|    Dec 11 Tue, 2018 4:57 pm
FLASH NEWS

സുരക്ഷയൊരുക്കാന്‍ 2700 പോലിസുകാര്‍

Published : 24th April 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി തൃശൂര്‍ റെയ്ഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍ ഐപിഎസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐജിയുടെ മേല്‍നോട്ടത്തില്‍ തൃശൂര്‍ സിറ്റി പോലിസ് മേധാവി രാഹുല്‍ ആര്‍ നായര്‍ ഐപിഎസ് ആണ് സുരക്ഷക്ക് നേതൃത്വം നല്‍കുന്നത്.
ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 29 ഡി വൈഎസ്പിമാരും 146 വനിതാ സിവില്‍ പോലിസ് ഉദ്യോഗസ്ഥകളും ഉള്‍പ്പടെ 2700 ല്‍ പരം പോലിസുകാരെ വിന്യസിക്കും. സുരക്ഷ കുറ്റമറ്റതാക്കുന്നതിന് വടക്കുംനാഥ ക്ഷേത്രത്തെ പ്രത്യേക സോണായും തേക്കിന്‍കാട് മൈതാനത്തെ അഞ്ച് സോണുകളായും തിരിച്ചിട്ടുണ്ട്. ഇതിനു പുറമെ, സ്വരാജ് റൗണ്ടിനെ നാല് സെഗ്‌മെന്റുകളായും എം ഒ റോഡ് മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വരെയുള്ള ഭാഗത്തെ പ്രത്യേക സെഗ്‌മെന്റായും തിരിച്ചു. സോണുകളും സെഗ്‌മെന്റുകളും ഓരോ ഡിവൈഎസ്പിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും. 750 ഓളം പോലിസുകാരെ ഇവിടെ വിന്യസിക്കും.
ക്രമസമാധാനം ഉറപ്പു വരുത്താന്‍ പ്രത്യേകം മൊബൈല്‍, ബൈക്ക് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തെ രണ്ട് ഭാഗങ്ങളായി തിരിച്ച് ഓരോ ഡിവൈഎസ്പിമാരാണ് ഇതിനു നേതൃത്വം നല്‍കുക. പൂരം നടക്കുന്ന സമയത്ത് നഗരാതിര്‍ത്തിക്ക് വെളിയില്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങളെ നേരിടുന്നതിനായി ഒളരി, പടിഞ്ഞാറെകോട്ട, വിയ്യൂര്‍ പവര്‍ ഹൗസ്, ഒല്ലൂക്കര, കുരിയച്ചിറ, ലുലു ജങ്ഷന്‍, കൂര്‍ക്കഞ്ചേരി എന്നിവിടങ്ങളില്‍ ഓരോ എസ് ഐമാര്‍ക്കു കീഴില്‍ 10 പോലിസുദ്യോഗസ്ഥന്മാരെ വലിയ വാഹനങ്ങള്‍ സഹിതം വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനമുണ്ടാകും.
സുരക്ഷാ ക്രമീകരണങ്ങളെ ഏകീകരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തേക്കിന്‍കാട് മൈതാനിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇതിന്റെ സംവിധാനം. പോലിസിന്റെ സേവനം ലഭിക്കുന്നതിനും വിവരങ്ങള്‍ അറിയുന്നതിനുമായി 0487 2422003, 9847199100, 7034 100100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
14 അംഗ ബോംബ് സ്‌ക്വാഡിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സിറ്റിയുടെ മുഴുവന്‍ ഭാഗവും നിരീക്ഷിക്കാന്‍ ശേഷിയുള്ള 90 ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്വരാജ് റൗണ്ടിലെയും തേക്കിന്‍കാട് മൈതാനിയിലെയും വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
പതിനാലു വയസ്സിനു താഴെയുള്ള കുട്ടികളെ തിരക്കില്‍പെട്ട് കാണാതായാല്‍ കണ്ടെത്തുന്നതിന് ഉപകരിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിറ്റി ടാഗ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും. കുട്ടികളുടെ കൈകളില്‍ ഇതു ബന്ധിക്കണം.
നഗര പരിധിയില്‍ ഹെലികോപ്ടര്‍ സര്‍വീസ് ഉണ്ടാകും. ഹെലികാം മുതലായ ഉപകരണങ്ങള്‍, പ്രത്യേക വാദ്യോപകരണങ്ങള്‍, എല്‍ ഇ ഡി ലേസര്‍ ലൈറ്റ്, നീളമേറിയ തരം ബലൂണുകള്‍ തുടങ്ങി ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.
ബലക്ഷയമുള്ളതായി കണ്ടെത്തിയ 84 കെട്ടിടങ്ങള്‍ക്കും മുകളിലേക്ക് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss