|    Mar 24 Fri, 2017 9:49 am
FLASH NEWS

സുരേഷ് വധം: ആര്‍എസ്എസ് മുഖ്യശിക്ഷക് റിമാന്‍ഡില്‍

Published : 15th August 2016 | Posted By: SMR

കാട്ടാക്കട: സിപിഎം പ്രവര്‍ത്തകന്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷകിനെ റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതിയായ ആര്‍എസ്എസ് തമലം ശാഖാ മുഖ്യശിക്ഷക് തമലം ചെമ്പക തോട്ടത്തില്‍ വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന ഗിരീഷ് (24)നെയാണ് കോടതി റിമാന്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ്  എട്ടരക്ക് വണ്ടന്നൂരിനടുത്ത് തേവരക്കോട് പഞ്ചമീദേവി ക്ഷേത്രത്തിന് മുന്നില്‍വച്ച് തമലം സ്വദേശിയും സിപിഎം പ്രവര്‍ത്തകനും സിഐടിയു തൊഴിലാളിയും ആയ സുരേഷിനെ കാറിടിച്ച് തെറുപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഗൂഢാലോചന നടത്തിയത് ആര്‍എസ്എസ് ശാഖയിലും ആര്‍എസ്എസ് കാര്യവാഹകന്റെ വീട്ടിലുമാണെന്ന് വ്യകതമായി. ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്ന്‌പേര്‍ കൂടി പോലിസ് കസ്റ്റഡിയില്‍ ആയതായാണ് സൂചന.
കൊലപാതകത്തിലും ഗൂഢാലോചനയിലും ഉള്‍പെട്ട കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലിസ് പറഞ്ഞു. കൊലപാതകം നടത്തിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപവാസിയായ ഒരു സിആര്‍പിഎഫ് ജവാന്‍ ഇയാളെ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ സുരേഷിന്റ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലിസിന് ലഭ്യമായിട്ടുണ്ട്.
രണ്ടാം പ്രതിയായ ഗിരീഷിനെ കൂടാതെ ഒന്നാം പ്രതി സാംകുട്ടി എന്ന സാംജോണ്‍സണ്‍ മൂന്നാം പ്രതി രഞ്ജു, നാലാം പ്രതിശിവപ്രസാദ് എന്നിവരാണ് നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തത്. സാംകുട്ടി ആണ് കൊലപാതകത്തിന് ഉപയോഗിച്ച വെള്ള സെന്‍കാര്‍ ഓടിച്ചതും സുരേഷ്‌കുമാറിന്റെ സ്‌കൂട്ടറിന് പുറകില്‍ ഇടിച്ച് തെറിപ്പിച്ചതും. സുരേഷ്‌കുമാര്‍ വീണിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ വാഹനത്തില്‍ നിന്നു ചാടി ഇറങ്ങി ഒരാള്‍ കൈമുറുക്കി സുരേഷ് കുമാറിന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. ഒറ്റ ഇടിയോടെ ബോധം കെട്ട് സമീപത്തെ ഓടയിലേക്ക് വീണ സുരേഷിനെ അവിടെയിട്ട് തന്നെ നാലുപേരും ചേര്‍ന്ന് കൊടുവാളും വെട്ടുകത്തിയും ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയുമാടിരുന്നു.
അറുപത്തി മൂന്നോളം മുറിവുകള്‍ സുരേഷ്‌കുമാറിന്റെ ശരീരത്തില്‍ ഏറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വെട്ടുകൊണ്ട് സുരേഷ്‌കുമാര്‍ മരിച്ചു എന്ന് ഉറപ്പ് വരുത്തിയശേഷം കാറില്‍രക്ഷപ്പെടാനായിരുന്നു തീരുമാനം. എന്നാല്‍ സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ നിയന്ത്രണം തെറ്റിയകാര്‍ ഓടയിലേക്ക് ഇറങ്ങിയതിനാല്‍ അതിന് കഴിഞ്ഞില്ല. അതിനാല്‍ അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതായി ഗിരീഷ് പോലിസിനോട് പറഞ്ഞു. 2013 ല്‍ തമലത്ത് വച്ച് ആര്‍എസ്എസ് മുഖ്യശിക്ഷക് ബിനുമോന്‍ കൊല്ലപ്പെട്ടതില്‍ ഉള്ള പ്രതികാരമായാണ് സുരേഷ്‌കുമാറിനെ കൊലപ്പെടുത്തിയതെന്നും മാസങ്ങള്‍ക്കു മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും ഗിരീഷ് പറഞ്ഞു.
കൊലപാതകം നടത്താനായി പ്രതികള്‍ ഉപയോഗിച്ച വെള്ള സെന്‍കാര്‍ അരുണിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. കൊലനടത്താന്‍ ഗൂഡാലോചന നടത്തിയ പ്രമുഖ ആര്‍എസ്എസുകാര്‍ അടക്കമുള്ള കൂടുതല്‍ പേരുടെ വിവരങ്ങള്‍ പോലിസിന് ലഭ്യമായിട്ടുണ്ട്. ഇവരും ഉടന്‍ പിടിയിലാകുമെന്ന് പോലിസ്പറഞ്ഞു.

(Visited 91 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക