|    Nov 20 Tue, 2018 9:51 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സുപ്രിംകോടതിയുടെ ചില വിധികള്‍

Published : 5th November 2018 | Posted By: kasim kzm

പ്രഫ. ഓമാനൂര്‍ മുഹമ്മദ്

ചീഫ്ജസ്റ്റിസ് ദീപക് മിശ്ര നീതിപീഠത്തോട് വിടപറഞ്ഞത് ചരിത്രത്തില്‍ ഇടം പിടിക്കുന്ന സുപ്രധാനമായ ഏതാനും വിധികള്‍ പ്രസ്താവിച്ചുകൊണ്ടാണ്. നമ്മുടെ രാജ്യം മതങ്ങളുടെ നാടാണ്. മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സംസ്‌കാരങ്ങളും ധര്‍മനീതികളുമാണ് യുഗങ്ങളായി ഇന്ത്യന്‍ ജനത പിന്തുടര്‍ന്നുവരുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കുമ്പോള്‍ മതങ്ങള്‍ അനുശാസിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം കൊടുത്തുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ അതിന് രൂപം നല്‍കിയത്.
ഇന്ത്യയിലെ എല്ലാ മതങ്ങളും വിവാഹേതര ലൈംഗികബന്ധങ്ങളെ വ്യഭിചാരമായാണ് കാണുന്നത്. വ്യഭിചാരം ഒരു വലിയ കുറ്റമായാണ് സമൂഹം വിലയിരുത്തുന്നത്. എന്നാല്‍ ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യഭിചാരം കുറ്റകരമല്ലാതാക്കി. ദീപക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍കറും ഭരണഘടനയുടെ 497ാം വകുപ്പ് അനുസരിച്ച് ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം കൂറുപുലര്‍ത്തേണ്ടതാണ് എന്ന കാര്യം സമ്മതിക്കുകയുണ്ടായി. അതേസമയം, ഭാര്യയോ ഭര്‍ത്താവോ വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവരെ ക്രിമിനല്‍ കുറ്റവാളികളായി മുദ്രകുത്തുന്നത് ശരിയല്ലെന്ന് ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെടുന്നു.
ഭാര്യാഭര്‍ത്താക്കന്മാരില്‍ ആരെങ്കിലും വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്കു വേണമെങ്കില്‍ വിവാഹബന്ധം വിച്ഛേദിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 497ാം വകുപ്പ് വിവാഹിതയായ സ്ത്രീയെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തായിട്ടാണ് കാണുന്നതെന്നാണ് ജ. ചന്ദ്രചൂഡ് പറഞ്ഞത്.
ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനാണെന്ന സമീപനം തിരുത്തപ്പെടേണ്ടതാണ്. ഒരാളെ ഭര്‍ത്താവായി വരിച്ചുവെന്നതുകൊണ്ട് മരണം വരെ അയാളുമായി മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂവെന്നു ശഠിക്കുന്നതില്‍ അര്‍ഥമില്ലെന്നും, ഐപിസി 497ാം വകുപ്പ് പ്രതിലോമപരമാണെന്നും അതു സ്ത്രീയുടെ അന്തസ്സിനും ലിംഗസമത്വത്തിനും എതിരാണെന്നും ജസ്റ്റിസുമാര്‍ നിരീക്ഷിക്കുകയും അങ്ങനെ 497ാം വകുപ്പ് റദ്ദാക്കുകയും ചെയ്തു. വിവാഹബന്ധത്തിന്റെ പവിത്രത നിലനില്‍ക്കാന്‍ നിയമം നിലനില്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം ബെഞ്ച് തള്ളിക്കളഞ്ഞു.
കോടതികള്‍ക്ക് നിയമം നിര്‍മിക്കാനുള്ള അനുമതി നമ്മുടെ ഭരണഘടന നല്‍കുന്നില്ല. അത് പാര്‍ലമെന്റിന്റെയും അസംബ്ലികളുടെയും അവകാശമാണ്. ഭരണഘടനയനുസരിച്ച് വിധി പ്രസ്താവിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്. പക്ഷേ പലപ്പോഴും കോടതി നിയമം വ്യാഖ്യാനിക്കുന്നതിനു പകരം നിയമം നിര്‍മിക്കുന്നു. ഉത്തരാധുനിക കാഴ്ചപ്പാടില്‍ മുന്നോട്ടുനീങ്ങിയ കോടതി ഈ വിധി മൂലം ഉണ്ടാകാന്‍ പോകുന്ന കുടുംബ-സാമൂഹിക പ്രശ്‌നങ്ങളെ ശരിക്കും വിലയിരുത്തിയോ എന്നത് ഏറെ വിചിന്തനം അര്‍ഹിക്കുന്ന വസ്തുതയാണ്.
പക്ഷിമൃഗാദികളിലും സസ്യലതാദികളിലും പ്രത്യുല്‍പാദനം നടക്കുന്നുണ്ട്. അവയൊന്നും വിവാഹം കഴിക്കാറില്ല. അവയുടെ മാതൃക എന്തുകൊണ്ട് മനുഷ്യര്‍ക്കും പിന്തുടര്‍ന്നുകൂടാ എന്നു ചോദിക്കുന്നവര്‍ സമൂഹത്തിലുണ്ട്. അവര്‍ക്ക് ഭൂരിപക്ഷം ഇല്ലെന്നേയുള്ളൂ. വിവാഹം, കുടുംബജീവിതം എന്നൊക്കെ പറയുന്നത് മനുഷ്യനെ ചങ്ങലയ്ക്കിടാന്‍ ബൂര്‍ഷ്വാസി പടുത്തുയര്‍ത്തിയ മര്‍ദ്ദനോപാധികളാണെന്ന കാഴ്ചപ്പാട് ചിലരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ട്. വ്യഭിചാരം നിയമവിധേയമാക്കിയതിലൂടെ ഇത്തരം ചിന്താഗതികള്‍ക്ക് പുതിയ മാനം കൈവരുമോ എന്നാണ് ആശങ്കപ്പെടേണ്ടത്.
മുസ്‌ലിംകള്‍ക്കു പ്രാര്‍ഥിക്കാന്‍ പള്ളി വേണമെന്നില്ല എന്ന 1994ലെ വിധി പുനര്‍വിചിന്തനത്തിനു വിധേയമാക്കപ്പെടേണ്ടതുണ്ടെന്ന ജ. അബ്ദുല്‍ നസീറിന്റെ അഭിപ്രായം 2:1 അനുപാതത്തില്‍ കോടതി തള്ളിക്കളയുകയാണുണ്ടായത്. മുസ്‌ലിം ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ് പള്ളികള്‍. പള്ളികള്‍ പ്രധാനമായും നമസ്‌കാര നിര്‍വഹണത്തിനുള്ളതാണ്. അഞ്ചു നേരങ്ങളിലെ നമസ്‌കാരം പള്ളിയില്‍ വച്ച് കൂട്ടായി നമസ്‌കരിച്ചാല്‍ ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ 27 ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം എവിടെയെങ്കിലും വച്ചു നമസ്‌കരിച്ചാല്‍ മതിയാവില്ല. അതു നാട്ടിലെ പ്രധാന കേന്ദ്രത്തില്‍ വച്ചായിരിക്കണം നിര്‍വഹിക്കപ്പെടേണ്ടത്. ഈ പ്രധാന കേന്ദ്രം നാട്ടിലെ പ്രധാന പള്ളിയാണ്.
മുന്‍ ചീഫ്ജസ്റ്റിസിന്റെ വിടവാങ്ങല്‍ വിധി ഏറെ ശ്രദ്ധേയമാണ്. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ അതിന്റെ നഷ്ടപരിഹാരം പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്ത സംഘടനകളുടെ നേതാക്കളില്‍ നിന്നുതന്നെ ഈടാക്കണമെന്നും അത്തരം കേസുകളില്‍ നേതാക്കളെ 24 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയുണ്ടായി. നാശനഷ്ടത്തിനു തുല്യമായ തുകയോ അതിന് ആനുപാതികമായ ഈടോ നല്‍കിയാല്‍ മാത്രമേ കേസുകളില്‍ ഉപാധികളോടെ പോലും ജാമ്യം നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss