|    Mar 23 Thu, 2017 6:01 am
FLASH NEWS

സുരക്ഷയൊരുക്കാതെ സിറ്റി ഗ്യാസ് പദ്ധതി: കേരള ഗെയില്‍ ഗ്യാസിനു പകരം അദാനി എത്തി

Published : 14th March 2016 | Posted By: sdq

എം പി വിനോദ്

ഗെയിലിന്റെ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ ജനരോഷം ഉയര്‍ന്നപ്പോഴാണ് പൈപ്പ്‌ലൈന്‍ വഴി വീടുകളില്‍ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പ്രഖ്യാപിച്ചത്. ‘പൈപ്പ് വഴി കുറഞ്ഞ ചെലവില്‍ അടുക്കളയില്‍ പാചകവാതകം എത്തും. കുറഞ്ഞ വില നല്‍കിയാല്‍ മതി. ഇനി ഗ്യാസ് സിലണ്ടറിനായുള്ള കാത്തിരിപ്പ് വേണ്ട” തുടങ്ങിയ മോഹനവാഗ്ദാനങ്ങളായിരുന്നു ഗെയില്‍ അധികൃതര്‍ നല്‍കിയത്.
വാതക പൈപ്പ്‌ലൈന്‍ പോവുന്നിടത്തൊക്കെ വീടുകളില്‍ പൈപ്പ് വഴി പാചകവാതകം നല്‍കുമെന്നുകൂടി പ്രഖ്യാപിച്ച് പോസ്റ്റര്‍ പ്രചാരണവും നടത്തി. എന്നാല്‍, ഫെബ്രുവരി 20ന് കളമശ്ശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ കാന്റീന്‍ അടുക്കളയില്‍ അടുപ്പുകത്തിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തപ്പോഴാണ് സുരക്ഷയൊന്നും ഒരുക്കാതെ പ്രചാരണത്തിനായി നടത്തുന്ന തട്ടിപ്പാണ് ഇതെന്ന് തെളിഞ്ഞത്. കളമശ്ശേരി നഗരസഭയിലെ 10, 12 വാര്‍ഡുകളിലെ 250 വീടുകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കാന്റീനിലും മെസ് കാന്റീനിലും ആദ്യഘട്ടം പിഎന്‍ജി (പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ്) നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
സുരക്ഷയൊരുക്കാതെ പൈപ്പ് വഴി വീടുകളിലേക്കു പ്രകൃതിവാതകം നല്‍കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തുവന്നു. തുടര്‍ന്ന് സുരക്ഷ ബോധ്യപ്പെടുത്തിയിട്ടു മതി ഗ്യാസെന്ന് വീട്ടുകാര്‍ നിലപാടെടുത്തു. ഇതോടെ വീടുകളിലേക്കുള്ള പിഎന്‍ജി വിതരണം നിലച്ചിരിക്കുകയാണ്. സുരക്ഷ ശാസ്ത്രീയമായി ബോധ്യപ്പെടുത്താ ന്‍ പദ്ധതി നടപ്പാക്കുന്ന ഇന്ത്യ ന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്യാസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൈപ്പിടുന്നതും പരിശോധിക്കുന്നതും കണക്ഷന്‍ നല്‍കുന്നതുമെല്ലാം കരാറുകാരനാണ്. പിഴവുകള്‍ ഉണ്ടോ എന്നറിയാന്‍ സാങ്കേതികവിദഗ്ധരുടെയോ മറ്റ് ഏജന്‍സിയുടെയോ പരിശോധനപോലുമില്ല. ഗ്യാസ് ലീക്ക് ചെയ്താലും തീപ്പിടിത്തമുണ്ടായാലും സുരക്ഷയ്ക്കായുള്ള യാതൊരു ക്രമീകരണങ്ങളും ഒരുക്കാതെയാണ് കണക്ഷന്‍ നല്‍കിയിരിക്കുന്നത്.
അമ്പലമുകളിലൂടെയുള്ള ഗെയിലിന്റെ 24 ഇഞ്ച് വ്യാസമുള്ള വാതക പൈപ്പ് ലൈനില്‍നിന്ന് 1,000 മുതല്‍ 1,250 വരെ പിഎസ്‌ഐ മര്‍ദ്ദമുള്ള പ്രകൃതിവാതകമാണ് കളമശ്ശേരിയിലെ വാല്‍വ് ചേംബറിലെത്തിക്കുന്നത്. ഇതാണ് അവിടെനിന്ന് രണ്ടര ഇഞ്ച് വ്യാസത്തിലുള്ള പൈപ്പില്‍ 200 പിഎസ്‌ഐ മര്‍ദ്ദത്തില്‍ വീടുകളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള മദര്‍ ലൈനായി കൊണ്ടുപോവുന്നത്. ഇതില്‍നിന്നു മുക്കാല്‍ ഇഞ്ചില്‍ മര്‍ദ്ദം കുറച്ചാണ് വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നത്. പൈപ്പില്‍ ചോര്‍ച്ചയോ തീപ്പിടിത്തമോ ഉണ്ടായാല്‍ തടയാനുള്ള ഒരു മുന്‍കരുതലും സ്വീകരിച്ചിട്ടില്ലെന്നതാണ് ഞെട്ടിക്കുന്നത്.
പൈപ്പിലൂടെ തീ പടരുന്നത് തടയാനുള്ള ഫഌഷ് ബാക്ക് അറസ്റ്റര്‍, നോണ്‍ റിട്ടേണ്‍ വാള്‍വ് എന്നിവയൊന്നും സ്ഥാപിച്ചിട്ടില്ല. ഏതെങ്കിലുംതരത്തില്‍ പൈപ്പില്‍നിന്നു വാതകം ചോര്‍ന്നാല്‍ അത് ലീക്ക് ഡിറ്റക്റ്റിങ് സെന്‍സര്‍ വഴി അറിഞ്ഞ് കണ്‍ട്രോള്‍ റൂമില്‍ ഓട്ടോമാറ്റിക് വാള്‍വ് ബന്ധം വിച്ഛേദിച്ച് ഗ്യാസ് ചോരുന്നതും തീപടരുന്നതും തടയാനുള്ള മോട്ടോറൈസ്ഡ് വാള്‍വ് സംവിധാനവും ഒരുക്കിയിട്ടില്ല. ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ ഞങ്ങളെ ഫോണില്‍ വിളിച്ചാല്‍ വാള്‍വ് അടച്ചുകൊള്ളാമെന്നാണ് അധികൃതര്‍ പറയുന്നത്. തീ പടര്‍ന്നാല്‍ ഫോണ്‍ വിളിക്കാനുള്ള സാവകാശംപോലും ലഭിക്കില്ല. പൈപ്പിലൂടെ തീ പടരുന്നതു തടയാനുള്ള സുരക്ഷ ഒരുക്കാത്തതിനാല്‍ മദര്‍ ലൈന്‍ വഴി അമ്പലമുകളിലെ പ്രധാന വാതക പൈപ്പിലേക്ക് തീയെത്തിയാല്‍ സ്‌ഫോടനത്തില്‍ ഐഒസി പ്ലാന്റ് കത്തി കൊച്ചി തീക്കുണ്ഡമായി മാറും. ജനസാന്ദ്രതയേറിയ പ്രദേശത്ത് പതിനായിരങ്ങള്‍ക്കാണ് അപായമുണ്ടാവുക.
2014 ജൂണില്‍ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ മമിടികുദുരു ഗ്രാമത്തിലെ വാതക പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ 22 പേരാണ് വെന്തുമരിച്ചത്. വിജയവാഡയ്ക്കു സമീപമുള്ള കൊണ്ടപ്പള്ളി പവര്‍ പ്ലാന്റിലേക്ക് വാതകം കൊണ്ടുപോവുന്ന 18 ഇഞ്ച് പൈപ്പിലെ തീപ്പിടിത്തത്തില്‍ വിജനപ്രദേശമായതുകൊണ്ടാണ് ആളപായം കുറഞ്ഞത്. 2012 ആഗസ്ത് 27ന് കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ തീ പടര്‍ന്ന് വെന്തുമരിച്ചത് 20 പേരാണ്. കേവലം 18 ടണ്‍ പാചകവാതകം കൊണ്ടുപോവുന്ന ടാങ്കര്‍ അപകടത്തിലാണ് ഇത്രയും പേര്‍ മരിച്ചത്. എന്നാല്‍, പാചകവാതകത്തിന്റെ നൂറിരട്ടി സ്‌ഫോടനശേഷിയുള്ള 6,000 ടണ്‍ പ്രകൃതിവാതകം 88 കിലോഗ്രാം/സെ.മീ 2 പ്രഷറില്‍ കൊണ്ടുപോവുമ്പോള്‍ സ്‌ഫോടനമുണ്ടായാലുള്ള നാശനഷ്ടങ്ങള്‍ പ്രവചനാതീതവും അതിഭീകരവുമാവും.

കേരള ഗെയില്‍ ഗ്യാസ് കമ്പനി ആവിയായി; കേന്ദ്ര സര്‍ക്കാരിന് വേണ്ടി നഷ്ടം സഹിച്ചും
അദാനിയെത്തി
പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പ്രചാരണത്തിനായി പ്രഖ്യാപിച്ച സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്‌ഐഡിസി(കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍)യുമായി ചേര്‍ന്ന് ഗെയില്‍, കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നല്‍കിയിരുന്നു. ഗെയിലിനും കെഎസ്‌ഐഡിസിക്കും 50 ശതമാനം ഓഹരിയും ബാക്കി സ്വകാര്യ പങ്കാളിത്തവും ലക്ഷ്യമിട്ട സംയുക്തസംരംഭം 2011 ഡിസംബറിലാണ് ആരംഭിച്ചത്. 2,000 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. കൊച്ചിയില്‍ വീടുകളില്‍ പൈപ്പ് വഴി പാചകത്തിന് പ്രകൃതിവാതകം എത്തിക്കുക, സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിച്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ പ്രകൃതിവാതകത്തിലേക്കു മാറ്റുക തുടങ്ങിയവയായിരുന്നു ലക്ഷ്യമിട്ടത്. 2013 ഡിസംബറിലാണ് കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് പെട്രോളിയം-പ്രകൃതിവാതക റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയത്.
എന്നാല്‍, ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന് വന്‍ വിലയായതോടെ പദ്ധതി ലാഭകരമല്ലെന്ന വിലയിരുത്തലുണ്ടായി. ഇതോടെ കരാറില്‍ പങ്കെടുത്ത കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് അടക്കമുള്ള കമ്പനികള്‍ പിന്‍മാറി. താല്‍പര്യം പ്രകടിപ്പിച്ചുവന്ന ആറു കമ്പനികളില്‍ മൂന്നെണ്ണം ഒരേ നിരക്കാണ് കാണിച്ചത്. കേരള ഗെയില്‍ ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, സിനര്‍ജി സ്റ്റീല്‍ എന്നിവയാണ് ഒരേ നിരക്കു കാണിച്ചത്. ഇതോടെ പ്രതിസന്ധിയിലായ പദ്ധതി അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്‍എന്‍ജി അധികൃതരും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അദാനി രക്ഷയ്‌ക്കെത്തിയത്.
എറണാകുളം ജില്ലയിലെ വീടുകളില്‍ പിഎന്‍ജി(പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ്)യും വാഹനങ്ങള്‍ക്ക് സിഎന്‍ജിയും വ്യവസായസ്ഥാപനങ്ങള്‍ക്ക് പ്രകൃതിവാതകവും 3,504 സ്‌ക്വയര്‍ കിലോമീറ്ററില്‍ വിതരണം നടത്തുന്നതിന് അഞ്ചുവര്‍ഷത്തേക്ക് 435 കോടി രൂപയാണ് ഐഒസി അദാനി ഗ്യാസ് ചെലവിടുന്നത്. 40,700 വീടുകളില്‍ പൈപ്പ് വഴി പ്രകൃതിവാതകം നല്‍കുകയും വേണം. നഷ്ടം സഹിച്ച് പദ്ധതി ഏറ്റെടുക്കുന്നതിനാലാണ് ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിക്കുന്നതും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതുമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പരാതി.

(നാളെ: ജനങ്ങള്‍ക്കു വേണ്ടി വാതക പൈപ്പ്‌ലൈന്‍ തടഞ്ഞ് തമിഴ്‌നാട്; ജനങ്ങളെ മറന്ന് കേരളം)

(Visited 81 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക