|    Apr 21 Sat, 2018 7:11 pm
FLASH NEWS
Home   >  Editpage  >  Editorial  >  

സുരക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍

Published : 6th January 2016 | Posted By: SMR

പത്താന്‍കോട്ട് വ്യോമസേനാ ആസ്ഥാനത്തുണ്ടായ ആക്രമണം തീര്‍ച്ചയായും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ പഞ്ചാബിലും ജമ്മു-കശ്മീരിലും അഞ്ചു തവണ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായി. നിരന്തരം സംഭവിക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്നതാണ് പ്രധാന ചോദ്യം. മികച്ച സുരക്ഷാ സംവിധാനങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും ഉണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് എന്തുകൊണ്ട് വിദേശ അക്രമികളുടെ ആസൂത്രണങ്ങളെക്കുറിച്ച് നേരത്തെത്തന്നെ വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നത് ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയമാണ്.
പത്താന്‍കോട്ടിലുണ്ടായ ആക്രമണം നമ്മുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് കുറച്ചുകൂടി പ്രസക്തമായ ആലോചന ആവശ്യപ്പെടുന്നു. തന്നെ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തുവെന്ന് ഗുര്‍ദാസ്പൂരിലെ എസ്പി വിവരം നല്‍കിയിരുന്നു. തട്ടിയെടുത്ത എസ്പിയുടെ വാഹനം ഉപയോഗിച്ചാണ് അവര്‍ വ്യോമസേനാ ആസ്ഥാനത്തിന് അടുത്തെത്തിയത്. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും ഈ വാഹനത്തെ ഒരു സുരക്ഷാ പോയിന്റിലും തടഞ്ഞില്ലെന്നല്ലേ അതിന്റെ അര്‍ഥം? മാത്രവുമല്ല, വ്യോമസേനാ താവളത്തിനുള്ളില്‍ അവര്‍ക്ക് എങ്ങനെ കടക്കാന്‍ കഴിഞ്ഞുവെന്നും രണ്ടു ദിവസം എങ്ങനെ അതിനകത്തു കഴിയാന്‍ സാധിച്ചുവെന്നുമുള്ള ചോദ്യങ്ങളും അവശേഷിക്കുന്നു. ഇപ്പോഴും അക്രമികള്‍ എത്ര പേരുണ്ട് എന്നും അവരെ മുഴുവനും കീഴ്‌പെടുത്താന്‍ കഴിഞ്ഞുവോ എന്നും വ്യക്തമല്ല.
സുരക്ഷാ സംവിധാനം അപ്പാടെ താറുമാറായിരുന്നു എന്നുതന്നെയാണ് ഇതു ദ്യോതിപ്പിക്കുന്നത്. പ്രതിരോധമന്ത്രി തന്നെ അക്കാര്യം സമ്മതിക്കുന്നു. ഈ വീഴ്ചയെപ്പറ്റിയാണ്, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതിനേക്കാളേറെ നമുക്ക് ആലോചിക്കാനുള്ളത്. ഇന്ത്യ-പാക് ബന്ധത്തില്‍ രാജ്യത്തിന് ഉണ്ടായിരിക്കേണ്ട ദിശാബോധവും നമ്മുടെ സുരക്ഷാജാഗ്രതയും രണ്ടും രണ്ടാണ്. ആക്രമണത്തിന്റെ പേരു പറഞ്ഞു സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയോ പാക് വിരോധം ആളിക്കത്തിക്കുകയോ അല്ല ചെയ്യേണ്ടത്. യുദ്ധത്തിനു വഴിയൊരുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇരുരാജ്യത്തുമുണ്ടാവും. അവരുടെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലായിരിക്കരുത് നമ്മുടെ പ്രതികരണം.
രാജ്യത്തിനു ഫലപ്രദമായ ഒരു ദേശീയ സുരക്ഷാനയം ഉണ്ടായിരിക്കുക എന്നത് തികച്ചും ആവശ്യമാണ്. ഓരോ ആക്രമണത്തിനു ശേഷവും നാം അതിന് ആവശ്യമായ സംവിധാനങ്ങളെപ്പറ്റി പറയും. അടുത്ത ആക്രമണം നടക്കുമ്പോഴാണ് വീണ്ടും അതേപ്പറ്റി ആലോചിക്കുക. നമ്മുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിഗൂഢമായാണ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും യാതൊരു സുതാര്യതയുമില്ല. മാത്രമല്ല, ആരാണ് അധികാരത്തില്‍ എന്നതനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതും. അതുമൂലം സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് എന്തു സംഭവിക്കുന്നു, അത് എത്രത്തോളം കാര്യക്ഷമമാണ് എന്നൊന്നും ആര്‍ക്കും അറിയില്ല. അന്വേഷണങ്ങളും പ്രതിരോധ സംവിധാനങ്ങളും കൃത്യവും ഫലപ്രദവുമാക്കുകയാണ് ദേശാഭിമാന പ്രചോദിതരായി ആവേശംകൊള്ളുന്നതിലേറെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss