|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുരേന്ദ്രന് കടുത്ത ഉപാധികളോടെ ജാമ്യം: മൂന്ന് മാസത്തേക്ക് പത്തനംതിട്ടയില്‍ പ്രവേശിക്കരുത്‌

Published : 8th December 2018 | Posted By: kasim kzm

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സായ സ്ത്രീയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ടുലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. മാസത്തിലെ ആദ്യ തിങ്കളാഴ്ച രാവിലെ 10നും ഉച്ചയ്ക്ക് ഒരുമണിക്കുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം. മൂന്ന് മാസത്തേക്ക് ഇതു തുടരണം. കോടതികളില്‍ ഹാജരാവാനല്ലാതെ അടുത്ത മൂന്നുമാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, പത്തനംതിട്ടയില്‍ പോവേണ്ടതുണ്ടെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിവയാണ് മറ്റ് ജാമ്യവ്യവസ്ഥകള്‍.
ശബരിമലയില്‍ സ്വയം രൂപം കൊണ്ട പ്രതിഷേധക്കാരുടെ പ്രവൃത്തിയില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന സുരേന്ദ്രന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹരജിക്കാരന് പങ്കുണ്ടെന്ന് കേസ് ഡയറിയിലെ വസ്തുതകള്‍ പരിശോധിച്ചതില്‍ നിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. കെ സുരേന്ദ്രനെപ്പോലെ ഒരു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഉത്തരവാദിത്തമുള്ള പദവി വഹിക്കുന്ന വ്യക്തി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും സുരേന്ദ്രന്‍ കഴിഞ്ഞമാസം 17 മുതല്‍ ജയിലിലാണെന്ന കാര്യം പരിഗണിക്കുകയാണ്. ഈ പശ്ചാത്തലവും കേസ് അന്വേഷണത്തിന്റെ പുരോഗതിയും കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
നവംബര്‍ ആറിന് ശബരിമല ദര്‍ശനത്തിനെത്തിയ ലളിതയെന്ന 52 വയസ്സായ സ്ത്രീയെയും ബന്ധുവായ മൃദുല്‍ കുമാറിനെയും പ്രതിഷേധക്കാര്‍ ആക്രമിച്ച കേസിലാണ് കെ സുരേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി സൂരജിനെ നവംബര്‍ ഏഴിന് അറസ്റ്റ് ചെയ്തിരുന്നു. ശബരിമലയിലെ പ്രതിഷേധക്കാരുടെ നീക്കങ്ങള്‍ ബിജെപി നേതാക്കള്‍ ഇവിടെ ക്യാംപ് ചെയ്ത് നിരീക്ഷിച്ചും നിര്‍ദേശം നല്‍കിയും വന്നിരുന്നെന്നാണ് കേസ്. സുരേന്ദ്രനടക്കമുള്ളവര്‍ക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss