|    May 29 Mon, 2017 9:43 am
FLASH NEWS

സുരക്ഷ ഉറപ്പാക്കാതെ വീണ്ടും വാര്‍ത്താക്കുറിപ്പ്; കോടതികളില്‍ വിലക്കില്ല:രജിസ്ട്രാര്‍

Published : 15th October 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അഭിഭാഷകരുടെ കൈയേറ്റം തുടരുമ്പോഴും കോടതികളില്‍ മാധ്യമവിലക്കില്ല എന്ന പതിവ് പ്രസ്താവനയുമായി രജിസ്ട്രാര്‍ ജനറല്‍. മുമ്പ് രണ്ടുതവണ സമാനമായ പ്രസ്താവന രജിസ്ട്രാര്‍ പത്രക്കുറിപ്പായി ഇറക്കിയിരുന്നു. അതിന് ശേഷവും ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ കൈയേറ്റ ശ്രമം ഉണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി നേരിട്ട് ചര്‍ച്ചനടത്തിയ ശേഷം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്താന്‍ കോടതികളില്‍ അവസരം ഉണ്ടാക്കുമെന്നും ഇതു സംബന്ധിച്ച് പരസ്യപ്രഖ്യാപനം നടത്താമെന്നും അറിയിച്ചിരുന്നു. ഇതെതുടര്‍ന്നിറക്കിയ പത്രക്കുറിപ്പിലാണ് കോടതികളില്‍ വിലക്കില്ലെന്ന് മാത്രം വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് കോടതികളില്‍ വിലക്കാണെന്ന രീതിയില്‍ തുടര്‍ച്ചയായി വാര്‍ത്താമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, കോടതിക്കകത്ത് വാര്‍ത്താശേഖരണത്തിനായി വിലക്കില്ലെന്നുള്ള ചുരുങ്ങിയ വരികളിലുള്ള പത്രക്കുറിപ്പാണ് രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ ഇന്നലെ പുറത്തിറക്കിയത്. കോടതികളിലെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ അടക്കമുള്ളവ പരാമര്‍ശിക്കാതെയാണ് വാര്‍ത്താക്കുറിപ്പ്. എന്നാല്‍, രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയെ കുറിച്ചോ കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചോ ഒന്നും പരാമര്‍ശിക്കാതെയാണ് കഴിഞ്ഞ ജൂലൈ 30 സപ്തംമ്പര്‍ 23നും  നല്‍കിയ അതേ രീതിയിലുള്ള വിശദീകരണം രജിസ്ട്രാര്‍ ജനറല്‍ നല്‍കിയിട്ടുള്ളത്. ഇന്നലെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അഭിഭാഷകര്‍ അക്രമണം നടത്തിയ സാഹചര്യം പോലും കണക്കിലെടുക്കാതെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day