|    Nov 20 Tue, 2018 5:48 am
FLASH NEWS
Home   >  Kerala   >  

സുപ്രീംകോടതി വിധി കണക്കിലെടുക്കാതെ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്

Published : 5th April 2018 | Posted By: G.A.G

തിരുവനന്തപുരം: കണ്ണൂര്‍- കരുണ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയ കേരളാ മെഡി. കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. സ്പീക്കര്‍ നിയമ വകുപ്പിന് കൈമാറിയ ബില്‍ ഗവര്‍ണറുടെ അനുമതിക്കായി  സമര്‍പ്പിച്ചു.
അതിനിടെ പ്രതിഷേധങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം, ബില്ലില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കോടതികളുമായി ഏറ്റമുട്ടലിനില്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2016 -17 ബാച്ചിലെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമവല്‍ക്കരിക്കുന്നതിനുള്ള ബില്‍ നിയമസഭ കഴിഞ്ഞ ദിവസമാണ് ഏകകണ്ഠമായി പാസാക്കിയത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയത്. കുട്ടികളുടെ ഭാവി ആലോചിച്ച് നിയമസഭ ഒറ്റക്കെട്ടായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളെ മാനേജ്‌മെന്റുകള്‍ വഞ്ചിച്ചതിനാലാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചൂ. കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തി. സഭയില്‍ ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷ നടപടിയില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി. സുപ്രീംകോടതി റദ്ദാക്കിയ ഓര്‍ഡിനന്‍സ് നേരത്തെ ഗവര്‍ണറുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചപ്പോള്‍ ആദ്യം ജസ്റ്റിസ് പി സദാശിവം ഒപ്പിടാതെ മടക്കിയിരുന്നു. ഓര്‍ഡിനന്‍സില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് മടക്കിയത്. കഴിഞ്ഞവര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നേരിട്ട് നടത്തിയ പ്രവേശനം മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ 150ഉം കരുണയില്‍ 30ഉം വിദ്യാര്‍ഥികളുടെ പ്രവേശനമാണ് റദ്ദായത്. ഈ നടപടി സുപ്രീം കോടതിയും ശരിവച്ചു. കരുണയില്‍ 30 വിദ്യാര്‍ഥികളെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ പകരം അലോട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് ഇക്കൊല്ലം പ്രവേശനം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇതു മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സും പിന്നാലെ ബില്ലും കൊണ്ടുവന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss