|    Jul 28 Fri, 2017 12:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുബ്ഹാനിയെ വീട്ടിലെത്തിച്ച് എന്‍ഐഎ തെളിവെടുത്തു; വാഹനം തടയാന്‍ ആര്‍എസ്എസ് ശ്രമം

Published : 10th October 2016 | Posted By: SMR

subani

തൊടുപുഴ: ഐഎസിന്റെ വിദേശ ക്യാംപുകളില്‍ ആയുധ പരിശീലനം നേടിയെന്നാരോപണത്തെ തുടര്‍ന്നു പിടിയിലായ തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ സുബ്ഹാനി കാജ മൊയ്തീനെ(31) തെളിവെടുപ്പിനായി ദേശീയ അന്വേഷണ ഏജന്‍സി തൊടുപുഴയിലെ വീട്ടിലെത്തിച്ചു. ഇന്നലെ രാവിലെ 11നാണ് കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥരുടെ അഞ്ചംഗ സംഘം സുബ്ഹാനിയെ വീട്ടിലെത്തിച്ചത്. എന്‍ഐഎ-ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണു തെളിവെടുപ്പിനെത്തിച്ചത്.
തെളിവെടുപ്പിനുശേഷം മടങ്ങാനൊരുങ്ങിയ എന്‍ഐഎ സംഘത്തിന്റെ വാഹനം തടയാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. പോലിസ് വാഹനത്തിലും സ്വകാര്യ വാഹനത്തിലുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വീടിനു സമീപത്ത് വാഹനം പാര്‍ക്കു ചെയ്ത് സുബ്ഹാനിയെ അതില്‍ ഇരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ സുബ്ഹാനിയുടെ വീട്ടിലേക്കു പോയത്. ഇതിനുശേഷം സുബ്ഹാനിയുടെ രണ്ട് സഹോദരങ്ങളെ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.
പഠിച്ച സ്‌കൂള്‍, ജോലി ചെയ്ത കൊച്ചിയിലെ സ്ഥാപനം എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു. മൂന്നര വര്‍ഷമായി സുബ്ഹാനിയുമായി ഒരു ബന്ധവുമില്ലെന്നു സഹോദരങ്ങള്‍ എന്‍ഐഎയെ അറിയിച്ചു. ഇതിനിടെ സുബ്ഹാനിയെ കയറ്റിയ വാഹനത്തിനു സമീപം ജനങ്ങള്‍ തടിച്ചു കൂടിയതോടെ വാഹനം സമീപത്തെ കോംപൗണ്ടിലേക്കു മാറ്റി ഗേറ്റടച്ചു.
ഒരു മണിക്കൂര്‍ സമയം ബന്ധുക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം സുബ്ഹാനിയെ കൂട്ടിക്കൊണ്ടു വരാന്‍ ഡിവൈഎസ്പി നിര്‍ദേശിച്ചു. പിന്നീട് ഇയാളുടെ സാന്നിധ്യത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ മഹസറും തയാറാക്കി. സുബ്ഹാനിയെ വീടിനു പുറത്തേക്കിറക്കിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തി. ഈ സമയം തൊടുപുഴ കണ്‍ട്രോള്‍ റൂമിലെ എസ്‌ഐ ഉള്‍പ്പെടെ നാല്  ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. 15ല്‍പരം പ്രവര്‍ത്തകര്‍ സുബ്ഹാനിക്കെതിരേ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. ഇതിനിടെ, എന്‍ഐഎ-പോലിസ് ഉദ്യോഗസ്ഥര്‍ സുബ്ഹാനിയെ പോലിസ് വാഹനത്തില്‍ കയറ്റി. വാഹനം പുറത്തേക്കിറക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടയാനും ശ്രമിച്ചു. ഏറെ പണിപ്പെട്ടാണു ഇവരെ മാറ്റി പോലിസുദ്യോഗസ്ഥര്‍ വാഹനം പുറത്തിറക്കിയത്. ഉച്ചയ്ക്ക് 12.30ന് എന്‍ഐഎ സംഘം സുബ്ഹാനിയുമായി കൊച്ചിയിലേക്കു പോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക