസ്റ്റേറ്റ് ഉടമ ഹൈദ്രോസിന്റെ സഹോദരി ഖദീജയാണു സുലേഖയെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. സാക്ഷികളാരെങ്കിലും സുലേഖയെ പ്രതികളുടെ കൂടെ കണ്ടോയെന്നോ ഇവരെ അവസാനം കണ്ടതാരെന്നോ തെളിയിക്കാനും പ്രോസിക്യൂഷനായില്ല.
മൂന്നാം പ്രതി രണ്ടു വര്‍ഷത്തിനു ശേഷം കൂട്ടുകാരിയോടു കുറ്റമേറ്റുപറഞ്ഞതും കേസില്‍ അസ്വാഭാവികതയാണുണ്ടാക്കിയത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയ്ക്കാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞെങ്കിലും ആ സമയത്ത് ചായക്കടക്കാരനും ബസ് ഡ്രൈവറും രണ്ടാം പ്രതിയെ കണ്ടതായും പറഞ്ഞു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇത് സമ്പൂര്‍ണമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.
പോലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. കൊലപാതകം, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. പ്രോസിക്യൂഷന്‍ 101 പേരെ വിസ്തരിക്കുകയും 72 രേഖകള്‍ ഹാജരാക്കുകയുമുണ്ടായി. സിബിഐ ഇന്‍സ്‌പെക്ടര്‍ പി ഐ അബ്ദുല്‍ അസീസാണ് കേസന്വേഷിച്ചത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ മനു ടോം ചെറുവള്ളി, മുഹമ്മദ് സബാഹ് എന്നിവര്‍ ഹാജരായി. എന്നാല്‍, വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍, ചെയര്‍മാന്‍ കെ പി കൃഷ്ണന്‍ കുട്ടി എന്നിവര്‍ പറഞ്ഞു.

(Visited 58 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക