|    Oct 21 Sun, 2018 10:53 pm
FLASH NEWS

സുബൈര്‍ ആയിഷയായി ; സ്ത്രീകളുടെ ഐഡിയുണ്ടാക്കി വാട്ട്‌സ് ആപ്പില്‍ കയറിയ വില്ലന്‍ പിടിയില്‍

Published : 14th September 2017 | Posted By: fsq

 

കാസര്‍കോട്: സ്ത്രീയുടെ പേരില്‍ ഐഡിയുണ്ടാക്കി സ്ത്രീകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കയറി സല്ലപിച്ച വിരുതനെ പോലിസ് പിടികൂടി. ബദിയടുക്ക ചെറൂണിയിലെ സുബൈര്‍ എന്ന യുവാവിനെയാണ് പോലിസ് പിടികൂടിയത്. ആറുമാസത്തോളമായി ആയിഷ എന്ന പേരില്‍ ഇശല്‍ നിലാവ്, കിനാവ് തുടങ്ങി സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പുകളില്‍ സുബൈര്‍ അംഗമാവുകയായിരുന്നു. സൗഹൃദം അതിരുവിട്ടപ്പോള്‍ പോലിസ് പിടിയിലുമായി. ഗ്രൂപ്പിലെ ഒരു സ്ത്രീയോട് സുബൈര്‍ ആയിഷയായി സ്ത്രീകളുടെ രഹസ്യകാര്യങ്ങള്‍ സംസാരിച്ചതോടെ സ്ത്രീക്ക് സംശയമുണ്ടാവുകയും ഇവര്‍ ഭര്‍ത്താവിനോട് വിവരം പറയുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസില്‍ പരാതി നല്‍കുകയും വിദ്യാനഗര്‍ സിഐ ബാബുപേരിങ്ങത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ പിടികൂടുകയുമായിരുന്നു. ഇരു ഗ്രൂപ്പുകളിലുമായി 200 ലധികം സ്ത്രീകളാണുള്ളത്. ഗ്രൂപ്പിന്റെ അഡ്മിന്‍ മലപ്പുറം സ്വദേശിനിയാണ്. ഈ ഗ്രൂപ്പിലെ ബദിയടുക്കയിലെ ഒരു മൊബൈല്‍ വ്യാപാരിയുടെ ഭാര്യയോടാണ് സുബൈര്‍ അശ്ലീലമായി സംസാരിച്ചത്. പോലിസ് അന്വേഷണത്തിനൊടുവില്‍ സുബൈര്‍ പിടിയിലാവുകയും അഡ്മിന്‍ ഉള്‍പെടെയുള്ളവരെ സിഐ ബൈബു പെരിങ്ങത്ത് വിവരമറിയിച്ചെങ്കിലും അവരൊന്നും കാര്യങ്ങള്‍ വിശ്വസിക്കാതിരുന്നതോടെ സിഐ സുബൈറുമൊന്നിച്ചുള്ള വീഡിയോ അയച്ചുകൊടുത്തതോടെയാണ് പലര്‍ക്കും ചതി മനസിലായത്. പലരോടും നഗ്‌നചിത്രങ്ങള്‍ അയക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടതായും ഇതിനു ശേഷം ചില ഗ്രൂപ്പ് അംഗങ്ങള്‍ പോലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ത്രീ താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഗര്‍ഭകാലത്ത് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ ക്ലാസാണ് ഇയാള്‍ നല്‍കിയതെന്ന് പോലിസ് പറഞ്ഞു. വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വിദ്യാര്‍ഥിനികളുമടങ്ങുന്ന ഗ്രൂപ്പില്‍ സുബൈര്‍ ആറു മാസത്തോളമായി ആയിഷയായി വിലസുകയായിരുന്നു. സ്ഥിരമായി ഗ്രൂപ്പില്‍ സജീവമാകാറുള്ള ആയിഷ സിനിമാതാരത്തിന്റെ ചിത്രമാണ് വാട്‌സ്ആപ്പില്‍ ഡിപിയായി നല്‍കിയത്. ആര്‍ക്കും സംശയമില്ലാത്ത സുബൈറിനെ യുവതിയുടെ ഭര്‍ത്താവ് പോലിസുമായി ചേര്‍ന്ന് തന്ത്രപരമായി കുടുക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss