|    Jan 23 Mon, 2017 2:11 pm
FLASH NEWS

സുപ്രിം കോടതി വിധി പാലിച്ചില്ല: കോടതിയലക്ഷ്യം ഭയന്ന് അഭിഭാഷകര്‍ ഹാജരാവുന്നില്ല

Published : 8th October 2016 | Posted By: SMR

ഷാജി പാണ്ട്യാല

തലശ്ശേരി: കോടതിയലക്ഷ്യ നടപടി ഭയന്ന് സംസ്ഥാന സര്‍ക്കാരിനും പിഎസ്‌സിക്കും വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാവാതെ അഭിഭാഷകര്‍ വിട്ടുനില്‍ക്കുന്നതായി ആരോപണം. 1995ലെ വികലാംഗ സംരക്ഷണ നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ മൂന്നുശതമാനം വികലാംഗ സംവരണമാണ്. ഇത് നടപ്പാക്കാത്തതിനെതിരേ കണ്ണൂര്‍ ജില്ലയിലെ പി വി ബാബു സുപ്രിംകോടതിയില്‍ 4097/2016 നമ്പറില്‍ ഫയല്‍ ചെയ്ത സിവില്‍ ഹരജിയാണ് അവഗണിക്കപ്പെടുന്നത്.
വികലാംഗ സംരക്ഷണ നിയമത്തിലെ 32, 33, 34, 36 വകുപ്പുകള്‍പ്രകാരം 100 എണ്ണമുള്ള നിയമന രജിസ്റ്ററില്‍ 1, 34, 67 നമ്പറുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച് ബാക്ക്‌ലോഗ് ഒഴിവുകള്‍ നികത്തണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരിക്കെ ജസ്റ്റിസ് പി സദാശിവം ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്ത ഏത് ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതിയലക്ഷ്യമായി കണക്കാക്കി നടപടി സ്വീകരിക്കണമെന്നും 2013 ഒക്ടോബര്‍ 8നു പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  വിധി നടപ്പാക്കാനുള്ള സമയപരിധി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്തതാണ് തിരിച്ചടിയാവുന്നത്.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി വിവിധ തസ്തികകളിലേക്ക് ആളുകളെ തിരുകിക്കയറ്റാനുള്ള ചില ഉത്തരവുകളും ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്നതായി ആരോപണമുണ്ട്. ഇതുസംബന്ധിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും നിരവധി കേസുകളില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും പിഎസ്‌സി സെക്രട്ടറിയും സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിയും കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച ഫയല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സെക്രട്ടേറിയറ്റിലാണ്. പല കേസുകളിലും വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുന്നു. കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരാണെന്നു  ഇത് പിഎസ്‌സിയുടെ അധികാരപരിധിയില്‍പ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരും ഒഴിഞ്ഞുമാറുകയാണ്. കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കാനുള്ള ഉത്തരവാദിത്തം റസിഡന്റ് കമ്മീഷണര്‍ക്ക് ഉണ്ടെന്നിരിക്കെ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ വക്കീല്‍ ഹാജരാവാതിരിക്കുന്നത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക