|    Nov 21 Wed, 2018 5:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സുരക്ഷാക്രമീകരണങ്ങള്‍ മൂന്ന് ദിവസത്തേക്കു തുടരും: ഐജി

Published : 6th November 2018 | Posted By: kasim kzm

ശബരിമല: ശബരിമലയില്‍ യാതൊരു നിയന്ത്രണങ്ങളും പോലിസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഐജി എം ആര്‍ അജിത്കുമാര്‍. എന്നാല്‍, സുരക്ഷ ഉറപ്പാക്കുക പോലിസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്കു സുഗമമായി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും പോലിസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി 1000ത്തോളം പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മൂന്ന് ദിവസത്തേക്ക് തുടരുമെന്നും ഐജി പറഞ്ഞു.
എന്നാല്‍, പോലിസ് നിയന്ത്രണവും കെഎസ്ആര്‍ടിസി ബസ്സുകളുടെ കുറവും മൂലം ഇന്നലെ നിലയ്ക്കലെത്തിയ തീര്‍ത്ഥാടകര്‍ വലഞ്ഞു. ഇതേത്തുടര്‍ന്ന് ഏറെനേരം പ്രതിഷേധങ്ങളും അരങ്ങേറി. മണിക്കൂറോളം കാത്തുനിന്ന ശേഷം കുട്ടികളടക്കം ആയിരത്തിലേറെ പേര്‍ പമ്പയിലേക്കു നടന്നുപോയതിനു ശേഷമാണ് അധിക ബസ്സുകള്‍ ഏര്‍പ്പാടാക്കാന്‍ പോലിസ് തയ്യാറായത്. നടന്നുപോവുന്നവരെ എട്ടരയോടെ കടത്തിവിട്ട ശേഷം രാവിലെ 11നാണ് ബസ് സര്‍വീസ് ആരംഭിച്ചത്. നിലയ്ക്കലില്‍ നിന്ന് സ്വകാര്യ വാഹനങ്ങളൊന്നും പമ്പയിലേക്കു കടത്തിവിടുന്നില്ല. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരെ നിലയ്ക്കലില്‍ തടഞ്ഞ ശേഷം കെഎസ്ആര്‍ടിസി ബസ്സിലാണ് പമ്പയിലേക്കു കടത്തിവിടുന്നത്. എന്നാല്‍, 11നു പോയ ബസ്സുകള്‍ ഒരു മണിയായിട്ടും തിരികെയെത്താതെ വന്നതോടെ നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങി. ആകെ 17 ബസ്സുകളാണ് ഉണ്ടായിരുന്നത്. വന്‍തോതില്‍ തീര്‍ത്ഥാടകരെത്തിയതോടെ ബസ്സുകളില്‍ കയറിപ്പറ്റാനുള്ള ശ്രമവും ബഹളത്തിലേക്ക് നയിച്ചു. ഹോട്ടലുകളൊന്നുമില്ലാത്ത നിലയ്ക്കലില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വന്നതോടെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ 25 കിലോമീറ്റര്‍ ദൂരം നടന്നു പ്രതിഷേധിച്ചു. നാല് ഇടങ്ങളിലെ കര്‍ശന പരിശോധനയ്ക്ക് ശേഷമെ തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍ കടന്ന് പമ്പയിലെത്താനാവൂ. മണ്ഡലകാലത്ത് ഇതേ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ വലിയ പ്രതിസന്ധിയാവും അധികൃതരെ കാത്തിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss