|    Jan 17 Tue, 2017 6:38 pm
FLASH NEWS

സുപ്രധാന വിജിലന്‍സ് കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സുപ്രധാന വിജിലന്‍സ് കേസുകള്‍ അന്വേഷിക്കുന്ന ഡിവൈഎസ്പിമാരെ സര്‍ക്കാര്‍ സ്ഥലംമാറ്റിയത് വിവാദത്തില്‍. ടൈറ്റാനിയം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിക്കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണു സ്ഥാനചലനം. സോളാര്‍ കേസില്‍ ആരോപണവിധേയനായ ഡിവൈഎസ്പിക്കെതിരേ അന്വേഷണം നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥനെയും മാറ്റി.
കഴിഞ്ഞദിവസമാണ് ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റപ്പട്ടിക ആഭ്യന്തരവകുപ്പ് പുറത്തിറക്കിയത്. ഇതിലാണു പ്രമാദമായ കേസുകള്‍ അന്വേഷിക്കുന്നവരും ആരോപണവിധേയരായ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയില്‍ ത്വരിതപരിശോധന ആരംഭിച്ച വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി ആര്‍ മഹേഷിനെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായി നിയമിച്ചു.
ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിച്ചിരുന്ന വിജിലന്‍സ് പ്രത്യേക യൂനിറ്റിലെ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെ കോട്ടയം ഡിവൈഎസ്പിയായി മാറ്റം നല്‍കി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകള്‍ കണ്ടെത്തിയിരിക്കെയാണ് നടപടി. സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഹരികൃഷ്ണന്റെ അനധികൃത സ്വത്ത്‌സമ്പാദനത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച ഉദ്യോഗസ്ഥനും സ്ഥലംമാറ്റപ്പട്ടികയിലുണ്ട്. വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ സെല്‍ യൂനിറ്റ് ഡിവൈഎസ്പി കെ ആര്‍ വേണുഗോപാലനെ ആലുവയിലേക്കാണു മാറ്റിയത്.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വിചാരണ നേരിടുന്ന ടി അജിത്കുമാറിനെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയായി നിയമിച്ച് ക്രമസമാധാനച്ചുമതലയിലേക്കു കൊണ്ടുവന്നതും വിമര്‍ശനങ്ങള്‍ക്കു വഴിവയ്ക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിജിലന്‍സ് മേധാവിയായി നിയമിതനായ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം ചുമതല നല്‍കിയ ഉദ്യോഗസ്ഥരെയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
അഴിമതിക്കേസുകളില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജേക്കബ് തോമസ് അഴിച്ചുപണി നടത്തിയിരുന്നത്.
എന്നാല്‍, പുതിയ സ്ഥലംമാറ്റ നടപടിയിലൂടെ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുമോ എന്നാണു വിജിലന്‍സ് നേതൃത്വത്തിലെ ആശങ്ക. സ്ഥലംമാറ്റങ്ങള്‍ക്കു പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുകളും പോലിസ് അസോസിയേഷന്റെ സമ്മര്‍ദ്ദവുമുണ്ടെന്നാണ് ആക്ഷേപം. എന്നാല്‍, സ്വാഭാവിക സ്ഥലംമാറ്റമാണ് ഇതെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക