|    Nov 19 Mon, 2018 9:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സുരക്ഷാവലയത്തില്‍ ശബരിമല നട തുറന്നു

Published : 6th November 2018 | Posted By: kasim kzm

ശബരിമല: കനത്ത സുരക്ഷാവലയത്തില്‍ ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇന്നലെ വൈകീട്ട് അഞ്ചിന് ശ്രീകോവില്‍ നട തുറന്നതോടെ സന്നിധാനം ശരണംവിളികളാല്‍ മുഖരിതമായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്.
സ്ത്രീപ്രവേശനത്തിന് സുപ്രിംകോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ സംഘപരിവാര സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുള്ളതിനാല്‍ പഴുതടച്ച സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പമ്പ മുതല്‍ സന്നിധാനം വരെ ഐജി എം ആര്‍ അജിത് കുമാറിനും നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഐജി മഹേഷ് യാദവിനുമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. ഇന്നലെ രാത്രി 10 വരെ ഭക്തര്‍ക്കു ദര്‍ശനം അനുവദിച്ചു. നട തുറന്നതിനു പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശി അഞ്ജു(30)വാണ് ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം എത്തിയത്.
നിലയ്ക്കലില്‍ ബസ്സിറങ്ങിയ ഇവരെ പോലിസ് സുരക്ഷയിലാണ് പമ്പയിലെത്തിച്ചത്. സന്നിധാനത്തെത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇവരുമായി ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് എത്തിയതെന്നും ദര്‍ശനം നടത്താന്‍ താല്‍പര്യമില്ലെന്നും യുവതി അറിയിച്ചതോടെ ഇവരെ തിരികെ സുരക്ഷിതമായി വീട്ടിലെത്തിക്കും.
അതിനിടെ, കുഞ്ഞിന്റെ ചോറൂണിന് പമ്പയിലെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ തീര്‍ത്ഥാടകര്‍ തടഞ്ഞു. ഇന്നലെ വൈകീട്ട് 5.45ഓടെ പമ്പ ഗണപതികോവിലിന് സമീപമെത്തിയ തൃശൂര്‍ സ്വദേശികളെയാണ് തടഞ്ഞത്. ഇന്നു രാവിലെ സന്നിധാനത്തേക്കു പോവാന്‍ അവസരമൊരുക്കാമെന്ന് പോലിസ് അറിയിച്ചു. ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.
അതിനിടെ, ചരിത്രത്തിലാദ്യമായി സന്നിധാനത്ത് വനിതാ പോലിസിനെയും വിന്യസിച്ചു. 50 വയസ്സു കഴിഞ്ഞ 15 പേരുടെ സംഘമാണ് സന്നിധാനത്തെത്തിയത്. ആട്ട ചിത്തിരയായ ഇന്നു രാവിലെ അഞ്ചിന് നട തുറക്കും. അത്താഴപൂജയ്ക്കുശേഷം പത്തുമണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss