|    May 27 Sat, 2017 8:04 am
FLASH NEWS

സുപ്രിംകോടതിയില്‍ ഹാജരാവാന്‍ തയ്യാര്‍: ജസ്റ്റിസ് കട്ജു

Published : 20th October 2016 | Posted By: SMR

katju-03

ന്യൂഡല്‍ഹി: സൗമ്യ കേസ് വിധിയെ വിമര്‍ശിച്ചതിന് സുപ്രിംകോടതിയില്‍ ഹാജരാവാന്‍ സന്നദ്ധനാണെന്ന് സുപ്രിംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. എന്നാല്‍, സുപ്രിംകോടതി മുന്‍ ജഡ്ജിയെന്ന നിലയില്‍ കോടതിയില്‍ ഹാജരാവാന്‍ ഭരണഘടന 124(7) വകുപ്പനുസരിച്ച് തനിക്ക് സാധിക്കുമോ എന്ന കാര്യം സുപ്രിംകോടതി പരിശോധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
അടുത്ത മാസം 11നു നടക്കുന്ന സൗമ്യ കേസ് വിചാരണാവേളയില്‍ സുപ്രിംകോടതിയില്‍ ഹാജരാവാന്‍ കട്ജുവിനോട് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് മൂന്നു ദിവസം മുമ്പ് ആവശ്യപ്പെട്ടത്. സൗമ്യ കേസ് വിധിയില്‍ സുപ്രിംകോടതിക്ക് പിഴവു സംഭവിച്ചെന്നും വിധി പുനപ്പരിശോധിക്കണമെന്നും കട്ജു അഭിപ്രായപ്പെട്ടിരുന്നു. സുപ്രിംകോടതിയില്‍നിന്നു ഹാജരാവാനുള്ള നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ അനൗദ്യോഗികമായി വിവരം അറിയിച്ചിട്ടുണ്ട്. നിയമം അനുവദിക്കുകയാണെങ്കില്‍ തുറന്ന കോടതിയില്‍ ഹാജരാവാന്‍ തനിക്കു സന്തോഷമേയുള്ളൂ. എന്നാല്‍, ഭരണഘടനയിലെ 124(7) വകുപ്പില്‍ സുപ്രിംകോടതി മുന്‍ ജഡ്ജിമാര്‍ക്ക് രാജ്യത്തെ കോടതികളില്‍ ഹാജരാവുന്നതിനും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്.
അതിനിടെ, മാട്ടിറച്ചി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോഗില്‍ വിവാദപരമായ കുറിപ്പിട്ടതിന് അലഹബാദിലെ കോടതി കട്ജുവിന് നോട്ടീസയച്ചു. കുറിപ്പിലൂടെ കട്ജു ഭൂരിപക്ഷ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകന്‍ രാഗേഷ്‌നാഥ് പാണ്ഡെ സമര്‍പ്പിച്ച ഹരജിയിലാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ശുചി ശ്രീവാസ്തവ കട്ജുവിനു നോട്ടീസയച്ചത്. അടുത്ത മാസം 18നു കോടതിയില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day