|    Oct 18 Thu, 2018 11:48 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സുപ്രിംകോടതിയുടെ വിവാദ വിധികള്‍

Published : 5th October 2018 | Posted By: kasim kzm

അബ്ദുള്ള പേരാമ്പ്ര

ഇന്ത്യന്‍ ഭരണഘടനയെ പൗരാവകാശങ്ങളുടെ കാവലാളായാണു ഗണിക്കപ്പെടുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പല കാലങ്ങളില്‍ ഭരണഘടന കാത്തുപോന്നിട്ടുണ്ട്. ഭരണകൂടം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചപ്പോഴെല്ലാം അതിനെ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടുവന്ന ചരിത്രം അതിനുണ്ട്. കഴിഞ്ഞ കുറേ കാലമായി ജനങ്ങള്‍ക്ക് വിശ്വാസത്തിലെടുക്കാന്‍ പറ്റിയ ഒരു സ്ഥാപനമാണ് സുപ്രിംകോടതി. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊലകള്‍ അരങ്ങേറിയപ്പോഴും കോടതിയാണ് ഇടപെട്ടു സംസാരിച്ചത്. അവിടെ ഭരണകൂടം നിഷ്പ്രഭമാവുന്നതു നാം കണ്ടു. അങ്ങനെയുള്ള കോടതിയാണ് ഈയടുത്തു തന്നെ ഒന്നിലേറെ വിഷയങ്ങളില്‍ ഇടപെട്ട് ഉത്തരവിറക്കി പൗരാവകാശത്തെയും മതപരമായ സ്വാതന്ത്ര്യത്തെയും ഹനിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിധികളായിരുന്നു വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ക്കുറ്റമല്ല എന്ന വിധിയും സ്വവര്‍ഗ ലൈംഗികതയെ അംഗീകരിച്ചുകൊണ്ടുള്ള വിധിയും. ഇവ രണ്ടും മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും അവരുടെ വിശ്വാസപ്രമാണങ്ങളെ അത്രമേല്‍ മുറിവേല്‍പിക്കുന്നതുമാണ്.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ക്കുറ്റമാണെന്നത് ഭരണഘടനാ ശില്‍പികള്‍ തന്നെ അക്കാലങ്ങളില്‍ തീര്‍പ്പുകല്‍പിച്ചതും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതുമാണ്. 158 വര്‍ഷം പഴക്കമുണ്ടതിന്. ഐപിസി 497ാം വകുപ്പ് പ്രകാരം വിവാഹേതര ലൈംഗികബന്ധം കുറ്റകരമാണ്. ആ നിയമമാണ് സുപ്രിംകോടതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള അഞ്ച് ജഡ്ജിമാരുടെ ഒരു ബെഞ്ചാണ് ഇന്ത്യന്‍ ചരിത്രത്തില്‍ വിവാദമായേക്കാവുന്ന ഈ തീരുമാനം കൈക്കൊണ്ടത്. ഇതിലൂടെ സുപ്രിംകോടതി ലക്ഷ്യമിടുന്നത് ആരെയാണ്? ഇതിനു പിറകില്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ ഉണ്ടോ? എന്നെല്ലാമുള്ള ചര്‍ച്ചകള്‍ വരാനിരിക്കുന്നതേയുള്ളൂ.
വിവാഹേതര ലൈംഗികബന്ധത്തെ അനുകൂലിക്കാത്തവര്‍ സ്ത്രീകളെ ലൈംഗിക ഉപകരണമായി മാത്രം കാണുന്നവരും അവളെ സ്വകാര്യ സ്വത്തായി പരിഗണിക്കുന്നവരുമാണെന്ന തീര്‍ത്തും വിചിത്രമായ ഒരു ന്യായമാണ് സുപ്രിംകോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഭര്‍ത്താവ് ഭാര്യയുടെ ഉടമയാണോ അല്ലയോ എന്ന തര്‍ക്കം കൂടി ഈ ഉത്തരവിലൂടെ സുപ്രിംകോടതി ഉന്നയിക്കുന്നുണ്ട്. കോടതിയുടെ നിരീക്ഷണപ്രകാരം ഭാര്യ ഒരിക്കലും തന്നെ ഭര്‍ത്താവിന്റെ കീഴിലല്ല. അവള്‍ക്ക് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ട്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കടന്നുകളയാനും ഏതുനേരത്തും വിവാഹമെന്ന ഉടമ്പടി റദ്ദ് ചെയ്യാനുമുള്ള അവകാശം സ്ത്രീകള്‍ക്കു പതിച്ചുനല്‍കുകയും ചെയ്യുന്നു.
മഹിതമായ ഒരു കുടുംബവ്യവസ്ഥ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ആണിക്കല്ലായി പ്രവര്‍ത്തിക്കുന്നുണ്ട്. അതു തികച്ചും തദ്ദേശീയവും പാശ്ചാത്യസംസ്‌കാരത്തിന്റെ ജീര്‍ണിച്ച കുടുംബവ്യവസ്ഥയുടെ നേര്‍വിപരീതവുമാണ്. ഇന്ത്യയിലെ മതങ്ങളെല്ലാംതന്നെ ഭാര്യാഭര്‍തൃബന്ധത്തെ പാവനമായി കാണുന്നു. മതസങ്കല്‍പപ്രകാരം ഭാര്യ ഭര്‍ത്താവിന് അധീതയല്ല. എന്നാല്‍, അവള്‍ അടിമയുമല്ല. സ്വതന്ത്രമായി കാര്യങ്ങളെ കാണാനും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഭാര്യക്ക് മതങ്ങള്‍ സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. എങ്കിലും പാശ്ചാത്യരാജ്യങ്ങളിലെ അതിരുകവിഞ്ഞ സ്വാതന്ത്ര്യത്തെ അതു വകവച്ചുകൊടുക്കുന്നുമില്ല. കോടതിയുടെ വിധിപ്രകാരം നാം പാവനമായി കാത്തുപോന്നിരുന്ന പല കുടുംബ സങ്കല്‍പങ്ങളും തകിടംമറിയുന്നു. വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ക്കുറ്റമായിരുന്നു മുമ്പ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് ഇതാണ് അനുവര്‍ത്തിക്കുന്നത്. ഈ നിയമപ്രകാരം പുരുഷന്‍ മാത്രമായിരുന്നു കുറ്റക്കാരന്‍.
വിവാഹബന്ധങ്ങളുടെ പരിശുദ്ധി എന്നത് ഭാര്യാഭര്‍തൃ ബന്ധങ്ങളുടെ പരിശുദ്ധിയാണ്. ഒരു സ്ത്രീ അന്യപുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഈ പരിശുദ്ധിയെ ഹനിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുരുഷന്‍ തന്റെ ഭാര്യയെ വഞ്ചിച്ച് മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിടുന്നതും അതുപോലെത്തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കുടുംബബന്ധത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതില്‍ രണ്ടുപേര്‍ക്കും തുല്യ പങ്കുണ്ട്. വിവാഹേതരബന്ധം ക്രിമിനല്‍ക്കുറ്റമല്ലാതാവുന്നതോടെ ഈ പരിശുദ്ധി ചോദ്യംചെയ്യപ്പെടുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളിലേക്കുള്ള കടന്നുകയറ്റം സ്ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി കോടതി നിരീക്ഷിക്കുന്നത് മഹനീയ കുടുംബ പൈതൃകത്തെ ചോദ്യംചെയ്യുന്നതായി മാറുന്നു.
ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും വിവാഹേതര ലൈംഗികബന്ധത്തെ അനുകൂലിക്കുന്നില്ല. മിക്ക രാജ്യങ്ങളിലും കടുത്ത ശിക്ഷ തന്നെ ഇത്തരം ലൈംഗിക വൈകൃതങ്ങള്‍ക്കു നല്‍കുന്നുണ്ട്. പുരോഗമനത്തിന്റെ പേരില്‍ ചില രാജ്യങ്ങളില്‍ ഇതു കുറ്റകരമല്ലെന്നത് നമ്മുടെ കുടുംബസങ്കല്‍പങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കാരണമല്ല. വിവാഹേതരബന്ധംകൊണ്ടു മാത്രമല്ല ദാമ്പത്യബന്ധങ്ങള്‍ തകരുന്നതെന്ന കോടതിയുടെ കണ്ടെത്തല്‍ ഒരു വാദത്തിന് അംഗീകരിച്ചുകൊടുക്കാമെങ്കിലും, ദാമ്പത്യത്തകര്‍ച്ചയ്ക്ക് മുഖ്യകാരണം വിവാഹബാഹ്യമായ ലൈംഗികബന്ധം തന്നെയാണ്. ഈയിടെ ദാമ്പത്യത്തകര്‍ച്ചയെ സംബന്ധിച്ചു നടത്തിയ ഒരു പഠനം ഇതിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്. ഇന്ത്യയില്‍ സംഭവിക്കുന്ന ദാമ്പത്യ അസ്വാരസ്യങ്ങളുടെ മൂലകാരണങ്ങളില്‍ മുഖ്യം പരപുരുഷബന്ധമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ തുല്യത എന്ന സങ്കല്‍പം ലൈംഗികാഭാസത്തിന്റെ ലൈസന്‍സായി മാറുന്നതെങ്ങനെയാണ്?
സ്വവര്‍ഗ ലൈംഗികതയും ഇന്ത്യയില്‍ ഇന്നു ചൂടുപിടിച്ച ഒരു സംവാദ വിഷയമായി മാറിക്കഴിഞ്ഞു. അതിനും നിമിത്തമായത് കോടതിയുടെ ഉത്തരവാണ്. സ്വവര്‍ഗ ലൈംഗികത, ലൈംഗിക പൈതൃകങ്ങളുടെ ലൈസന്‍സായിട്ടാണ് പല രാജ്യങ്ങളും സമീപിക്കുന്നത്. ചില പാശ്ചാത്യരാജ്യങ്ങള്‍ ഈയടുത്തകാലത്തു മാത്രമാണ് ഇതിനെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. അതുതന്നെ വര്‍ഷങ്ങളുടെ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു. സംസ്‌കാര സമ്പന്നരുടെയും മതമേലധികാരികളുടെയും എതിര്‍പ്പുകളെ മറികടന്നാണ് പല രാജ്യങ്ങള്‍ക്കും ഇതിനു നിയമപരിരക്ഷ നല്‍കാന്‍ കഴിഞ്ഞത്. അത്രമാത്രം എതിര്‍പ്പുകള്‍ സ്വവര്‍ഗരതിക്കെതിരായി ഉയര്‍ന്നുവന്നു. ഇന്ത്യ ഒഴികെയുള്ള പല രാജ്യങ്ങളിലും സ്വവര്‍ഗരതി ഇന്നും നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാണ്. എന്നിട്ടും കോടതി ഇതിനെ ശരിവയ്ക്കുകയും നമ്മുടെ കുടുംബ ബന്ധങ്ങള്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തു. സമത്വമെന്നത് ലൈംഗികസമത്വമാണെന്ന തെറ്റായ സൂചനകളാണ് ഇത് സാധാരണക്കാരില്‍ സംപ്രേക്ഷിക്കുന്നത്. ബഹുമാനപ്പെട്ട കോടതിക്ക് വീണ്ടുവിചാരമുണ്ടായാല്‍ അത്രയും നന്ന്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss