|    Apr 25 Tue, 2017 4:15 am
FLASH NEWS

‘സുപ്രിംകോടതി വിധി ദേശീയഗാനത്തെ ആക്ഷേപിക്കുന്നതിന് തുല്യം’

Published : 2nd December 2016 | Posted By: SMR

കോഴിക്കോട്: സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നും ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന സുപ്രിംകോടതി വിധി ദേശീയഗാനത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്. വിനോദങ്ങള്‍ക്ക് വിലങ്ങണിയിക്കാനല്ല ദേശീയതയും ദേശീയഗാനവും ഉപയോഗിക്കേണ്ടത്. രാജ്യത്തിന്റെയും ജനങ്ങളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള കൂട്ടായ്മയ്ക്കാണ് അതുപയോഗിക്കേണ്ടത്. വിനോദ സമയങ്ങളില്‍ ദേശീയഗാനത്തെ അടിച്ചേല്‍പ്പിക്കുന്നതിലൂടെ സ്പര്‍ദയും സംഘര്‍ഷങ്ങളുമാണ് സംഭവിക്കുക. അതിനാല്‍തന്നെ ഈ വിധി ദേശീയതയെന്ന സങ്കല്‍പത്തിന്റെ അന്തസ്സത്തയെയാണ് ചോദ്യംചെയ്യുന്നത്.അടിച്ചേല്‍പ്പിക്കുന്നതിലൂടെയല്ല ദേശീയത സ്ഥാപിക്കേണ്ടത്. പൗരന്‍മാര്‍ക്ക് ക്ഷേമവും നീതിയും പ്രധാനംചെയ്യുന്ന രാഷ്ട്രസങ്കല്‍പത്തോട് ഉണ്ടാവേണ്ട പ്രത്യുപകാരമാണത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ആണ് ദേശീയതയെന്ന ആശയത്തിന്റെ ഫലമായി ഉണ്ടാവേണ്ടത്. എന്നാല്‍, ജീവിതപ്രതിസന്ധിയാണ് സുപ്രിംകോടതി ഉത്തരവിലൂടെ ഉണ്ടാവാന്‍ പോവുന്നത്. കള്ളപ്പണം തടയുക എന്ന ദേശീയ വികാരത്തിന്റെ മറപിടിച്ചാണ് നോട്ട് പിന്‍വലിക്കല്‍ തീരുമാനം മോദിസര്‍ക്കാര്‍ എടുത്തത്. നിഗൂഢതകള്‍ നിറഞ്ഞ ആ തീരുമാനം ജനങ്ങള്‍ക്കുണ്ടാക്കിയതിന് സമാനമായ പ്രതിസന്ധി തന്നെയായിരിക്കും ദേശീയഗാനത്തെ സംബന്ധിച്ച സുപ്രിംകോടതി വിധിയും ഉണ്ടാക്കുക.കോര്‍പറേറ്റ് പ്രീണനം, ദാരിദ്ര്യം, അവകാശ നിഷേധങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് രാജ്യം അഭിമുഖീകരിക്കുന്നത്. അത്തരം കാര്യങ്ങളില്‍ പരിഹാരം കാണുന്നതിനൊന്നുമില്ലാത്ത അമിതാവേശം കോടതിയുടെ സത്യസന്ധതയെ സംശയിക്കാനാണിടവരുത്തുകയെന്നും ഈ വിധി സുപ്രിംകോടതിതന്നെ തിരുത്താന്‍ തയ്യാറാവണമെന്നും റഊഫ് പ്രസ്താവനയില്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day