|    Feb 28 Tue, 2017 4:40 am
FLASH NEWS

സുപ്രിംകോടതി വിധി അപ്രായോഗികം

Published : 2nd December 2016 | Posted By: SMR

രാജ്യത്തെ സിനിമാശാലകളില്‍ ചലച്ചിത്ര പ്രദര്‍ശനത്തിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളില്‍ ദേശസ്‌നേഹവും ദേശീയബോധവും ഉണര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ് റോയി എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കുന്നത്. ദേശീയ ഗാനം ഉപയോഗിക്കുന്നതില്‍ വ്യക്തമായ മാര്‍ഗരേഖ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് വിധി.
സുപ്രിംകോടതി വിധിയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണുള്ളത്. കോടതി തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകരിക്കുന്നതായും അത് അനിവാര്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പ്രതികരിച്ചത്. എന്നാല്‍, നിരവധി ഭരണഘടനാ വിദഗ്ധര്‍ പ്രസക്തമായ വാദങ്ങളുമായി വിധി ചോദ്യം ചെയ്തിട്ടുണ്ട്. വിധി നടപ്പാക്കുന്നത് സിനിമാശാലകളുടെ ഉടമകള്‍ക്ക് അതീവ ദുഷ്‌കരമായിരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനാപരമായ ബാധ്യതയുടെ പരിധിക്കപ്പുറം കടന്ന കോടതിയുടെ നിയമനിര്‍മാണമാണ് ഈ വിധിയില്‍ ഉണ്ടായതെന്നു തുറന്നടിച്ച മുന്‍ അറ്റോര്‍ണി ജനറല്‍ സോളി ജെ സൊറാബ്ജി, ഏതൊരു മതവും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള മൗലികാവകാശത്തിനു നേരെ ഈ വിധിയുടെ ആഘാതവും പരിഗണിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാപരമായി രാജ്യസ്‌നേഹം അടിച്ചേല്‍പിക്കുന്നുവെന്നാണ് വിധിയെ ഭരണഘടനാ വിദഗ്ധനായ രാജീവ് ധവാന്‍ വിശേഷിപ്പിച്ചത്.
ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാകയും സ്‌ക്രീനില്‍ കാണിക്കണമെന്നും ആളുകള്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും നിര്‍ദേശിക്കുന്ന ഉത്തരവ്, ഭിന്നശേഷിക്കാര്‍ എഴുന്നേറ്റുനില്‍ക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. ചില കേന്ദ്രങ്ങളില്‍ ദേശീയ ഗാനം ആലപിക്കുന്ന രീതി ഇപ്പോള്‍ നിലവിലുണ്ട്. ഗോവയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്ന ഭിന്നശേഷിക്കാരനായ കലാകാരനു നേരെ ആക്രമണം നടന്നു.
മറ്റു നാടുകള്‍ക്കില്ലാത്ത സങ്കീര്‍ണ വ്യവസ്ഥകളാണ് ദേശീയ ചിഹ്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചു പോലും ഇന്ത്യയില്‍ ഉള്ളത്. ഓരോ ദേശീയ ദിനാഘോഷവേളകളിലും കേസുകള്‍ ഉണ്ടാവുന്നു. ഇനി സിനിമാശാലകളില്‍ ദേശീയ ഗാനം ആലപിക്കുന്നുണ്ടോ, ആ സമയത്ത് പ്രേക്ഷകര്‍ എഴുന്നേറ്റുനില്‍ക്കണമെന്ന നിര്‍ദേശം പാലിക്കുന്നുണ്ടോ, ദേശീയ ഗാനത്തിന്റെ മഹത്വം പരിപാലിക്കുന്നുണ്ടോ എെന്നാക്കെ നോക്കുന്നതിനും സംവിധാനം വേണ്ടിവരും. ആദരവ് വേണ്ടത്രയായോ എന്ന് ഉറപ്പുവരുത്താനും നിരീക്ഷിക്കണമെന്നുകൂടി ആവശ്യം ഉയരും.
വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതുപോലെ, കോടതിവിധി ഒട്ടും പ്രായോഗിക ബോധത്തോടെയുള്ളതല്ല. വിശ്വാസപരമായി ദേശീയ ഗാനം ആലപിക്കാത്ത യഹോവാസാക്ഷികളെ പോലും പരിഗണിച്ച വിധികളാണ് കേസുകളില്‍ സുപ്രിംകോടതി മുമ്പ് നല്‍കിയിട്ടുള്ളത്. ദേശീയതയും രാജ്യസ്‌നേഹവും മുളപ്പിക്കുന്നതിനുള്ള കൃത്രിമ നടപടികള്‍ ഫലം കാണില്ല. ഇത്തരം ഉത്തരവുകള്‍ തിരുത്താനുള്ള ആര്‍ജവം സുപ്രിംകോടതി കാണിക്കുമെന്നു പ്രതീക്ഷിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 155 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day