|    Dec 13 Thu, 2018 7:39 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സുപ്രിംകോടതി വിധികളില്‍ ആര്‍എസ്എസിന് ഇരട്ടത്താപ്പ്

Published : 25th November 2018 | Posted By: kasim kzm

കണ്ണൂര്‍: മുത്ത്വലാഖ് കേസില്‍ എല്ലാ പൗരന്മാരും സുപ്രിംകോടതി വിധി പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന നിലപാട് സ്വീകരിച്ച ബിജെപിയും ആര്‍എസ്എസും ശബരിമല വിധിയില്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ന്യൂനപക്ഷ സാംസ്‌കാരിക സമിതി കണ്ണൂര്‍ ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നടപ്പാക്കാന്‍ കഴിയുന്ന വിധി മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാന്‍ പാടുള്ളൂവെന്ന അമിത്ഷായുടെ പ്രസ്താവന നിസ്സാരമായി കാണരുത്. ബാബരി മസ്ജിദ് തകര്‍ത്തതും രാമക്ഷേത്ര നിര്‍മാണവും സുപ്രിംകോടതി പരിശോധിക്കാനിരിക്കുകയാണ്. വിധി എതിരായാല്‍ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമാണ് അമിത്ഷായുടെ പ്രസ്താവന.
ഇത്തരം സാഹചര്യത്തിലും കേരളത്തിലെ യുഡിഎഫും പ്രത്യേകിച്ച് മുസ്‌ലിംലീഗും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നതില്‍ അദ്ഭുതം തോന്നുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം. ശബരിമലയുടെ പേരില്‍ കേരളത്തെ തകര്‍ക്കാനുള്ള ബിജെപി അജണ്ട നടപ്പാക്കാനുള്ള അമിത്ഷായുടെ നിര്‍ദേശാനുസരണമല്ലേ കേന്ദ്രമന്ത്രിമാര്‍ വന്നത്. ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന സുപ്രിംകോടതി വിധി ലംഘിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വരുന്നത് ഗൗരവത്തോടെ കാണണമെന്നും വൃന്ദ പറഞ്ഞു.
അഡ്വ. വി ഫാത്തിമ വാഴയില്‍ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി, എംജി സര്‍വകലാശാല മുന്‍ പിവിസി ഡോ. ഷീനാ ഷുക്കൂര്‍, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം എന്‍ സുകന്യ, ജില്ലാ സെക്രട്ടറി എം വി സരള, മേയര്‍ ഇ പി ലത, ടി ഷബ്‌ന, ഒ വി ജാഫര്‍, എ എന്‍ ഷംസീര്‍ എംഎല്‍എ, എം ഷാജര്‍ സംസാരിച്ചു.
ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസയുടെ ഗാനമേള, കുട്ടികളുടെ ഒപ്പന, സ്വാഗതഗാനം എന്നിവയുണ്ടായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss