|    Dec 13 Wed, 2017 4:53 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സുമനസ്സുകള്‍ക്ക് നന്ദി പറഞ്ഞ് പരമേശ്വരന്‍ നാട്ടിലേക്കു പറന്നു; മഴ നനയണം, പുഴയില്‍ മുങ്ങിക്കുളിക്കണം..

Published : 24th September 2016 | Posted By: SMR

ദോഹ:  ഖത്തറിന്റെ മരുഭൂമിയുടെ ചൂടില്‍ നാടു കാണാതെ 16 കൊല്ലം കഴിഞ്ഞ പരമേശ്വരേട്ടന് വിമാനം കയറുമ്പോള്‍ പറയാനുണ്ടായിരുന്ന ഏറ്റവും വലിയ ആഗ്രഹം നാട്ടിലെ പെരുമഴയൊന്ന് നനയണമെന്നതായിരുന്നു. പിന്നെ പുഴയിലൊന്ന് മുങ്ങി നിവരണം. ഇതു പറയുമ്പോള്‍ ദുരിത കാലം സമ്മാനിച്ച ദൈന്യതയ്ക്കു പകരം അദ്ദേഹത്തിന്റെ മുഖത്ത് സ്വപ്‌നങ്ങളുടെയും പുതുമോഹങ്ങളുടെയും പുഞ്ചിരിയുണ്ടായിരുന്നു.
അടുത്ത കൂട്ടുകാര്‍ പലരും മരിച്ചു പോയി. വീട്ടുകാരും മക്കളുമൊക്കെ എങ്ങനെയാണ് സ്വീകരിക്കുകയെന്ന ആശങ്കയുണ്ട്. നാട്ടിലെത്തിയാല്‍ ഉപജീവനത്തിന് ബാംഗ്ലൂരിലോ മറ്റോ പോണം. 18 കൊല്ലം മുമ്പ് ഭാര്യ മരിച്ചിരുന്നു. ഇത്രയും കാലം മക്കള്‍ക്ക് വേണ്ടി ജീവിച്ച തനിക്ക് അവസാന കാലത്ത് ഒരു കൂട്ടു വേണം- വിമാനത്താവളത്തിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ കൂടെയുണ്ടായിരുന്ന ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തകരോട് ആദ്ദേഹം ആഗ്രഹങ്ങള്‍ നിരത്തി.  2000ല്‍ ഖത്തറിലെത്തിയ പരമേശ്വരേട്ടന്‍ പിന്നീട് വിസ പുതുക്കാനാകാതെ ഖത്തറില്‍ കുടുങ്ങുകയായിരുന്നു. കഫ്റ്റീരിയകളിലും മറ്റു ജോലി നോക്കി കുടുംബം പോറ്റിയിരുന്ന അദ്ദേഹം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയാണ് നാട്ടിലേക്കു പോകുന്നത്.
ജന്മ നാടായ പാനൂര്‍ സെന്‍ട്രല്‍ പൊയ്‌ലൂരിലെ വീടിന്റെ രൂപം ഒരു മങ്ങിയ ചിത്രം പോലെ മനസ്സിലുണ്ട്. വീടിന് മുന്നില്‍ പുതുതായി ഒരു റോഡ് വന്നു. ചുറ്റുപാടുകള്‍ മാറിപ്പോയി. അതു കൊണ്ട് തന്നെ സ്ഥലം കണ്ടാല്‍ ഇപ്പോള്‍ തിരിച്ചറിയാനാവുമോ എന്നറിയില്ല. നേരിട്ട് കാണാത്ത ഏഴ് പേരക്കുട്ടികളുണ്ട്. അവര്‍ക്കൊക്കെ വേണ്ടി ചോക്കലേറ്റും മൂത്ത പേരക്കുട്ടിക്ക് അവന്റെ ആഗ്രഹ പ്രകാരം വാങ്ങിയ വാച്ചും പെട്ടിയിലുണ്ട്. പ്രതീക്ഷിച്ച സ്ഥലത്തു നിന്നൊന്നും തനിക്ക് സഹായം ലഭിച്ചിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിത വഴികളില്‍ കൂടി ഒരു പാട് സഹായം കിട്ടിയിട്ടുണ്ട്. ഇന്നലെ പോകാന്‍ നേരത്തും ഒരാള്‍ വന്ന് സാമ്പത്തിക സഹായം നല്‍കി.  പൊതുമാപ്പിന് നാട്ടിലേക്കു മടങ്ങുന്ന തനിക്ക് സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസക് നല്‍കിയ സഹായം ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകുന്നേരം 3.10ന് കോഴിക്കോട്ടേക്കുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ നാട്ടിലേക്കു മടങ്ങിയ അദ്ദേഹത്തെ യാത്ര അയക്കാന്‍ സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്‌ക് കേരള ഘടകത്തിന്റെ ചുമതലയുള്ള സുബൈര്‍ വല്ലപ്പുഴ, ഓഫിസ് സെക്രട്ടറി ഷൗക്കത്ത് നാദാപുരം, ഷക്കീല്‍ കണ്ണൂര്‍ എന്നിവര്‍ എത്തിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ മരുമക്കളെത്തുമെന്ന് പരമേശ്വരന്‍ പറഞ്ഞു.
എസ്ഡിപിഐ കോഴിക്കോട് ജില്ലാ ഭാരവാഹികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തുന്നുണ്ട്. സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌കിന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് 70516482, 33688941(വനിത ഹെല്‍പ്പ് ഡസ്‌ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക