|    Mar 25 Sat, 2017 7:13 pm
FLASH NEWS

സുപ്രിംകോടതി ഉത്തരവ് നിരന്തര പോരാട്ടത്തിന്റെ ഭാഗിക വിജയം

Published : 1st July 2016 | Posted By: SMR

പി സി അബ്ദുല്ല

കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പിഡിപി ചെയര്‍മാന്‍ അൂബ്ദുന്നാസിര്‍ മഅ്ദനിക്ക് അനുകൂലമായി സുപ്രിംകോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് നിര്‍ണായകം. കേസില്‍ അറസ്റ്റിലായി ആറ് വര്‍ഷത്തിനു ശേഷമാണ് കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് സുപ്രിംകോടതി അനുമതി നല്‍കിയിരിക്കുന്നത്.
2010 ആഗസ്ത് 17നു അറസ്റ്റിലായതിനു ശേഷമുള്ള നിരന്തര നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് മഅ്ദനിക്ക് ഭാഗിക നീതിയെങ്കിലും ലഭ്യമാവുന്നത്. കര്‍ണാടകയിലെ ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ചികില്‍സയ്ക്കും മറ്റുമായി കേരളത്തില്‍ പോവണമെന്ന മഅ്ദനിയുടെ ആവശ്യം വിചാരണ കോടതിയും കര്‍ണാടക ഹൈക്കോടതിയും നിരസിക്കുകയായിരുന്നു. ബാംഗ്ലൂര്‍ കേസില്‍ അറസ്റ്റിലായ ശേഷം നേരത്തേ രണ്ട് തവണ ഇടക്കാല ജാമ്യത്തില്‍ മഅ്ദനി കേരളത്തില്‍ വന്നിട്ടുണ്ട്. അറസ്റ്റിലായ ഉടനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സമയത്ത് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും ആറ് മാസം മുമ്പ് മാതാപിതാക്കളെ കാണാനുമാണ് മഅ്ദനി കേരളത്തില്‍ വന്നത്.
തുടര്‍ചികില്‍സയ്ക്കായി കേരളത്തില്‍ പോവാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് മഅ്ദനി സുപ്രിംകോടതിയില്‍ പ്രധാനമായും ഉന്നയിച്ചത്. അതോടൊപ്പം ബാംഗ്ലൂര്‍ കേസില്‍ ഓരോ പ്രതികള്‍ക്കെതിരേയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മഅ്ദനി സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ഈ രണ്ട് കാര്യങ്ങളിലും വിചാരണ കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് നടപടി സ്വീകരിക്കാനാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ബാംഗ്ലൂര്‍ കേസില്‍ മഅ്ദനിക്ക് ജാമ്യം അനുവദിക്കരുതെന്ന കാര്യത്തില്‍ കര്‍ണാടകയിലെ കഴിഞ്ഞ ബിജെപി സര്‍ക്കാരിനെക്കാള്‍ കടുത്ത എതിര്‍പ്പാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതികളില്‍ ഉന്നയിച്ചത്.
ഭരണമാറ്റത്തോടെ മഅ്ദനിക്ക് നീതി ലഭ്യമാവുമെന്ന പ്രതീക്ഷകളെ അട്ടിമറിച്ച് അദ്ദേഹത്തിനെതിരേ കൂടുതല്‍ ശക്തമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിനെ കടത്തിവെട്ടി. മഅ്ദനിക്കെതിരേ വധശിക്ഷ പോലും ലഭിക്കാനുതകുന്ന തരത്തിലുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. കേരളത്തിലേക്ക് പോവാന്‍ അനുവദിച്ചാല്‍ മഅ്ദനി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന വാദവും കര്‍ണാടക സര്‍ക്കാര്‍ നേരത്തേ ഉന്നയിച്ചിരുന്നു.
ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കുടക് ഗൂഢാലോചന കേസില്‍ 31ാം പ്രതിയായാണ് മഅ്ദനിക്കെതിരേ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസ് ചുമത്തിയിട്ടുള്ളത്. ഇതിനകം നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ മലയാളികളടക്കമുള്ള ഇരുപതോളം സാക്ഷികളില്‍ പതിനെട്ട് പേരും പ്രോസിക്യൂഷന്‍ വാദങ്ങളെ വിചാരണ കോടതിയില്‍ നിഷേധിക്കുകയാണ് ചെയ്തത്. കുടകിലെ പ്രാദേശിക ആര്‍എസ്എസ് നേതാവടക്കം രണ്ട് പേര്‍ മാത്രമാണ് മഅ്ദനിക്കെതിരേ മൊഴി നല്‍കിയത്.
മഅ്ദനിക്കെതിരേ ചുമത്തിയ കേസ് വിചാരണയുടെ ഘട്ടത്തില്‍ ദുര്‍ബലമായതോടെ വിചാരണ അനന്തമായി നീട്ടി മഅ്ദനിയുടെ മോചനത്തിന് തടയിടുക എന്ന തന്ത്രമാണ് കര്‍ണാടക സര്‍ക്കാരും പ്രോസിക്യൂഷനും സ്വീകരിച്ചത്. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വിചാരണ പരപ്പന കോടതയില്‍ നിന്നും എന്‍ഐഎ കോടതിയിലേക്ക് മാറ്റിയെങ്കിലും കേസ് നടപടികള്‍ വൈകിപ്പിക്കുന്ന സമീപനമാണ് പ്രോസിക്യൂഷന്‍ തുടര്‍ന്നത്. വിചാരണക്കിടെ തുടക്കം മുതലുണ്ടായിരുന്ന പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ കേസ് മാറ്റിവച്ചതും വിചാരണ വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.

(Visited 178 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക